കോട്ടയം: കോട്ടയം ജില്ലയില്‍ ഓണക്കിറ്റ് വിതരണം നിര്‍ത്തിവെക്കാന്‍ സംസ്ഥാന സര്‍ക്കാരിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ജില്ലാ സപ്ലൈസ് ഓഫീസര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
എന്നാല്‍ സിവില്‍ സപ്ലൈസ് വകുപ്പ് വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് തിരിച്ച് കത്ത് നല്‍കി. സംസ്ഥാന വ്യാപകമായി നല്‍കുന്ന കിറ്റ് കോട്ടയത്ത് ഒഴിവാക്കുമ്പോഴുള്ള പ്രായോഗികത ചൂണ്ടിക്കാട്ടിയാണ് സിവില്‍ സപ്ലൈസ് വകുപ്പ് നോട്ടീസ് നല്‍കിയത്. വിഷയത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതികരണം ലഭ്യമായിട്ടില്ല.
സെപ്റ്റംബര്‍ എട്ടിനാണ് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുക. ഇപ്പോഴത്തെ നിര്‍ദേശം അനുസരിച്ച് ഇതിന് ശേഷമേ ജില്ലയില്‍ കിറ്റ് വിതരണം നടക്കുകയുള്ളു. അങ്ങനെയായാല്‍ ഓണത്തിന് ശേഷം മാത്രമെ കോട്ടയത്ത് കിറ്റ് നല്‍കാനാകൂ. എന്നാല്‍ തങ്ങളുടെ കത്തിന് അനുകൂല മറുപടിയുണ്ടാകുമെന്നാണ് സിവില്‍ സപ്ലൈസ് പ്രതീക്ഷിക്കുന്നത്.