ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുന്ന ഓരോ പാര്‍ട്ടിയുടെയും സ്റ്റാര്‍ ക്യാമ്പെയ്‌നര്‍മാര്‍ക്ക് അവശ്യമായ സുരക്ഷയൊരുക്കാന്‍ നിര്‍ദേശം നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഓരോ സംസ്ഥാനങ്ങളുടെയും ചീഫ് സെക്രട്ടറിമാര്‍ക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഓരോ സംസ്ഥാനത്തിലും ക്യാമ്പെയ്‌നിന് വേണ്ടി എത്തുന്ന സ്റ്റാര്‍ ക്യാമ്പെയ്‌നര്‍മാര്‍ക്ക് വേണ്ട സുരക്ഷയൊരുക്കേണ്ടത് ചീഫ് സെക്രട്ടറിമാരുടെ ചുമതലയാണെന്നും കമ്മീഷന്‍ വ്യക്തമാക്കുന്നു.
തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും ക്യാമ്പെയ്‌നെത്തുന്ന നേതാക്കള്‍ക്ക് സുരക്ഷാ ഭീഷണിയുണ്ടാവുന്നുണ്ടെന്നും അവരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചീഫ് സെക്രട്ടറിമാര്‍ക്കെഴുതിയ കത്തില്‍ വ്യക്തമാക്കുന്നു.
സ്റ്റാര്‍/ ലീഡ് ക്യാമ്പെയ്‌നര്‍മാര്‍ തെരഞ്ഞെടുപ്പിന്റെ പ്രധാനഘടകങ്ങളിലൊന്നാണെന്നും കമ്മീഷന്‍ കത്തില്‍ പറയുന്നു. എന്നാല്‍ എന്തിന്റെ അടിസ്ഥാനത്തിലാണ് അടിയന്തരമായി ഇത്തരത്തിലൊരു മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിരിക്കുന്നതെന്ന് കമ്മീഷന്‍ വ്യക്തമാക്കിയിട്ടില്ല.
തങ്ങള്‍ ഏതെല്ലാം സ്ഥലങ്ങളിലാണ് പ്രചരണപരിപാടികള്‍ നടത്താനുദ്ദേശിക്കുന്നത്, ഏതു വഴിയിലൂടെയാണ് പോകുന്നത് തുടങ്ങിയ കാര്യങ്ങള്‍ ക്യാമ്പെയ്‌നര്‍മാര്‍ പ്രസ്തുത ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറെ അറിയിക്കണമെന്നും കമ്മീഷന്‍ വ്യക്തമാക്കുന്നുണ്ട്.
ദിവസങ്ങള്‍ക്ക് മുന്‍പ്, ഉത്തര്‍പ്രദേശില്‍ പ്രചരണത്തിനെത്തിയ എ.ഇ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസിക്കെതിരായ വധശ്രമത്തിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത്തരമൊരു മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചതെന്നാണ് സൂചന. പ്രചരണത്തിനെത്തിയ ഉവൈസിക്കെതിരെ വെടിവെപ്പുണ്ടാവുകയായിരുന്നു.
പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ഹാപൂരില്‍ ദല്‍ഹിക്ക് സമീപമുള്ള ടോള്‍ പ്ലാസയിലാണ് സംഭവമുണ്ടായതെന്നും വെടിയുതിര്‍ത്തവര്‍ ആയുധങ്ങള്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
‘മീററ്റിലെ കിത്തൗറില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം ഞാന്‍ ദല്‍ഹിയിലേക്ക് പോകുകയായിരുന്നു. ഛജാര്‍സി ടോള്‍ പ്ലാസയ്ക്ക് സമീപം രണ്ട് പേര്‍ എന്റെ വാഹനത്തിന് നേരെ വെടിവെച്ചു. വെടിവെപ്പില്‍ കാറിന്റെ ടയറുകള്‍ പഞ്ചറായി. പിന്നീട് ഞാന്‍ മറ്റൊരു വാഹനത്തില്‍ കയറുകയായിരുന്നു,’ ഉവൈസി ട്വീറ്റ് ചെയ്തു.
कुछ देर पहले छिजारसी टोल गेट पर मेरी गाड़ी पर गोलियाँ चलाई गयी। 4 राउंड फ़ायर हुए। 3-4 लोग थे, सब के सब भाग गए और हथियार वहीं छोड़ गए। मेरी गाड़ी पंक्चर हो गयी, लेकिन मैं दूसरी गाड़ी में बैठ कर वहाँ से निकल गया। हम सब महफ़ूज़ हैं। अलहमदु’लिलाह। pic.twitter.com/Q55qJbYRih
ടോള്‍ പ്ലാസയില്‍ നിന്ന് ഒവൈസി ട്വീറ്റ് ചെയ്ത ദൃശ്യങ്ങളില്‍ അദ്ദേഹത്തിന്റെ എസ്.യു.വിയില്‍ രണ്ട് ബുള്ളറ്റുകള്‍ തറച്ചുകയറിയ പാടുണ്ട്. മൂന്നാമത്തെ ബുള്ളറ്റ് ടയറില്‍ തട്ടിയെന്നാണ് സൂചന.
ഫെബ്രുവരി 10ന് ആരംഭിക്കുന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായാണ് ഉവൈസി മീററ്റില്‍ എത്തിയത്.