മതസ്പര്‍ദ്ധ വളര്‍ത്തുന്ന പ്രസംഗം; പി.എസ് ശ്രീധരന്‍ പിള്ളയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
Kerala News
മതസ്പര്‍ദ്ധ വളര്‍ത്തുന്ന പ്രസംഗം; പി.എസ് ശ്രീധരന്‍ പിള്ളയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 25th April 2019, 9:14 pm

തിരുവനന്തപുരം: മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ പ്രസംഗിച്ച ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. നേരത്തെ ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിരുന്നു.

ആറ്റിങ്ങലിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ശ്രീധരന്‍ പിള്ള നടത്തിയ വര്‍ഗീയ പ്രസംഗവുമായി ബന്ധപ്പെട്ടാണ് പൊലീസ്  കേസെടുത്തത്. ബാലാക്കോട്ട് വിഷയത്തെക്കുറിച്ച് പ്രതിപാദിക്കുന്നതിനിടെയായിരുന്നു ശ്രീധരന്‍ പിള്ളയുടെ വിവാദ പരാമര്‍ശം.

സി.പി.ഐ.എം നേതാവ് വി. ശിവന്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ്  നടപടി. ശിവന്‍കുട്ടിയുടെ മൊഴി ആറ്റിങ്ങല്‍ പൊലീസ് രേഖപ്പെടുത്തിയിരുന്നു.

‘ജീവന്‍ പണയപ്പെടുത്തി വിജയം നേടുമ്പോള്‍, രാഹുല്‍ ഗാന്ധി, യെച്ചൂരി, പിണറായി എന്നിവര്‍ പറയുന്നത് അവിടെ മരിച്ചു കിടക്കുന്നവര്‍ ഏത് ജാതിക്കാരാ ഏത് മതക്കാരാ എന്ന് അറിയണമെന്നാണ്. ഇസ്ലാമാണെങ്കില്‍ ചില അടയാളമൊക്കെയുണ്ടല്ലോ. ഡ്രസ് എല്ലാം മാറ്റി നോക്കിയാലല്ലേ അറിയാന്‍ പറ്റുകയുള്ളു.’- എന്നായിരുന്നു ശ്രീധരന്‍ പിള്ള പറഞ്ഞത്.

ആരാണ് കള്ളം പറയുന്നത്? നരേന്ദ്ര മോദിയോ അതോ ബാങ്കുകളോ?; ചോദ്യവുമായി വിജയ് മല്യ
പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയെന്നോണം പുല്‍വാമയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ എത്രപേര്‍ കൊല്ലപ്പെട്ടെന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ശ്രീധരന്‍ പിള്ളയുടെ പരാമര്‍ശം.

എന്നാല്‍ മുസ്ലീങ്ങള്‍ക്കെതിരെയല്ല, ഇസ്ലാമിക ഭീകരര്‍ക്കെതിരെയാണ് താന്‍ പരാമര്‍ശം നടത്തിയതെന്നായിരുന്നു വിവാദത്തോട് പ്രതികരിച്ചുകൊണ്ട് ശ്രീധരന്‍പിള്ള പറഞ്ഞത്. താന്‍ മതസ്പര്‍ധയുണ്ടാക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ലെന്നും കുറ്റം ചെയ്തതായി കോടതി കണ്ടെത്തിയാല്‍ പൊതു ജീവിതം അവസാനിപ്പിക്കുമെന്നും പിള്ള പറഞ്ഞിരുന്നു.
DoolNews Video