ന്യൂദല്‍ഹി: സ്വന്തം നാട് വിട്ട് മറ്റു സംസ്ഥാനങ്ങളിലേക്ക് കുടിയേറിയവര്‍ക്കും രാജ്യത്ത് എവിടെയിരുന്നും വോട്ട് ചെയ്യാനുള്ള സംവിധാനം അവതരിപ്പിക്കാനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷന്‍.
ഇന്ത്യയില്‍ എവിടെയിരുന്നും സ്വന്തം മണ്ഡലത്തിലെ വോട്ട് രേഖപ്പെടുത്താനാണ് അവസരമൊരുങ്ങുന്നത്. പുതിയ നിര്‍ദേശം തെരഞ്ഞെടുപ്പ് കമ്മീഷന്‍ അടുത്ത മാസം 16ാം തീയതി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മുമ്പാകെ അവതരിപ്പിക്കും.
എട്ട് ദേശീയ പാര്‍ട്ടികളുടെയും 57 പ്രാദേശിക പാര്‍ട്ടികളുടേയും യോഗമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിച്ചത്. ഈ യോഗത്തില്‍ പുതിയ വോട്ടിങ് യന്ത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കും.
റിമോട്ട് വോട്ടിങ് മെഷീനുകള്‍ പരീക്ഷിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആലോചന. മറ്റ് സംസ്ഥാനങ്ങളിലേക്ക് കുടിയേറിയവര്‍ക്ക് സ്വന്തം സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായി മള്‍ട്ടി കോണ്‍സ്റ്റിറ്റിയുവന്‍സി പ്രോട്ടോടൈപ്പ് റിമോട്ട് ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ അഥവാ ആര്‍.വി.എം ആണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇപ്പോള്‍ വികസിപ്പിച്ചിരിക്കുന്നത്. ഒരേസമയം 72 മണ്ഡലങ്ങളിലെ വോട്ടുകള്‍ വരെ ഒറ്റ മെഷീനില്‍ രേഖപ്പെടുത്താനാകും.
ഇത് സംബന്ധിച്ച് രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താന്‍ ജനുവരി 31 വരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സമയം അനുവദിച്ചിട്ടുണ്ട്. ആഭ്യന്തര കുടിയേറ്റക്കാരുടെ നിര്‍വചനം, പെരുമാറ്റച്ചട്ടം നടപ്പാക്കുക, വോട്ടിങ്ങില്‍ സ്വകാര്യത ഉറപ്പാക്കുക, വോട്ടര്‍മാരെ തിരിച്ചറിയുക, വോട്ടെണ്ണല്‍ മുതലായ വെല്ലുവിളികള്‍ മറികടക്കുന്നതിനാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നത്.
യുവാക്കള്‍ വോട്ട് രേഖപ്പെടുത്തുന്നത് കുറഞ്ഞതോടെയാണ് ഇത്തരമൊരു നീക്കത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തുടക്കം കുറിച്ചതെന്ന് ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ രാജീവ് കുമാര്‍ പറഞ്ഞു.
രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലേക്ക് കുടിയേറിയവരുടെ കേന്ദ്രീകൃത വിവരങ്ങള്‍ ലഭ്യമല്ല എന്നതും പ്രധാന വെല്ലുവിളിയാണ്. എല്ലാവരുടെയും നിര്‍ദേശങ്ങള്‍ സ്വീകരിച്ച ശേഷം റിമോട്ട് വോട്ടിങ് നടപ്പാക്കുന്നതിലേക്ക് കടക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.
2019ലെ പൊതു തെരഞ്ഞെടുപ്പിലെ വോട്ടിങ് ശതമാനം 67.4 ആയിരുന്നു. 130 കോടിയിലധികം ജനങ്ങളുള്ള രാജ്യത്ത് മുപ്പത് കോടിയിലധികം പേരും തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കാളികളാകാത്തതിന് പ്രധാന കാരണങ്ങളിലൊന്ന് കുടിയേറ്റമാണെന്ന തിരിച്ചറിവില്‍ നിന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇത്തരമൊരു നടപടി.