| Thursday, 9th May 2019, 11:11 pm

മാധ്യമങ്ങള്‍ ദുര്‍വ്യാഖ്യാനിച്ചു; 20 ലക്ഷം ഇ.വി.എമ്മുകള്‍ കാണാതായെന്ന വാര്‍ത്ത ശരിയല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 20 ലക്ഷം വോട്ടിംഗ് യന്ത്രങ്ങള്‍ കാണാനില്ലെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഭാഗികമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നതെന്നും പല വിവരങ്ങളും കൃത്യമല്ലെന്നും ഫ്രണ്ട്ലൈനിന്റെ റിപ്പോര്‍ട്ട് തള്ളിക്കൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.

നിരവധി പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നായി ശേഖരിച്ച വിവരാവകാശ പ്രകാരമുള്ള റിപ്പോര്‍ട്ടുകളെ ദുര്‍വ്യാഖ്യാനിച്ചാണ് വാര്‍ത്തയുണ്ടാക്കിയതെന്നും വാര്‍ത്ത വസ്തുതാപരമല്ലെന്നും കമ്മീഷന്‍ കുറ്റപ്പെടുത്തി.

വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളുടെ അടിസ്ഥാനത്തില്‍ ഫ്രണ്ട്ലൈനാണ് ഇത് സംബന്ധിച്ച് വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവിട്ടത്.യന്ത്രങ്ങള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്റെയും ഇ.വി.എം വിതരണം ചെയ്ത സ്ഥാപനങ്ങളുടെയും കണക്കുകള്‍ തമ്മില്‍ 116 കോടി രൂപയുടെ പൊരുത്തക്കേടുകള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

മനോരഞ്ജന്‍ റോയ് എന്ന വിവരാവകാശ പ്രവര്‍ത്തകനാണ് അപേക്ഷ സമര്‍പ്പിച്ച് രേഖകള്‍ ശേഖരിച്ചത്. 1989 മുതല്‍ 2015 വരെയുള്ള കണക്കുകളാണ് വിവരാവകാശ നിയമപ്രകാരം ശേഖരിച്ചിരിക്കുന്നത്.

ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, ഇലക്ട്രോണിക് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ എന്നീ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപകരണങ്ങള്‍ വാങ്ങിയിരിക്കുന്നത്.

ഇതില്‍ ഭാരത് ഇലക്ട്രോണിക്സില്‍ നിന്ന് 19,69,932 ഇ.വി.എമ്മുകള്‍ ആണ് സപ്ലെ ചെയതതായി കണക്കുകള്‍ പറയുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കില് ഇത് 10,05,662 മാത്രമാണ്. ഇലക്ട്രോണിക് കോര്‍പ്പറേഷനില്‍ നിന്ന് 19,44,593 ഇ.വി.എം വാങ്ങിയതായാണ് കണക്ക്. എന്നാല്‍ 10,14,644 എണ്ണം വാങ്ങിയതായാണ് കമ്മീഷന്റെ കണക്ക്.

ഇ.വി.എം വാങ്ങിയതുമായി ബന്ധപ്പെട്ട് രണ്ട് കമ്പനികള്‍ക്കുമായി ആകെ 652.66 കോടി രൂപയാണ് ലഭിച്ചതെന്നാണ് കണക്ക്. എന്നാല്‍ കമ്മിഷന്റെ കണക്ക് പ്രകാരം ചെലവായത് 536 കോടിയാണ് ചിലവായത്. 116 കോടി രൂപയുടെ ക്രമക്കേടാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

സംസ്ഥാനങ്ങള്‍ക്ക് നല്‍കിയതും തിരിച്ചുവാങ്ങിയതുമായുള്ള കണക്കിലും തെരഞ്ഞെടുപ്പ് കമ്മീഷന്റെ കൈയ്യില്‍ കണക്കുകള്‍ ഇല്ല. കേടായ യന്ത്രങ്ങളുടെയും കാലാവധി കഴിഞ്ഞതിനും ഇതുതന്നെയാണ് അവസ്ഥ.

സംഭവത്തില്‍ ബോംബെ ഹൈക്കോടതിയില്‍ മനോരഞ്ജന്‍ റോയ് കേസ് ഫയല്‍ ചെയ്തു. തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് കോടതി നോട്ടീസ് അയച്ചെങ്കിലും കൃത്യമായ മറുപടി ലഭിച്ചിട്ടില്ല. കേസ് ജൂലായ് 17 ന് വീണ്ടും പരിഗണിക്കും.

We use cookies to give you the best possible experience. Learn more