| Tuesday, 11th October 2022, 7:59 am

ശിവസേന ഇനി 'ആളിക്കത്തും'; ചിഹ്നം പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ഉദ്ധവ് തക്കറെയുടെ ശിവസേന വിഭാഗത്തിന്റെ ചിഹ്നം പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. തീപ്പന്തമാണ് തക്കറെ വിഭാഗത്തിന്റെ ചിഹ്നം. ചിഹ്നത്തോടൊപ്പം പേരും തെരഞ്ഞെടുപ്പ് കമ്മീഷൻ മരവിപ്പിച്ചിരുന്നു. ശിവസേന (ഉദ്ധവ് ബാല സാഹേബ് താക്കറെ) എന്നാണ് താക്കരെ വിഭാഗത്തിന്റെ പുതിയ പേര്.

അതേസമയം, ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിന് ചിഹ്നം നൽകിയിട്ടില്ല. ചിഹ്നമായി ത്രിശൂലവും, ഉദയ സൂര്യനും, ഗദയുമായിരുന്നു ഷിൻഡെ വിഭാഗം ആവശ്യപ്പെട്ടത്.

എന്നാൽ മതപരമായ കാരണങ്ങളാൽ ഇത് അനുവദിക്കാനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. പുതിയ ചിഹ്നം ചൊവ്വാഴ്ച രാവിലെ 11 മണിക്ക് മുമ്പായി സമർപ്പിക്കണമെന്നും കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്.

ബാലസാഹേബാൻജി ശിവസേന എന്ന പേരാണ് ഷിൻഡേ നയിക്കുന്ന ശിവസേന വിഭാഗത്തിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചത്. ചിഹ്നത്തിലും പേരിലും ഇരു വിഭാഗങ്ങളും അവകാശം ഉന്നയിച്ചിട്ടുള്ളതിനാൽ, അന്തിമ തീർപ്പുണ്ടാകുന്നതു വരെ ഈ നില തുടരുമെന്ന് കമ്മീഷൻ വ്യക്തമാക്കി.

ഇതോടെ വരാനിരിക്കുന്ന അന്ധേരി ഈസ്റ്റ് ഉപതെരഞ്ഞെടുപ്പിൽ താക്കറെ – ഷിൻഡെ വിഭാഗങ്ങൾ പുതിയ പേരും ചിഹ്നവും ഉപയോഗിച്ചാകും കളത്തിൽ ഇറങ്ങുക.

അതേസമയം, ചിഹ്നം മരവിപ്പിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ചോദ്യം ചെയ്ത് ഉദ്ധവ് താക്കറെ കോടതിയെ സമീപിച്ചിട്ടുണ്ട്. കമ്മീഷൻ ഉത്തരവിനെതിരെ ദൽഹി ഹൈക്കോടതിയെയാണ് താക്കറെ സമീപിച്ചത്.

ശിവസേനയുടെ ചിഹ്നമായ അമ്പും വില്ലും തങ്ങൾക്ക് അനുവദിക്കണമെന്ന് നേരത്തെ ഷിൻഡെ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഉദ്ധവിനോട് കമ്മീഷൻ മറുപടി ആവശ്യപ്പെട്ടു. ഷിൻഡെ പക്ഷം സ്വമേധയാ പാർട്ടി വിട്ടതാണെന്നും അവർക്ക് പാർട്ടി ചിഹ്നത്തിൽ അവകാശവാദം ഉന്നയിക്കാനാകില്ലെന്നും ഉദ്ധവ് തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിരുന്നു.

ഇരു വിഭാഗവും അവകാശം ഉന്നയിച്ചതിനെ തുടർന്നാണ് പേരും ചിഹ്നവും കമ്മീഷൻ മരവിപ്പിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി അനീതിയാണെന്നായിരുന്നു ഉദ്ധവ് തക്കറെയുടെ പ്രതികരണം. എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി സ്വീകാര്യമെന്നായിരുന്നു ഷിൻഡെയുടെ വാദം.

നവംബർ മൂന്നിനാണ് അന്ധേരി ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ശിവസേനയുടെ പിളർപ്പിന് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. മുൻപ് അന്ധേരിയുടെ എം.എൽ.എയായിരുന്ന രമേഷ് ലട്കെയുടെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചത്. മരിച്ച എം.എൽ.എയുടെ ഭാര്യ റുതുജ ലട്‌കെയായിരിക്കും ശിവസേനയുടെ സ്ഥാനാർത്ഥി.

അതേസമയം താക്കറെ വിഭാ​ഗത്തിന് തെരഞ്ഞെടുപ്പിൽ പിന്തുണയറിയിച്ച് കോൺ​ഗ്രസ് രം​ഗത്തെത്തിയിരുന്നു.

2019ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമായിരുന്നു ശിവസേന, എൻ.സി.പി, കോൺഗ്രസ് എന്നീ പാർട്ടികൾ ചേർന്ന് മഹാ വികാസ് അഘാഡി (എം.വി.എ) രൂപീകരിച്ചത്. ബി..ജെ.പിയെ അധികാരത്തിൽ നിന്ന് അകറ്റി നിർത്താനായിരുന്നു സഖ്യസർക്കാർ രൂപീകരിച്ചത്. 2019ലെ മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ തകർത്ത് അധികാരത്തിലെത്തിയതായിരുന്നു മഹാവികാസ് അഘാഡി സർക്കാർ. ശിവസേന-ബി.ജെ.പി സഖ്യത്തിൽ നിന്ന് പിന്മാറിയാണ് ശിവസേന കോൺഗ്രസ്-എൻ.സി.പി സഖ്യത്തിൽ ചേരുന്നതും മഹാവികാസ് അഘാഡി സർക്കാർ രൂപീകരിക്കുന്നതും.

2019ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയോടൊപ്പമായിരുന്ന ശിവസേന ആഭ്യന്തര തർക്കങ്ങളെ തുടർന്നാണ് സഖ്യത്തിൽ നിന്നും പിന്മാറിയത്.

Content Highlight: Election commission declared the new symbol for Uddhav thackeray led shivsena, shinde symbol still unanswered

We use cookies to give you the best possible experience. Learn more