| Friday, 14th October 2022, 3:44 pm

ഗുജറാത്തിന്റെ തീയതി പ്രഖ്യാപിക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍; ഹിമാചലിൽ വോട്ടെടുപ്പ് നവംബറിൽ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. നവംബല്‍ 12നായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക. ഗുജറാത്തിന്റെ തെരഞ്ഞെടുപ്പ് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപനം നടത്തിയിട്ടില്ല.

ഒറ്റഘട്ടമായായിരിക്കും ഹിമാചലില്‍ തെരഞ്ഞെടുപ്പ് നടക്കുക. ഒക്ടോബര്‍ 25 നായിരിക്കും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. ഡിസംബര്‍ എട്ടിനായിരിക്കും വോട്ടെണ്ണല്‍ നടക്കുക.

2023 ഫെബ്രുവരി 18നാണ് ഗുജറാത്ത് സര്‍ക്കാരിന്റെ കാലാവധി കഴിയുക. 2023 ജനുവരി എട്ടിന് ഹിമാചല്‍ പ്രദേശിന്റെ കാലാവധിയും അവസാനിക്കും. 55,07,261 വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്.

കൊവിഡ് മാനദണ്ഡം പാലിച്ചായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക എന്നും കമ്മീഷന്‍ അറിയിച്ചു. വോട്ടിങ് ശതമാനം ഉയര്‍ത്താന്‍ നടപടിയെടുക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.

80 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും, കൊവിഡ് ബാധിതര്‍ക്കും രോഗികള്‍ക്കും വേണ്ടി പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. വോട്ട് രേഖപ്പെടുത്താന്‍ എത്താന്‍ സാധിക്കാത്ത പക്ഷം ഉദ്യോഗസ്ഥര്‍ വോട്ടര്‍മാരുടെ വീട്ടുകളില്‍ പോയി വോട്ട് ശേഖരിക്കും. ഇതിന്റെ സുതാര്യത ഉറപ്പാക്കാന്‍ വോട്ട് ചെയ്യുന്നത് വീഡിയോയായി പകര്‍ത്തുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

തെരഞ്ഞെടുപ്പു തയ്യാറെടുപ്പുകള്‍ അവലോകനം ചെയ്യുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ നേരത്തെ സന്ദര്‍ശിച്ചിരുന്നു.

ഗുജറാത്തില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുമായും ദേശീയ പാര്‍ട്ടി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

1957 മുതല്‍ 13 നിയമസഭാ തെരഞ്ഞെടുപ്പുകളാണ് ഹിമാചലില്‍ ഇതുവരെ നടന്നിട്ടുള്ളത്. കോണ്‍ഗ്രസ് എട്ട് തവണയും, ബി.ജെ.പി നാലു തവണയും സംസ്ഥാനം ഭരിച്ചിട്ടുണ്ട്. 1977-82 കാലഘട്ടത്തില്‍ ജനതാപാര്‍ട്ടി സര്‍ക്കാരും സംസ്ഥാനം ഭരിച്ചിരുന്നു.

1995 മുതല്‍ 27 വര്‍ഷക്കാലമായി തുടര്‍ച്ചയായി ബി.ജെ.പിയാണ് ഗുജറാത്തില്‍ ഭരിക്കുന്നത്. കോണ്‍ഗ്രസും ബി.ജെ.പിയും ആറ് തവണ സര്‍ക്കാരുണ്ടാക്കിയപ്പോള്‍ ജനതാദള്‍ സഖ്യസര്‍ക്കാര്‍ ഒരു തവണയും സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്.

Content Highlight: Election commission declared gujarat and himachal poll dates

Latest Stories

We use cookies to give you the best possible experience. Learn more