ന്യൂദല്‍ഹി: രാജ്യത്തെ ആറ് രാജ്യസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് അടുത്ത മാസം അഞ്ചിന് നടക്കും. ഗുജറാത്ത്, ബീഹാര്‍, ഒഡിഷ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള രാജ്യസഭാ സീറ്റുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ആറില്‍ മൂന്ന് സീറ്റുകളും ഒഡിഷയിലാണ്. രണ്ട് സീറ്റുകള്‍ ഗുജറാത്തിലും ഒരു സീറ്റ് ബീഹാറിലുമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇവിടങ്ങളില്‍ നിന്നുള്ള രാജ്യസഭാ എം.പിമാര്‍ വിവിധ മണ്ഡലങ്ങളില്‍ നിന്ന് ജയിച്ച് കയറിയ സാഹചര്യത്തിലാണ് വീണ്ടും തെരഞ്ഞെടുപ്പ് നടത്തുന്നത്.
കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രവി ശങ്കര്‍ പ്രസാദ്, സ്മൃതി ഇറാനി എന്നിവര്‍ ഒഴിഞ്ഞ സീറ്റുകള്‍ ഇതില്‍ ഉള്‍പ്പെടും.
നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയ്യതി ജൂണ്‍ 25 ആണ്. ജൂലൈ അഞ്ചിന് വൈകിട്ട് അഞ്ച് മണി വരെയാണ് വോട്ടെടുപ്പ്.
ജൂലൈ ഒന്‍പതിന് മുന്‍പ് ഉപതെരഞ്ഞെടുപ്പിന്റെ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.അന്നേ ദിവസം തന്നെ വോട്ടെണ്ണലും നടത്തും.