തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തെരെഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടിക ചോര്‍ത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതി. കമ്മീഷന്റെ പരാതിയില്‍ ക്രൈംബ്രാഞ്ച് കേസെടുത്തു. ഐ.ടി. നിയമത്തിലെ വിവിധ വകുപ്പുകളും ഗൂഢാലോചന, മോഷണക്കുറ്റം എന്നീ കുറ്റങ്ങളും കേസില്‍ ചുമത്തിയിട്ടുണ്ട്. തിരുവനന്തപുരം യൂണിറ്റ് എസ്.പി. ഷാനവാസാണ് കേസ് അന്വേഷിക്കുക.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലെ ലാപ്‌ടോപ്പില്‍ സൂക്ഷിച്ചിരുന്ന 2.67 കോടി വോട്ടര്‍മാരുടെ വിവരങ്ങള്‍ ചോര്‍ന്നുവെന്നാണ് പരാതിയിലുള്ളത്. ജോയിന്റ് ചീഫ് ഇലക്ട്രല്‍ ഓഫീസറാണ് പരാതി നല്‍കിയത്.
അതേസമയം, കേസ് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയിലേക്ക് എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. തനിക്ക് വിവരങ്ങള്‍ കിട്ടിയത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ നിന്നാണെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നെന്നുമാണ് വിഷയത്തില്‍ രമേശ് ചെന്നിത്തലയുടെ ആദ്യ പ്രതികരണം.
നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് കേരളത്തിലെ വോട്ടര്‍പട്ടിക അബദ്ധമാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. ഒരേ വോട്ടര്‍മാര്‍ക്ക് പല മണ്ഡലങ്ങളില്‍ വോട്ടുള്ളതായി ചെന്നിത്തല പറഞ്ഞിരുന്നു. ആകെ 1,09,693 അധിക വോട്ടുകള്‍ ഉണ്ടെന്നും ചെന്നിത്തല പറഞ്ഞിരുന്നു.
സര്‍ക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനും വലിയ വീഴ്ച പറ്റിയിരുന്നെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ ആരോപണം. തുടര്‍ന്ന് 38000ത്തോളം അധിക പേരുകള്‍ പട്ടികയിലുണ്ടെന്ന് വിവാദത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സമ്മതിക്കേണ്ടിയും വന്നിരുന്നു.