| Friday, 1st December 2023, 10:10 pm

മിസോറോം നിയമസഭാ തെരെഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ ഡിസംബര്‍ നാലിലേക്ക് മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മിസോറാം നിയമസഭാ തെരെഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഡിസംബര്‍ നാലിലേക്ക് മാറ്റി തെരെഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ്. മിസോറാമില്‍ നിന്നുള്ള എന്‍.ജി.ഒകള്‍ വോട്ടെണ്ണല്‍ തീയതി മാറ്റാന്‍ ആവശ്യപ്പെട്ട് നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. ഭൂരിഭാഗം ക്രിസ്ത്യാനികളുള്ള സംസ്ഥാനത്ത് ഞായറാഴ്ച പള്ളികളില്‍ ചടങ്ങുകള്‍ ഉള്ളതിനാല്‍ വോട്ടെണ്ണല്‍ മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നാണ് ഇവരാവശ്യപ്പെട്ടത്.

2023 ഡിസംബര്‍ മൂന്ന് ഞാറാഴ്ച മിസോറാമിലെ ജനങ്ങള്‍ക്ക് പ്രത്യേക ദിവസമായതിനാല്‍ അന്ന് നിശ്ചയിച്ച വോട്ടണ്ണല്‍ മറ്റേതെങ്കിലും ദിവസത്തിലേക്ക് മാറ്റണമെന്ന് അഭ്യര്‍ത്ഥിച്ച് വിവിധ കോണുകളില്‍ നിന്ന് കമ്മീഷന് നിരവധി നിവേദനങ്ങള്‍ ലഭിച്ചു. കമ്മീഷന്‍ ഈ ആവശ്യങ്ങള്‍ പരിഗണിച്ച് ഡിസംബര്‍ മൂന്നിന് നിശ്ചയിച്ചിരുന്ന മിസോറാമിലെ നിയമസഭയിലേക്കുള്ള പൊതു തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഡിസംബര്‍ നാലിലേക്ക് പരിഷ്‌കരിക്കാന്‍ തീരുമാനിച്ചു,’ തെരെഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

രാഷ്ട്രീയ പാര്‍ട്ടികളും സിവില്‍ സൊസൈറ്റി സംഘടനകളും പള്ളികളും ഡിസംബര്‍ മൂന്നിന് നടക്കുന്ന വോട്ടെണ്ണലിനെ എതിര്‍ക്കുകയും ക്രൈസ്തവരുടെ പുണ്യദിനമായ ഞായറാഴ്ച്ച പള്ളി ചടങ്ങുകളില്‍ പങ്കെടുക്കേണ്ടതിനാല്‍ വോട്ടെണ്ണല്‍ തീയതി പുനക്രമീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാന്‍, തെലങ്കാന എന്നീ സംസ്ഥാനങ്ങളുടെ വോട്ടെണ്ണല്‍ നേരത്തെ നിശ്ചയിച്ച പ്രകാരം ഡിസംബര്‍ മൂന്നിന് നടക്കും. മിസോറാമിലെ 40 അംഗ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് നവംബര്‍ ഏഴിന് നടന്നിരുന്നു.

content highlight: Election Commission changes counting date for Mizoram assembly polls to December 4

We use cookies to give you the best possible experience. Learn more