ന്യൂദല്‍ഹി: മെയ് രണ്ട് വോട്ടെണ്ണല്‍ ദിവസവും ശേഷവുമുള്ള എല്ലാ ആഹ്ലാദ പ്രകടനങ്ങളും വിലക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ്. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് നടപടി. വോട്ടെടുപ്പ് നടന്ന കേരളം, തമിഴ്‌നാട്, പുതുച്ചേരി, ബംഗാള്‍,അസം എന്നീ അഞ്ചിടങ്ങളിലും വിലക്ക് ബാധകമാണ്. അടുത്ത ദിവസങ്ങളിലും ആഹ്ലാദ പ്രകടനങ്ങള്‍ പാടില്ല.
കേരളത്തില്‍ വോട്ടെണ്ണല്‍ ദിനത്തില്‍ ആഹ്ലാദ പ്രകടനം ഒഴിവാക്കാനും അണികളെ അതാത് രാഷ്ട്രീയ പാര്‍ട്ടികള്‍ നിയന്ത്രിക്കാനും കഴിഞ്ഞ ദിവസം നടന്ന സര്‍വകക്ഷി യോഗത്തില്‍ തീരുമാനമായിരുന്നു. വോട്ടെണ്ണല്‍ ദിനത്തില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ വേണ്ടെന്നും കേരളം തീരുമാനിച്ചിരുന്നു.
നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടതില്ലെന്നാണ് സര്‍ക്കാരിന്റെ തീരുമാനം. നിലവിലുളള നിയന്ത്രണങ്ങള്‍ അതേപടി തുടരും. കുറച്ചുദിവസങ്ങള്‍ നിരീക്ഷിച്ച ശേഷം രോഗവ്യാപനം വീണ്ടും ഉയരുകയാണെങ്കില്‍ അപ്പോള്‍ കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങളിലേക്ക് പോകാമെന്നുമാണ് സര്‍വകക്ഷി യോഗത്തില്‍ തീരുമാനമായത്.
ലോക്ഡൗണിലേക്ക് പോവുകയാണെങ്കില്‍ അത് സംസ്ഥാനത്തിന്റെ സമ്പദ്ഘടനയെയും ജനങ്ങളെയും മോശമായി ബാധിക്കുമെന്നാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാട്. ഇതുപരിഗണിച്ചാണ് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണ്ടെന്ന നിലപാടിലേക്ക് യോഗം എത്തിച്ചേര്‍ന്നത്.
അതേസമയം തെരഞ്ഞെടുപ്പു പ്രചാരണം നിയന്ത്രിക്കാത്തതാണ് കൊവിഡ് വ്യാപനത്തിനിടയാക്കിയതെന്ന് കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
രണ്ടാം തരംഗം തീവ്രമായതിന്റെ ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മീഷന് മാത്രമാണെന്ന് കോടതി കുറ്റപ്പെടുത്തി. കമ്മീഷനെതിരെ കൊലപാതകത്തിന് കേസെടുക്കണമെന്നും ചീഫ് ജസ്റ്റിസ് സന്‍ജിബ് ബാനര്‍ജി അധ്യക്ഷനായ ബഞ്ച് അഭിപ്രായപ്പെട്ടിരുന്നു.
‘നിങ്ങളാണ് കൊവിഡിന്റെ രണ്ടാം തരംഗത്തിന് ഏക കാരണക്കാര്‍. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കൊലപാതകത്തിന് കേസെടുക്കണം’, എന്നായിരുന്നു ഹൈക്കോടതി പറഞ്ഞത്. കൊവിഡ് വ്യാപനം തടയാന്‍ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചിരുന്നെന്ന കമ്മീഷന്റെ വിശദീകരണത്തിന് റാലികള്‍ അരങ്ങേറിയപ്പോള്‍ അന്യഗ്രഹത്തിലായിരുന്നോ നിങ്ങള്‍ എന്നായിരുന്നു കോടതി ചോദിച്ചത്.
മെയ് രണ്ടിന് നടക്കുന്ന വോട്ടെണ്ണലിന് കൃത്യമായ പദ്ധതി തയ്യാറാക്കിയില്ലെങ്കില്‍ അത് തടയുമെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. പൊതുജനാരോഗ്യമാണ് ഏറ്റവും പ്രധാനമെന്നും ഭരണകര്‍ത്താക്കളെ തന്നെ ഇത് ഓര്‍മ്മിപ്പിക്കേണ്ടിവരുന്നത് ഖേദകരമാണെന്നും കോടതി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വോട്ടെണ്ണല്‍ ദിനത്തിലെ എല്ലാ ആഘോഷങ്ങളും നിരോധിച്ചുകൊണ്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക