ഷഹീന്‍ബാഗ് വെടിവെപ്പ്: പ്രതി ആം ആദ്മി പ്രവര്‍ത്തകനെന്ന് പറഞ്ഞ പൊലീസ് ഉദ്യോഗസ്ഥനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍
national news
ഷഹീന്‍ബാഗ് വെടിവെപ്പ്: പ്രതി ആം ആദ്മി പ്രവര്‍ത്തകനെന്ന് പറഞ്ഞ പൊലീസ് ഉദ്യോഗസ്ഥനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 6th February 2020, 9:36 am

ന്യൂദല്‍ഹി: ഷഹീന്‍ബാഗ് വെടിവെപ്പ് കേസിലെ പ്രതി കപില്‍ ഗുജ്ജര്‍ ആം ആദ്മി പ്രവര്‍ത്തകനാണെന്ന് മാധ്യമങ്ങളോട് പറഞ്ഞ ദല്‍ഹി പൊലീസ് ഡി.സി.പി രാജേഷ് ഡിയോയ്ക്ക് തെരഞ്ഞടുപ്പ് കമ്മീഷന്റെ വിലക്ക്. ഫെബ്രുവരി 11ന് നടക്കുന്ന ദല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിന്നാണ് രാജേഷ് ഡിയോയെ കമ്മീഷന്‍ വിലക്കിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡി.സി.പി യുടെ പരാമര്‍ശം അനാവശ്യവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് കമ്മീഷന്‍ വിലയിരുത്തി. സ്വതന്ത്രമായ തെരഞ്ഞെടുപ്പ് നിര്‍വഹണത്തെ ബാധിക്കുന്ന തരത്തിലാണ് രാജേഷ് ഡിയോ വിഷയത്തില്‍ ഇടപെട്ടതെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

ഷഹീന്‍ബാഗില്‍ വെടിയുതിര്‍ത്ത കപില്‍ ഗുജ്ജര്‍ ആം ആദ്മി പ്രവര്‍ത്തകനാണെന്ന് ഡി.സി.പി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ ഗുജ്ജര്‍ ആം ആദ്മി പ്രവര്‍ത്തകനാണെന്ന വാദത്തെ എതിര്‍ത്ത് പ്രതിയുടെ കുടുംബം തന്നെ രംഗത്ത് വരികയായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രതി ആം ആദ്മി പ്രവര്‍ത്തകനല്ല, തെരഞ്ഞെടുപ്പ് ഗൂഢാലോചനയുടെ ഭാഗമായാണ് വിഷയത്തില്‍ ആം ആദ്മിയുടെ പേര് വലിച്ചിഴച്ചത് എന്നായിരുന്നു വിഷയത്തില്‍ ആം ആദ്മി നേതൃത്വത്തിന്റെ പ്രതികരണം. പ്രതി ആം ആദ്മി പ്രവര്‍ത്തകനാണെങ്കില്‍ അയാള്‍ക്ക് ഇരട്ടി ശിക്ഷ നല്‍കണമെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പ്രതികരിച്ചിരുന്നു.