| Saturday, 12th April 2014, 12:58 am

വിവാദപ്രസംഗം: അമിത്ഷായ്ക്കും മുഹമ്മദ് അസംഖാനും തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ വിലക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[] ന്യൂദല്‍ഹി:  സാമുദായികസ്പര്‍ധയുണ്ടാക്കുന്ന പ്രസംഗങ്ങള്‍ നടത്തിയതിന് ബി.ജെ.പി. ദേശീയ ജനറല്‍ സെക്രട്ടറി അമിത് ഷായുടെയും സമാജ് വാദി പാര്‍ട്ടി നേതാവും ഉത്തര്‍പ്രദേശ് മന്ത്രിയുമായ മുഹമ്മദ് അസംഖാന്റെയും പൊതുയോഗങ്ങള്‍ക്കും തിരഞ്ഞെടുപ്പ് റാലി, റോഡ് ഷോ എന്നിവയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തി.

ഇവര്‍ക്കെതിരെ ഉടന്‍ ക്രിമിനല്‍ കേസ് എടുത്ത് അന്വേഷണം നടത്താനും ഉത്തര്‍പ്രദേശ് സര്‍ക്കാറിന് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് ശനിയാഴ്ച വൈകിട്ട് അഞ്ചിനകം സമര്‍പ്പിക്കാനും കമ്മീഷന്‍ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മതത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത ഉണ്ടാക്കാനും സമാധാനം നശിപ്പിക്കാനും ബോധപൂര്‍വം നടത്തിയ പ്രസംഗങ്ങളാണ് ഇരുവരുടെയും എന്ന് കമ്മീഷന്‍ സംസ്ഥാന സര്‍ക്കാറിനയച്ച കത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട. ജനപ്രാതിനിധ്യ നിയമത്തിലെയും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെയും ബന്ധപ്പെട്ട വകുപ്പുകള്‍ ചൂണ്ടിക്കാട്ടി ശക്തമായ നടപടി കൈക്കൊള്ളാനാണ് നിര്‍ദേശം.

മുസഫര്‍നഗറിലുണ്ടായ കലാപത്തിന്  ജാട്ടുസമുദായക്കാരോട്  പ്രതികാരം ചെയ്യാനുള്ള അവസരമാണ് ഈ തിരഞ്ഞെടുപ്പ് എന്നായിരുന്നു അമിത് ഷാ പ്രസംഗിച്ചത്. പ്രതികാരം ചെയ്യാന്‍ ബി.ജെ.പിയ്ക്ക വോട്ട ചെയ്യണമെന്നും ഷാ ആഹ്വാനം ചെയ്തിരുന്നു. 1999ല്‍ കാര്‍ഗില്‍ യുദ്ധത്തില്‍ പാകിസ്ഥാനെതിരെ വിജയം കൈവരിക്കാന്‍ പേരാടിയത് ഹിന്ദു സൈനികരല്ല മുസ്ലിം സൈനികരാണെന്നായിരുന്നു അസംഖാന്റെ പ്രസംഗം.

വിവാദപ്രസംഗങ്ങളെത്തുടര്‍ന്ന് ഇരുവരോടും വിശദീകരണം ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. എന്നാല്‍, രണ്ടുപേരും മറുപടി നല്‍കിയിരുന്നില്ല. തുടര്‍ന്ന് വീണ്ടും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ കമ്മീഷന്‍ തീരുമാനിച്ചിട്ടുണ്ട്.

ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദിയുടെ വിശ്വസ്തനായ അമിത് ഷായെ ഗുജറാത്തിലെ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ കോടതി ശിക്ഷിച്ചിരുന്നു. തുടര്‍ന്ന് ആഭ്യന്തരമന്ത്രിസ്ഥാനം രാജിവെച്ച ഷായ്ക്ക് സുപ്രീംകോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചിരുന്നു. സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായംസിങ് യാദവിന്റെ അടുത്ത അനുയായിയാണ് മുഹമ്മദ് അസംഖാന്‍.

രണ്ട് നേതാക്കളും പൊതുയോഗങ്ങളില്‍ ആവര്‍ത്തിച്ച പരാമര്‍ശങ്ങള്‍ വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇതിനെതിരെ വിവിധ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുകയും ചെയ്തിരുന്നു. അതേസമയം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് അസം ഖാനെ ന്യായീകരിച്ച് രംഗത്തെത്തിയിരുന്നു. ഏറ്റവും വലിയ ഹൈന്ദവ സംഗമമായ കുംഭമേള വിജയകരമായി നടത്തിയ മന്ത്രിയാണ് അസംഖാന്‍ എന്ന കാര്യം മറക്കരുതെന്നായിരുന്നു അഖിലേഷിന്റെ വാദം.

We use cookies to give you the best possible experience. Learn more