| Sunday, 6th April 2014, 12:45 am

മാധ്യമസ്വാതന്ത്ര്യത്തില്‍ കൈ കടത്തില്ല; ബാബറി ഗൂഢാലോചന ദൃശ്യങ്ങള്‍ പുറത്തുവിടാം: തിരഞ്ഞടുപ്പ് കമ്മീഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[]ന്യൂദല്‍ഹി: ബാബറി മസ്ജിദ് ഗൂഢാലോചന സംബന്ധിച്ച ദൃശ്യങ്ങള്‍  സംപ്രേഷണം തടയണമെന്ന ബി.ജെ.പിയുടെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. ഇന്‍വെസ്റ്റിഗേഷന്‍ വെബ്‌സൈറ്റായ കോബ്ര പോസ്റ്റിന്റെ ദൃശ്യങ്ങള്‍ തടണമെന്നാവശ്യപ്പെട്ട് ബി.ജെ.പിക്ക് വേണമെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കാമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

മാധ്യമസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇടപെടില്ലെന്നും കമ്മീഷന്റെ നടപടി ചോദ്യം ചെയ്തുകൊണ്ട് ബി.ജെ.പിക്ക് സുപ്രീം കോടതിയെ സമീപിക്കാമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

കോബ്ര പോസ്റ്റ് പുറത്ത് വിട്ട വിവരങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും പിന്നില്‍ കോണ്‍ഗ്രസാണെന്നും ആരോപിച്ചാണ് വീഡിയോ ദൃശ്യങ്ങള്‍ നിരോധിക്കണമെന്ന ആവശ്യവുമായി മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷനെ ബി.ജെ.പി സമീപിച്ചത്.

ബാബ്‌റി മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ ഉള്‍പ്പെട്ട 23 പ്രധാന വ്യക്തികളെ കോബ്ര പോസ്റ്റ് അസോസിയേറ്റ് എഡിറ്റര്‍ കെ ആശിഷ് നേരിട്ട് ഇന്റര്‍വ്യൂ നടത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്നാണ് കോബ്ര പോസ്റ്റ് അറിയിച്ചിരുന്നത്.

ബാബ്‌റി മസ്ജിദ് തകര്‍ത്തത് സംഘപരിവാര്‍ സംഘടനകളുടെ ആസൂത്രിതമായ നീക്കത്തിന്റെ ഫലമായിരുന്നെന്നും ആസൂത്രിതമായ ഈ ആക്രമണത്തെക്കുറിച്ച് മുതിര്‍ന്ന ബി.ജെ.പി നേതാക്കളായ എല്‍.കെ അദ്വാനി, ഉമാഭാരതി, അന്നത്തെ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി കല്യാണ്‍ സിങ് തുടങ്ങിയവര്‍ക്ക് നേരത്തെ അറിയാമായിരുന്നെന്നും കോബ്ര പോസ്റ്റ് വെളിപ്പെടുത്തിയിരുന്നു.

തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ബി.ജെ.പി നേതാക്കള്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പാര്‍ട്ടിയ്ക്ക് വെല്ലുവിളിയാണ്. കോണ്‍ഗ്രസ് ഇത് പ്രചരണമായുധമാക്കാനും ഇടയുള്ള സാഹചര്യത്തിലാണ് ബി.ജെ.പി ആരോപണവുമായി മുന്നോട്ട് വന്നത്.

We use cookies to give you the best possible experience. Learn more