ന്യൂദല്‍ഹി: വോട്ടിങ് യന്ത്രങ്ങളെക്കുറിച്ച് പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വോട്ടിങ് മെഷീനുകള്‍ പരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി. മെഷീനുകള്‍ക്കെതിരെ വ്യാപകമായ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് കമ്മീഷന്‍ പരിശോധനയ്ക്ക് അവസരം നല്‍കുന്നത്.
മെയ് ആദ്യവാരം ന്യൂദല്‍ഹിയിലെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആസ്ഥാനത്ത് വോട്ടിങ് യന്ത്രങ്ങള്‍ പരിശോധിക്കാന്‍ അവസരം നല്‍കാമെന്നാണ് കമ്മിഷന്‍ വ്യക്തമാക്കിയത്. പ്രതിപക്ഷ നേതാക്കള്‍ ബുധനാഴ്ച രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ കണ്ട് വോട്ടിങ് യന്ത്രങ്ങളെ സംബന്ധിച്ചുള്ള ആശങ്കകള്‍ അറിയിച്ചിരുന്നു ഇതിന് പിന്നാലെയാണ് കമ്മീഷന്‍ പാര്‍ട്ടികള്‍ക്ക് പരിശോധനയ്ക്ക് അവസരം അനുവദിച്ചത്.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി, ഗുലാംനബി ആസാദ്, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവരടങ്ങിയ സംഘമായിരുന്നു രാഷ്ടട്രപതിയെ കണ്ടിരുന്നത്. തെരഞ്ഞെടുപ്പ് കമ്മിഷനില്‍ പരാതിപ്പെട്ടതിന് പിന്നാലെയായിരുന്നു നേതാക്കള്‍ രാഷ്ട്രപതിയെ കണ്ടത്.
അഞ്ച് സംസ്ഥാവനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന് പിന്നാലെയാണ് വോട്ടിങ് യന്ത്രങ്ങളില്‍ വ്യാപക ക്രമക്കേട് നടന്നതായി പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നത്. യു.പിയില്‍ ഏത് സ്ഥാനാര്‍ത്തിക്ക് വോട്ട് ചെയ്താലും ബി.ജെ.പിയ്ക്കാണ് വോട്ട് ലഭിക്കുന്നതെന്ന ആരോപണവുമായി ബി.എസ്.പിയായിരുന്നു ആദ്യം രംഗത്തെത്തിയത്.
എന്നാല്‍ ഈ ആരോപണങ്ങള്‍ കമ്മീഷന്‍ തള്ളുകയായിരുന്നു. തുടര്‍ന്ന് മറ്റു പല സംസ്ഥാനങ്ങളിലും ക്രമക്കേടുകള്‍ നടന്നെന്ന് വിവിധ പാര്‍ട്ടികള്‍ ആരോപിക്കുകയായിരുന്നു.