| Saturday, 9th March 2019, 8:53 pm

സൈന്യത്തിന്റെ ചിത്രങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കരുത്: തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സൈനിക നടപടിയെ രാഷ്ട്രീയ നേട്ടമായി ഉയര്‍ത്തിക്കാണിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് തിരിച്ചടിയായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നറിയിപ്പ്. സൈന്യവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്നും സൈനികരുടെ ചിത്രങ്ങള്‍ ഉപയോഗിച്ചാല്‍ കര്‍ശന നടപടിയുണ്ടാവുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.

മുന്‍ നാവികസേനാ മേധാവി എല്‍. രാംദാസിന്റെ പരാതിയിലാണ് കമ്മീഷന്റെ ഇടപെടല്‍. 2013ല്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ച ചട്ടങ്ങള്‍ പ്രകാരമാണ് മുന്നറിയിപ്പ്.

രാഷ്ട്രീയപാര്‍ട്ടികള്‍ സൈന്യത്തിന്റെ ചിത്രവും യൂണിഫോമുമെല്ലാം ദുരപയോഗപ്പെടുത്തി തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുകയാണെന്ന് എല്‍. രാംദാസ് തെരഞ്ഞെടുപ്പ് കമ്മീഷനയച്ച തുറന്ന കത്തില്‍ വ്യക്തമാക്കിയിരുന്നു. സൈന്യത്തിന്റെ വിലയിടിക്കുന്നതാണ് ഇത്തരം നടപടികളെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

പാകിസ്ഥാന്‍ തിരിച്ചയച്ച വൈമാനികന്‍ അഭിനന്ദന്‍ വര്‍ദ്ധമാന്റെ ചിത്രങ്ങളടക്കം ഉപയോഗിച്ച് ബി.ജെ.പി ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത് വിവാദമായിരുന്നു. നേരത്തെ ദല്‍ഹി ബി.ജെ.പി അദ്ധ്യക്ഷന്‍ മനോജ് തിവാരിയും സൈന്യത്തിന്റെ യൂണിഫോം ധരിച്ച് പ്രചാരണത്തിന് ഇറങ്ങിയിരുന്നു.

We use cookies to give you the best possible experience. Learn more