ന്യൂദല്‍ഹി: കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധിക്ക് താക്കീതുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടത്തിയ പരാമര്‍ശത്തിലാണ് കമ്മീഷന്‍ കോണ്‍ഗ്രസ് നേതാവിന് താക്കീത് നല്‍കിയത്.
മോദി പോക്കറ്റടിക്കാരനാണെന്നും പ്രധാനമന്ത്രിയെ കാണുന്നത് മോശം ശകുനമാണെന്നുമായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞത്. എന്നാല്‍ പരിഹാസങ്ങളുടെ പശ്ചാത്തലത്തില്‍ പൊതു സ്ഥലങ്ങളില്‍ നടക്കുന്ന പ്രസംഗങ്ങളില്‍ രാഹുല്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്നും ജാഗ്രത പാലിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.
നവംബര്‍ 22ന് മോദിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിക്കണമെന്ന് ദൽഹി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ നിര്‍ദേശം. എട്ടാഴ്ചയ്ക്കുള്ളില്‍ നിയമനടപടി ആരംഭിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.
അതേസമയം തെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം ലംഘിച്ചാല്‍ പാര്‍ട്ടികള്‍, സ്ഥാനാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. മോഡല്‍ കോഡ് ആവര്‍ത്തിച്ച് ലംഘിച്ചാല്‍ മുന്‍പ് നോട്ടീസ് ലഭിച്ച പാര്‍ട്ടി പ്രചാരകരും സ്ഥാനാര്‍ത്ഥികളും കര്‍ശന നടപടി നേരിടേണ്ടിവരുമെന്നും കമ്മീഷന്‍ അറിയിച്ചിരുന്നു.
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഐ.സി.സി ലോകകപ്പ് നേടുമായിരുന്നുവെന്നും എന്നാല്‍ മോദി വേദിയിലെത്തുകയും തന്റെ സാന്നിധ്യം കൊണ്ട് ടീമിനെ തോല്‍വിയിലേക്ക് നയിച്ചുവെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു.
ഇതിനുപുറമെ ഒരാള്‍ ഹിന്ദു-മുസ്ലിം പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കുമ്പോള്‍ മറ്റൊരാള്‍ നമ്മുടെ പോക്കറ്റടിക്കുകയാണെന്നും രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ രാഹുല്‍ പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം മോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ യുവാക്കളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കോണ്‍ഗ്രസ് എം.പി ആരോപിക്കുകയുണ്ടായി. പ്രധാനമന്ത്രി ആഗ്രഹിക്കുന്നത് യുവതലമുറ ‘ജയ് ശ്രീറാം’ എന്ന് വിളിച്ച് മരണം വരെ പട്ടിണി കിടക്കണമെന്നാണെന്നും രാഹുല്‍ പറഞ്ഞിരുന്നു.
Content Highlight: Election Commission against Rahul Gandhi for his remarks against Modi