ഭോപ്പാല്‍: മധ്യപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം വോട്ടിങ് മെഷീനുകള്‍ സൂക്ഷിച്ചിരുന്ന ഭോപ്പാലിലെ സ്‌ട്രോങ് റൂമില്‍ ഒരു മണിക്കൂറോളം സി.സി.ടിവി ക്യാമറകള്‍ പ്രവര്‍ത്തിച്ചിരുന്നില്ലെന്ന് സ്ഥിരീകരിച്ച് തെരഞ്ഞെടുപ്പു കമ്മീഷനും.
വോട്ടിങ് മെഷീനില്‍ അട്ടിമറി നടത്തിയെന്ന് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സി.സി. ടി.വി പ്രവര്‍ത്തന രഹിതമായ കാര്യം സ്ഥിരീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനും രംഗത്തെത്തിയത്.
ബി.ജെ.പിയുടെ വഴി തടയല്‍; മുഖ്യമന്ത്രിമാരുടേയും മന്ത്രിമാരുടേയും സുരക്ഷ വര്‍ധിപ്പിച്ചു
ഒരു മണിക്കൂര്‍ നേരം സി.സി.ടി.വി പ്രവര്‍ത്തിച്ചില്ലെന്നും വൈദ്യുത തകരാറാണ് കാരണമെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം.
8.19 മുതല്‍ 9.35 വരെ ഭോപ്പാലിലെ സ്‌ട്രോങ് റൂമിന് പുറത്ത് സ്ഥാപിച്ചിരുന്ന സി.സി.ടി.വി ക്യാമറകള്‍ പ്രവര്‍ത്തന രഹിതമായെന്നാണ് കളക്ടര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. വൈദ്യുത ബന്ധം ഇല്ലാതായതാണ് ഇതിന് കാരണമെന്നും അദ്ദേഹം പറയുന്നു.
അതുകൊണ്ട് തന്നെ ഈ സമയത്തെ റെക്കോഡിങ് ലഭ്യമാകില്ലെന്നും കളക്ടര്‍ വ്യക്തമാക്കുന്നു. ഇതിന് പുറത്ത് തന്നെ ഒരു എല്‍.ഇ.ഡി അഡീഷണല്‍ സ്‌ക്രീനും ഇന്‍വെട്ടറും ഒരു ജനറേറ്ററും സ്ഥാപിച്ചിരുന്നെന്നും എല്‍.ഇ.ഡി സ്‌ക്രീനും പ്രവര്‍ത്തന രഹിതമായെന്നും കളക്ടര്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
വൈദ്യുതി ഇല്ലാത്ത സമയത്ത് ഇന്‍വെര്‍ട്ടറോ ജനറേറ്ററോ ഉപയോഗിച്ച് സി.സി.ടിവി ക്യാമറകള്‍ പ്രവര്‍ത്തിക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയെന്നും കളക്ടറുടെ റിപ്പോര്‍ട്ടിലുണ്ട്.
ഇ.വി.എമ്മുകള്‍ ഇപ്പോഴും സുരക്ഷിതമാണെന്നും അനധികൃത പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് രണ്ടു സുരക്ഷാ ഉദ്യോഗസ്ഥര്‍ കാവലുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. നവംബര്‍ 28-നാണ് മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ് നടന്നത്.
ഇതിനിടെ മധ്യപ്രദേശ് ആഭ്യന്തര മന്ത്രിയുടെ മണ്ഡലത്തിലെ വോട്ടിങ് മെഷീനുകള്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടു ദിവസത്തിന് ശേഷം സ്‌ട്രോങ് റൂമില്‍ എത്തിയ സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
മധ്യപ്രദേശിലേയും ഛത്തീസ്ഗഢിലേയും വോട്ടിങ് മെഷീനുകളെ സംബന്ധിച്ചുള്ള സുരക്ഷാ ആശങ്കകള്‍ പങ്കുവെച്ച് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പ്രതിനിധി സംഘം തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു.
വോട്ടിങ് നടക്കുന്ന വേളയില്‍ തന്നെ പല ഇ.വി.എമ്മുകളും പ്രവര്‍ത്തന രഹിതമായിരുന്നു. അട്ടിമറി നടന്നെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തിയിരുന്നു.