ന്യൂദല്‍ഹി: രാജ്യത്തെ ഒറ്റുകാരെ വെടിവെക്കൂവെന്ന് ആഹ്വാനം ചെയ്ത കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂറിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കാരണം കാണിക്കല്‍ നോട്ടീസയച്ചു. ജനുവരി 30ന് രാത്രി 12 മണിക്കുള്ളില്‍ തെരഞ്ഞെടുപ്പുകമ്മീഷന് മറുപടി നല്‍കണമെന്നാണ് കമ്മീഷന്‍ പറഞ്ഞിരിക്കുന്നത്.
പശ്ചിമ ദല്‍ഹി എം.പിയായ പര്‍വേഷ് വര്‍മക്കെതിരെയും കമ്മീഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരായി ഷഹീന്‍ ബാഗില്‍ പ്രതിഷേധിക്കുന്നവരെ വീട്ടില്‍ കയറി ലൈംഗികമായി അതിക്രമിച്ച് കൊലപ്പെടുത്തുമെന്ന് പറഞ്ഞതിനാണ് പര്‍വേഷിന് നോട്ടീസ് ലഭിച്ചത്.
ദല്‍ഹി തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിലാണ് അനുരാഗ് ഠാക്കൂര്‍ വിവാദ പരാമര്‍ശം നടത്തിയത്. പ്രവര്‍ത്തകരെ കൊണ്ട് അനുരാഗ് ഠാക്കൂര്‍ മുദ്രാവാക്യം ഏറ്റുവിളിപ്പിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.