ഭോപ്പാല്‍: മധ്യപ്രദേശ് നിയമസഭാ തിരഞ്ഞടുപ്പില്‍ ഫലം വരാന്‍ ഏറെ വൈകിയിരുന്നു. രാവിലെ 8 മണിക്ക് തുടങ്ങിയ വോട്ടെണ്ണല്‍ രാത്രി പത്ത് മണി വരെ തുടര്‍ന്നിരുന്നു. അടുത്ത ദിവസം രാവിലെ മാത്രമാണ് ഫലം പുറത്ത് വന്നത്. വോട്ടെണ്ണല്‍ വൈകുവാനുണ്ടായ കാരണങ്ങള്‍ വിശദീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍.
മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ വൈകുവാനുള്ള കാരണങ്ങള്‍ ഇതൊക്കെയാണ്:
1.ഓരോ ഇ.വി.എമ്മുകളും പ്രത്യേകം പരിശോധിക്കണം എന്ന് സ്ഥാനാര്‍ത്ഥികള്‍ക്ക് നിര്‍ബന്ധമായിരുന്നു. ഓരോ തവണ സീല് പൊട്ടിക്കുമ്പോഴും അവര്‍ തടസ്സങ്ങളുയര്‍ത്തി കൊണ്ടിരുന്നു. 66000 ഇ.വി.എമ്മുകളില്‍ ഒന്നു പോലും മാറ്റിവെക്കുകയോ സീല്‍ പൊട്ടിയതായി ശ്രദ്ധയില്‍ പെടുകയോ ചെയ്തിട്ടില്ലെങ്കില്‍ പോലും സ്ഥാനാര്‍ത്ഥികളുടെ അനാവശ്യ പരിശോധനകള്‍ വോട്ടെണ്ണല്‍ വൈകിപ്പിച്ചു.
2.ഓരോ വോട്ടെണ്ണിയ ശേഷവും അത് 17c ഫോമിന്റെ രണ്ടാം ഭാഗത്തില്‍ രേഖപ്പെടുത്തി ഇതില്‍ വോട്ടെണ്ണാനിരിക്കുന്ന ഏജന്റുമാരുടെ ഒപ്പ് വാങ്ങണം. ഇതിന്റെ കോപ്പികളെടുത്ത് ഏജന്റുമാര്‍ക്ക് നല്‍കണം.ഇത് പോലെ 14 റിസള്‍ട്ടുകളുടെ 14 പട്ടികകള്‍ തയ്യാറാക്കാന്‍ ഏറെ സമയം ചിലവഴിക്കേണ്ടി വന്നു.
3.ടാബുലേഷന്‍ നടന്ന് കഴിയാതെ അടുത്ത സെറ്റ് ഇ.വി.എമ്മുകള്‍ കൊണ്ടുവരാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ അനുവദിക്കാത്തത് സമയ നഷ്ടമുണ്ടാക്കി.
4.പ്രിസൈഡിങ്ങ് ഓഫീസര്‍മാര്‍ ഇ.വി.എമ്മുകളില്‍ ക്ലോസ് – റിസള്‍ട്ട് – ക്ലിയര്‍ എന്നിവ ചെയ്യാന്‍ മറന്ന സാഹചര്യങ്ങളും ഉണ്ടായി. ഈ സാഹചര്യത്തില്‍ വോട്ടെണ്ണല്‍ നടക്കുന്നത് വിവിപാട് സ്ലിപ്പുകളുടെ സഹായത്തിലാണ്. 66000 ഇ.വി.എമ്മുകളില്‍ 250 കേസുകകള്‍ ഇത്തരത്തിലുണ്ടായി.
5.മധ്യപ്രദേശില്‍ ഇത്തവണ പോളിങ്ങ് ബൂത്തുകളുടെ എണ്ണത്തില്‍ 21% വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഇതും സമയം ഏറെ ചിലവഴിക്കാനിടയാക്കി.