| Saturday, 20th March 2021, 2:33 pm

കെ.എം ഷാജിയുടെ പത്രിക സ്വീകരിച്ചു: എല്‍.ഡി.എഫിന്റെ പരാതിയില്‍ കഴമ്പില്ലെന്ന് വരണാധികാരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: അഴീക്കോട് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എം.ഷാജിയുടെ പത്രിക സ്വീകരിച്ച് വരണാധികാരി

ഷാജിയെ ആറുവര്‍ഷത്തേക്ക് ഹൈക്കോടതി അയോഗ്യനാക്കിയത് ചൂണ്ടിക്കാട്ടിയായിരുന്നു എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ വരണാധികാരിക്ക് മുന്‍പില്‍ പരാതിയുമായി എത്തിയത്.

ഷാജിയുടെ പത്രിക തള്ളണമെന്നായിരുന്നു എല്‍.ഡി.എഫ് ആവശ്യപ്പെട്ടത്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.വി സുമേഷായിരുന്നു പരാതി സമര്‍പ്പിച്ചിരുന്നത്.

എന്നാല്‍ ഷാജിയുടെ പത്രിക സ്വീകരിക്കുന്നത് നിയമലംഘനമാവില്ലെന്നും പത്രിക തള്ളേതില്ലെന്നും വരണാധികാരി നിലപാടെടുക്കുകയായിരുന്നു.

2016ലെ തെരഞ്ഞെടുപ്പില്‍ എതിര്‍ സ്ഥാനാര്‍ത്ഥിയായ നികേഷ് കുമാറിനെതിരെ വര്‍ഗീയ വിദ്വേഷം നിറഞ്ഞ പ്രചരണം നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഹൈക്കോടതി തെരഞ്ഞെടുപ്പ് റദ്ദാക്കുകയും ഷാജിയെ ആറുവര്‍ഷത്തേക്ക് അയോഗ്യനാക്കുകയും ചെയ്തിരുന്നു.

അപ്പീലുമായി സുപ്രീം കോടതിയെ സമീപിച്ച ഷാജിക്ക് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയെങ്കിലും വിധി സ്റ്റേ ചെയ്തിട്ടില്ലെന്ന് സൂഷ്മ പരിശോധനാ വേളയില്‍ വരണാധികാരികള്‍ക്ക് മുന്‍പാകെ കെ.വി സുമേഷിനു വേണ്ടി ഹാജരായ അഭിഭാഷകര്‍ വാദിച്ചു.

സുപ്രീം കോടതി അഭിഭാഷകരായ പി.വി ദിനേശാണ് കെ.വി സുമേഷിന് വേണ്ടി കേസില്‍ ഹാജരായിരിക്കുന്നത്. സുപ്രീം കോടതിയിലെ തന്നെ അഭിഭാഷകനായ ഹാരീസ് ബീരാനാണ് ഷാജിക്ക് വേണ്ടി ഹാജരായത്.

നേരത്തെ ഷാജിയുടെ പേരിലുള്ള അനധികൃത സ്വത്ത് സമ്പാദനക്കേസും അഴീക്കോട് സ്‌കൂള്‍ കോഴക്കേസും ഷാജിക്ക് തിരിച്ചടിയാകുമെന്ന രീതിയില്‍ ഷാജിയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ചര്‍ച്ച ഉയര്‍ന്നിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Election Commisiion Received KM Shaji Nomination

We use cookies to give you the best possible experience. Learn more