Advertisement
Kerala
കോഴക്കേസ്; ശബ്ദ പരിശോധന കേന്ദ്ര സര്‍ക്കാര്‍ ലാബില്‍ നടത്തണമെന്ന സുരേന്ദ്രന്റെ ആവശ്യം തള്ളി കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Nov 10, 10:35 am
Wednesday, 10th November 2021, 4:05 pm

തിരുവനന്തപുരം: സുല്‍ത്താന്‍ ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് തിരിച്ചടി. ശബ്ദ പരിശോധന കേന്ദ്ര സര്‍ക്കാര്‍ ലാബില്‍ നടത്തണമെന്ന സുരേന്ദ്രന്റെ ആവശ്യം കോടതി തള്ളി.

ഇതോടെ സംസ്ഥാന സര്‍ക്കാറിനു കീഴിലുള്ള ഫോറന്‍സിക് ലാബില്‍ തന്നെ ശബ്ദ പരിശോധന നടത്തും. സി.കെ. ജാനുവിന് കോഴ നല്‍കിയെന്ന ജെ.ആര്‍.പി നേതാവ് പ്രസീത അഴീക്കോടിന്റെ വെളിപ്പെടുത്തല്‍ സാധൂകരിക്കുന്ന കൂടുതല്‍ ശബ്ദ രേഖകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു.

ബി.ജെ.പി നല്‍കിയ 10 ലക്ഷം രൂപ ചെലവഴിച്ചതിനെക്കുറിച്ച് പ്രസീതയും സി.കെ. ജാനുവും സംസാരിക്കുന്നതിന്റെ ശബ്ദരേഖയാണ് ലഭിച്ചത്. എന്നാല്‍ അവര്‍ എന്തൊക്കെയാണ് സംസാരിച്ചതെന്നതിനെ കുറിച്ച് ക്രൈംബ്രാഞ്ച് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

കേസില്‍ നിര്‍ണായക തെളിവാകും ഈ ശബ്ദ രേഖയെന്നാണ് ക്രൈബ്രാഞ്ച് കരുതുന്നത്. തന്റെ ഫോണ്‍ ക്രൈംബ്രാഞ്ച് പരിശോധിച്ചപ്പോഴാണ് ഇക്കാര്യം കണ്ടെത്തിയതെന്നാണ് പ്രസീത അഴീക്കോട് പറയുന്നത്.

ഈ സംഭാഷണത്തിന്റെ ശബ്ദ പരിശോധനയും നടത്തിയിട്ടുണ്ട്. കേസില്‍ അന്വേഷണം അന്തിമഘട്ടത്തിലാണെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.കെ. ജാനുവിനെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയാക്കാന്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ 35 ലക്ഷം രൂപ കൈമാറിയെന്ന കേസാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്.

തിരുവനന്തപുരം, ബത്തേരി എന്നിവിടങ്ങളില്‍ വെച്ച് ഈ തുക കൈമാറിയതെന്നാണ് പ്രസീത അഴിക്കോട് ആരോപിക്കുന്നത്. ബത്തേരിയിലെ ഹോംസ്റ്റെയില്‍ വെച്ച് പൂജാദ്രവ്യങ്ങള്‍ എന്ന വ്യാജേന പ്രശാന്ത് മണവയല്‍ 25 ലക്ഷം രൂപ കൈമാറിയെന്നും തിരുവനന്തപുരത്ത് വെച്ച് 10 ലക്ഷം കൈമാറിയെന്നും പ്രസീത ആരോപിക്കുന്നു.

നേരത്തെ, കോടതി നിര്‍ദേശപ്രകാരം കേസിലുള്‍പ്പെട്ട പ്രസീത അഴീക്കോട്, പ്രശാന്ത് മണവയല്‍, സി.കെ. ജാനു, ബി.ജെ.പി അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ എന്നിവരുടെ ശബ്ദരേഖകള്‍ അന്വേഷണ സംഘം ശേഖരിച്ചിരുന്നു.

തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കോഴ നല്‍കിയെന്ന വകുപ്പാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്. എന്നാല്‍, ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസ് രാഷ്ട്രീയ പ്രേരിതമാണന്നൊയിരുന്നു ജാനുവിന്റെ വാദം. കേസിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും, എന്നാല്‍ പുറത്തുവന്ന ശബ്ദ രേഖകള്‍ പൂര്‍ണമായും തെറ്റല്ലെന്നും ജാനു പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Election Bribery case Surendran suffers setback