ന്യൂദല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ നാല് സീറ്റുകളിലും പാര്‍ട്ടി അധികാരം നിലനിര്‍ത്തുമെന്ന് ബി.ജെ.പി നേതൃത്വം.
പഞ്ചാബില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാനാകുമെന്നാണ് ബി.ജെ.പി അവകാശപ്പെടുന്നത്.
ഉത്തര്‍പ്രദേശിലെ അവസാനഘട്ട വോട്ടെടുപ്പിന് മുന്നോടിയായി ദല്‍ഹിയില്‍ നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലായിരുന്നു ബി.ജെ.പി അധ്യക്ഷന്‍ ജെ.പി. നദ്ദയുടേയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടേയും അവകാശവാദം.
ബി.ജെ.പിക്ക് എതിരെ ജനവിധി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നവര്‍ നിരാശരാകുമെന്നും പാര്‍ട്ടി വന്‍ വിജയം നേടുമെന്നും നദ്ദ പറഞ്ഞു.
”ഞങ്ങളുടെ സര്‍ക്കാര്‍ ഭരിച്ചിരുന്ന സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ ബി.ജെ.പി ഉറച്ച ഭൂരിപക്ഷത്തോടെ തിരിച്ചുവരാന്‍ ഒരുങ്ങുകയാണ്,” അദ്ദേഹം പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെ.പിക്ക് സഖ്യത്തിന് പുറത്തുള്ള പാര്‍ട്ടികളുടെ പിന്തുണ ആവശ്യമായി വരുമെന്ന സാധ്യത നദ്ദയും അമിത് ഷായും തള്ളിക്കളഞ്ഞു.
ബി.ജെ.പി കനത്ത മത്സരം പോലും നേരിടേണ്ടി വരില്ലെന്നും മികച്ച ഭൂരപക്ഷം സ്വന്തമാക്കി വിജയിക്കുമെന്നും നദ്ദ അവകാശപ്പെട്ടു.
യു.പിയില്‍ ബി.ജെ.പിക്ക് കടുത്ത മത്സരം ഉണ്ടാകുമെന്ന ചര്‍ച്ചകള്‍ക്കിടെയാണ് നദ്ദ പ്രതികരിച്ചത്.
Content Highlights: Election, BJP’s view