തെല്‍ അവീവ്: ഇസ്രായേലിലെ ലിക്കുഡ് പാര്‍ട്ടി ആസ്ഥാന മന്ദിരത്തില്‍ വ്‌ളാദ്മിര്‍ പുടിന്‍, ഡൊണാള്‍ഡ് ട്രംപ് എന്നിവര്‍ക്കൊപ്പം നരേന്ദ്രമോദിയുടെയും കൂറ്റന്‍ ബാനര്‍. നെതന്യാഹുവുമായി നേതാക്കള്‍ കൈ കൊടുക്കുന്നതാണ് ചിത്രം. നെതന്യാഹുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് 15 നിലയുള്ള കെട്ടിടത്തിന്റെ മൂന്നു വശങ്ങളിലും കൂറ്റന്‍ ബാനര്‍ കെട്ടിയത്.
നെതന്യാഹുവും ട്രംപും കൈ കൊടുക്കുന്ന ബാനര്‍ ഏപ്രിലില്‍ നടന്ന തെരഞ്ഞെടുപ്പിന്റെ സമയത്ത് പതിപ്പിച്ചതാണ്. ബില്‍ഡിങ്ങിന്റെ നാലാമത്തെ ഭാഗത്ത് തത്ക്കാലത്തേക്ക് ബാനര്‍ പതിക്കുന്നില്ലെന്ന് ലിക്കുഡ് വക്താവ് പറഞ്ഞു.
ഇസ്രായേലിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായിരുന്ന നെതന്യാഹു ഇത്തവണ കടുത്ത തെരഞ്ഞെടുപ്പ് പോരാട്ടമാണ് നേരിടുന്നത്.
മോദി അധികാരത്തിലെത്തിയപ്പോള്‍ ആദ്യം അഭിനന്ദനമറിയിച്ച് ലോകനേതാവ് നെതന്യാഹുവായിരുന്നു. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നേരത്തെ രാജ്യം സ്വീകരിച്ചിരുന്ന നിലപാടില്‍ നിന്ന് മാറി കൂടുതല്‍ ഇസ്രായേല്‍ അനുകൂല നിലപാടുകള്‍ ഇന്ത്യ സ്വീകരിച്ചിരുന്നു. ഏറ്റവുമൊടുവില്‍ യുഎന്നില്‍ ഫലസ്തീനെതിരെ ഇസ്രായേല്‍ അവതരിപ്പിച്ച പ്രമേയത്തിന് അനുകൂലമായി ഇന്ത്യ വോട്ട് ചെയ്തിരുന്നു.