| Thursday, 30th March 2023, 7:30 pm

തെരഞ്ഞെടുക്കപ്പെട്ടത് അഴിമതിയിലൂടെ; ജനതാദള്‍ എം.എല്‍.എയെ അയോഗ്യനാക്കി കര്‍ണാടക ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: തെരഞ്ഞെടുപ്പില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടതിനെ തുടര്‍ന്ന് ജനദാതള്‍ എം.എല്‍.എ ഡി.സി. ഗൗരിശങ്കറെ അയോഗ്യനാക്കി കര്‍ണാടക ഹൈക്കോടതി.

തുമകുരു റൂറല്‍ മണ്ഡലം എം.എല്‍.എയായ ഗൗരിശങ്കറിന് ഇനി ആറ് വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.

ജസ്റ്റിസ് സുനില്‍ ദത്ത് യാദവിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേസെടുത്തിട്ടുള്ളത്.

2018ലെ തെരഞ്ഞെടുപ്പില്‍ ഗൗരിശങ്കര്‍ വിജയിച്ചത് അഴിമതിയിലൂടെയാണെന്ന് പറഞ്ഞ് എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ബി.ജെ.പി നേതാവ് ബി.സുരേഷ് ഗൗഡ പരാതി നല്‍കുകയായിരുന്നു.

തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ഗൗരിശങ്കര്‍ വ്യാജ ഇന്‍ഷുറന്‍സ് പോളിസി ബോണ്ട് നല്‍കി ആളുകളെ പറ്റിച്ചുവെന്നാണ് കേസ്.

ഗൗരിശങ്കര്‍ 5640 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ തവണ വിജയിച്ചത്. അദ്ദേഹം വിജയത്തിന് വേണ്ടി അഴിമതികള്‍ നടത്തിയിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു.

എന്നാല്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുന്നതിന് വേണ്ടി 30 ദിവസം ഉത്തരവ് മരവിപ്പിക്കുന്നതായും കോടതി പറഞ്ഞു.

അതേസമയം മെയ് 10നാണ് കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടണ്ണല്‍13നായിരിക്കും. 224 അംഗ നിയമസഭയിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് 124 പേരുടെ പട്ടികയും ജെ.ഡി.എസ് 93 പേരുടെ പട്ടികയും പുറത്ത് വിട്ടിരുന്നു.

content highlight: Elected through corruption; Karnataka High Court Disqualifies Janata Dal MLA

We use cookies to give you the best possible experience. Learn more