| Friday, 18th August 2023, 1:46 pm

സ്‌പെയിനില്‍ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട് സോഷ്യലിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മാഡ്രിഡ്: സ്പാനിഷ് പാര്‍ലമെന്റില്‍ സ്പീക്കറായി സോഷ്യലിസ്റ്റ് സ്ഥാനാര്‍ത്ഥി ഫ്രാന്‍സിന ആര്‍മെങ്കോയെ തെരഞ്ഞെടുത്തു. 350 സീറ്റില്‍ 139നെതിരെ 178 വോട്ട് നേടിയാണ് ഫ്രാന്‍സിന തെരഞ്ഞെടുക്കപ്പെട്ടത്. നേരത്തെ ജൂലൈ 23ന് നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇരു മുന്നണിക്കും കേവലഭൂരിപക്ഷം ലഭിച്ചിരുന്നില്ല.

സാഞ്ചെസിന്റെ സോഷ്യലിസ്റ്റ് പാര്‍ട്ടി, മധ്യ ഇടതു പാര്‍ട്ടിയായ സുമര്‍ എന്നിവയും മറ്റ് നാലു ചെറുപാര്‍ട്ടിയും ചേര്‍ന്ന് 171 സീറ്റ് നേടിയപ്പോള്‍ പോപ്പുലര്‍ പാര്‍ട്ടി, തീവ്ര വലത് നിലപാടുകാരായ വോക്‌സ് പാര്‍ട്ടി എന്നിവയും ഒരു ചെറു പാര്‍ട്ടിയുമടങ്ങുന്ന മുന്നണിക്കും 171 സീറ്റ് തന്നെ ലഭിച്ചു. കേവലഭൂരിപക്ഷത്തിന് 176 സീറ്റായിരുന്നു ആവശ്യം.

എന്നാല്‍ കഴിഞ്ഞ ദിവസത്തെ തെരഞ്ഞെടുപ്പില്‍ കിങ് മേക്കറായ കടുത്ത കറ്റാലന്‍ വിഘടനവാദി പാര്‍ട്ടിയായ ജെക്‌സ്‌കാറ്റ് എന്ന പാര്‍ട്ടിയുടെ ഇടപെടല്‍ നിര്‍ണായകമായിരുന്നു. ജെക്‌സ്‌കാറ്റിന്റെ ഏഴ് വോട്ട് ഫ്രാന്‍സിനയുടെ വിജയത്തിലേക്ക് നയിച്ചു.

വീണ്ടും മധ്യ ഇടത് സര്‍ക്കാര്‍ രൂപീകരിക്കാമെന്ന ആക്ടിങ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചെസിന്റെ പ്രതീക്ഷയ്ക്ക് ശക്തിപകരുന്നതാണ് ഈ വിജയം.

തെരഞ്ഞെടുപ്പില്‍ ആല്‍ബര്‍ട്ടോ നുനെസ് ഫെയ്‌ജോയുടെ വലതുപക്ഷ പാര്‍ട്ടി (പോപ്പുലര്‍ പാര്‍ട്ടി) വിജയിച്ചെങ്കിലും അവര്‍ക്ക് ലഭിച്ച കുറഞ്ഞ പിന്തുണ തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കുന്നുണ്ട്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ പോപ്പുലര്‍ പാര്‍ട്ടിക്ക് വോക്‌സ് പാര്‍ട്ടിയുടെയും പിന്തുണ ആവശ്യമാണ്. എന്നാല്‍ കഴിഞ്ഞ ദിവസത്തെ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ പോപ്പുലര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയെ പിന്തുണക്കുന്നതിന് പകരം വോക്‌സിന്റെ 33 എം.പിമാരും അവരുടെ സ്ഥാനാര്‍ത്ഥിയെയാണ് പിന്തുണച്ചത്.

സ്പീക്കറെ തെരഞ്ഞെടുത്ത് കഴിഞ്ഞാല്‍ അടുത്തത് പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കലാണ്. അതിന്റെ ഭാഗമായി ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ നിക്ഷേപ വോട്ടെടുപ്പ് നടക്കും.

അതേസമയം ജെക്‌സ് കാറ്റിന്റെ പിന്തുണക്ക് പകരം സോഷ്യലിസ്റ്റ് പാര്‍ട്ടിയോടും അവരുടെ തീവ്ര ഇടതുപക്ഷ സഖ്യകക്ഷിയായ സുമറിനോടും നാല് ആവശ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ അത് നിക്ഷേപ വോട്ടുമായി ബന്ധപ്പെട്ടല്ലെന്ന് ജെക്‌സ് കാറ്റ് പറഞ്ഞതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

കറ്റാലന്‍ ഭാഷയെ യൂറോപ്യന്‍ യൂണിയന്റെ ഔദ്യോഗിക ഭാഷയായി അംഗീകരിക്കുക, സ്‌പെയിന്‍ പാര്‍ലമെന്റില്‍ കറ്റാലന്‍ ഉപയോഗിക്കുക തുടങ്ങിയവയാണ് ജെക്‌സ് കാറ്റിന്റെ ആവശ്യങ്ങള്‍.

content highlights: Elected Speaker in Spain and Socialist Party candidate

We use cookies to give you the best possible experience. Learn more