തെലുങ്കു സിനിമാ താരങ്ങളുടെ സംഘടനയായ മൂവി ആര്‍ട്ടിസ്റ്റ് അസോസിയേഷനില്‍ (എം.എ.എ) പ്രകാശ് രാജിന്റെ പാനലിലുണ്ടായിരുന്ന അംഗങ്ങള്‍ രാജിവെച്ചു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് നടന്‍ മാഞ്ചു വിഷ്ണുവിന്റെ കീഴില്‍ ഒരു സമ്മിശ്ര പാനലില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പര്യമില്ല എന്നായിരുന്നു രാജിവെച്ച അംഗങ്ങള്‍ പറഞ്ഞത്.
പ്രകാശ് രാജിന്റെ പാനലില്‍ നിന്നും മല്‍സരിച്ച് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റായി വിജയിച്ച ശ്രീകാന്ത്, വൈസ് പ്രസ്ഡന്റ് ബാനര്‍ജി എന്നിവരടക്കമാണ് രാജിവെച്ചത്.
2021-2023 കാലത്തേക്കുള്ള സംഘടന ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനായിരുന്നു ഒക്ടോബര്‍ 10ന് ഹൈദരാബാദിലെ ജൂബിലി ഹില്‍സില്‍ വെച്ച് തെരഞ്ഞെടുപ്പ് നടത്തിയത്.
തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ കഴിഞ്ഞ ദിവസം പ്രകാശ് രാജും സംഘടനയില്‍ നിന്ന് രാജി വെച്ചിരുന്നു. ഭാരവാഹികളെ തെരഞ്ഞെടുത്തത് പ്രാദേശിക വാദത്തേയും ദേശീയതയേയും അടിസ്ഥാനമാക്കിയാണെന്നായിരുന്നു പ്രകാശ് രാജിന്റെ ആരോപണം.
അവര്‍ എം.എ.എയെ വികസിപ്പിക്കട്ടെയെന്നും തങ്ങള്‍ അതില്‍ ഇടപെടില്ലെന്നും എന്നാല്‍ വേണ്ടിവന്നാല്‍ അവരുടെ പ്രവര്‍ത്തികളെ ചോദ്യം ചെയ്യുമെന്നുമായിരുന്നു പ്രകാശ് രാജ് രാജി വെച്ചുകൊണ്ട് പ്രതികരിച്ചത്.
രാജിക്കാര്യം പറഞ്ഞുകൊണ്ടുള്ള സന്ദേശം പുതിയ പ്രസിഡന്റ് മാഞ്ചു വിഷ്ണുവിന് പ്രകാശ് രാജ് അയച്ചിരുന്നു. രാജി സ്വീകരിക്കില്ല എന്നായിരുന്നു വിഷ്ണു പറഞ്ഞത്.