|

മസില്‍മാന്‍മാരെ വിജയിപ്പിക്കരുത്, ഡി.എന്‍.എയില്‍ സേവന മൂല്യങ്ങളുള്ളവരെ തെരഞ്ഞെടുക്കൂ: അമിത് ഷാ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജൗന്‍പൂര്‍: ഡി.എന്‍.എയില്‍ സേവന മൂല്യങ്ങളുള്ള സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുക്കാന്‍ ഉത്തര്‍പ്രദേശിലെ ജനങ്ങളോട് അഭ്യര്‍ത്ഥിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.

ഉത്തര്‍പ്രദേശില്‍ ബി.ജെ.പി വീണ്ടും അധികാരത്തില്‍ വരുന്നതോടെ സംസ്ഥാനത്തുള്ള ഗുണ്ടാസംഘങ്ങളെ ജയിലിലടക്കുമെന്നും അമിത് ഷാ പറഞ്ഞു.

മല്‍ഹാനി നിയോജക മണ്ഡലത്തിലെ തെരഞ്ഞടുപ്പ് പ്രചരണ റാലിയെ അഭിസംബോധന ചെയ്തുകൊണ്ടാണ് ഷാ ഇക്കാര്യം പറഞ്ഞത്.

‘ഇത്തവണ മസില്‍മാന്‍മാരെ വിജയിപ്പിക്കരുത്, സേവനത്തിന്റെ മൂല്യങ്ങള്‍ ഡി.എന്‍.എയില്‍ ഉള്‍ക്കൊള്ളുന്ന സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കണം. ഒന്നും തട്ടിയെടുക്കാന്‍ ആഗ്രഹിക്കാത്തവന്‍, പക്ഷേ കൊടുക്കാന്‍ ആഗ്രഹിക്കുന്ന, ആരെയും തല്ലാത്തവന്‍, എന്നാല്‍ തല്ലിയവനെ ജയിലിലേക്ക് അയയ്ക്കാന്‍ ആഗ്രഹിക്കുന്ന ഒരാളെ തെരഞ്ഞെടുക്കൂ,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2017ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തര്‍പ്രദേശിനെ അഞ്ച് വര്‍ഷത്തിനുള്ളില്‍ മാഫിയയില്‍ നിന്ന് മോചിപ്പിക്കുമെന്ന് ബി.ജെ.പി വാഗ്ദാനം ചെയ്തിരുന്നതായും ഷാ പറഞ്ഞു.

‘ഇന്ന് അതിഖ് അഹമ്മദും അസം ഖാനും മുഖ്താര്‍ അന്‍സാരിയും ജയിലിലാണ്. ഒന്നോ രണ്ടോ പേര്‍ മാത്രമാണ് ജയിലിന് പുറത്തുള്ളത്. നിങ്ങള്‍ മാര്‍ച്ച് 10ന് താമര വിരിയിക്കും, അതിനുശേഷം അവരെ ഞങ്ങള്‍ ജയിലിലാക്കും,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ അഞ്ച് വര്‍ഷമായി ഉത്തര്‍പ്രദേശില്‍ ക്രിമിനലുകളെ രാഷ്ട്രീയത്തില്‍ നിന്ന് പുറത്താക്കാന്‍ വേണ്ടി ബി.ജെ.പി പ്രവര്‍ത്തിച്ചുവെന്നും രാഷ്ട്രീയത്തിലെ ക്രിമിനല്‍വല്‍ക്കരണം അവസാനിപ്പിച്ചെന്നും ഷാ അഭിപ്രായപ്പെട്ടു.

‘മുന്‍ കാലങ്ങളെ അപേക്ഷിച്ച് ഇന്ന് ഉത്തര്‍പ്രദേശില്‍ കുറ്റകൃത്യങ്ങളില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ട്. ഉത്തര്‍പ്രദേശിനെ കുറ്റകൃത്യ രഹിത സംസ്ഥാനമാക്കാനുള്ള ഒരു യാത്ര ഞങ്ങള്‍ ആരംഭിച്ചിട്ടുണ്ട്,’ അദ്ദേഹം പറയുന്നു.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശിനെ ഭൂമാഫിയയുടെ പിടിയില്‍ നിന്ന് മോചിപ്പിച്ചിട്ടുണ്ടെന്നും പാവപ്പെട്ടവര്‍ക്ക് വീടുകള്‍ നിര്‍മിച്ചു നല്‍കുന്നുണ്ടെന്നും ഷാ കൂട്ടിച്ചേര്‍ത്തു.

കൊവിഡ്-19 വാക്‌സിന്‍ വന്നതിന് ശേഷം, വാക്‌സിന്‍ എടുക്കരുതെന്ന് അഖിലേഷ് യാദവ് എല്ലാവരോടും പറഞ്ഞിരുന്നു. ഇത് മോദിയുടെ വാക്‌സിനാണ്, അത് ദോഷം ചെയ്യുമെന്നാണ് അദ്ദേഹം പറഞ്ഞത്. ജനങ്ങളുടെ ജീവന് വേണ്ടി പ്രവര്‍ത്തിക്കാതെ രാഷ്ട്രീയം പാകം ചെയ്യുന്നവര്‍ക്ക് ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും അഖിലേഷ് യാദവിനെ കുറ്റപ്പെടുത്തികൊണ്ട് ഷാ പറഞ്ഞു.

മാര്‍ച്ച് ഏഴിനാണ് ജൗന്‍പൂരില്‍ ഏഴാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍.


Content Highlights: Elect candidates who have values of service in their DNA:  Amit Shah