| Monday, 28th September 2020, 8:33 am

'പുതിയൊരു മരുമോന്റെ ആവശ്യം ഉണ്ടായിരുന്നോ': മുഹമ്മദ് റിയാസിനെതിരെ എല്‍ദോസ് കുന്നപിള്ളിയുടെ വ്യക്തിഹത്യ ഫേസ്ബുക്ക് പോസ്റ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹ്‌നാന്‍ രാജിവെച്ചതില്‍ പ്രതികരിച്ചുകൊണ്ട് ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ് മുഹമ്മദ് റിയാസ് എഴുതിയ ഫേസ്ബുക്ക് കുറിപ്പിന് എം.എല്‍.എ എല്‍ദോസ് പി കുന്നപിള്ളില്‍ നല്‍കിയ മറുപടി വിവാദമാകുന്നു.

‘മരുമോന്‍ ഇല്ലാതായപ്പോള്‍ പുതിയൊരു മരുമോന്റെ ആവശ്യം ഉണ്ടായിരുന്നോ എന്ന് സമയം കിട്ടുമ്പോള്‍ ചോദിച്ചു നോക്കു. മറുപടി കിട്ടാതിരിക്കില്ല.’ എന്നാണ് എല്‍ദോസ് കുന്നപിള്ളില്‍ റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചുക്കൊണ്ട് ഫേസ്ബുക്കില്‍ കുറിച്ചത്.

യു.ഡി.എഫിന് കണ്‍വീനറുടെ ആവശ്യമുണ്ടോയെന്നും ആര്‍.എസ്.എസ് കാര്യാലയത്തില്‍ നിന്ന് പറയുന്നത് മാത്രം കേള്‍ക്കുന്ന മുന്നണിക്കെന്തിനാ പ്രത്യേകം ഒരു കണ്‍വീനറെന്നുമായിരുന്നു റിയാസ് ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചിരുന്നത്.

‘യു.ഡി.എഫിന് ഇപ്പോള്‍ കണ്‍വീനറും ഇല്ലാതായി. അല്ലെങ്കിലും ഇപ്പോള്‍ യു.ഡി.എഫിന് കണ്‍വീനറുടെ ആവശ്യമുണ്ടോ? ആര്‍.എസ്.എസ് കാര്യാലയത്തില്‍ നിന്ന് പറയുന്നത് മാത്രം കേള്‍ക്കുന്ന മുന്നണിക്കെന്തിനാ പ്രത്യേകം ഒരു കണ്‍വീനര്‍? സംഘപരിവാര്‍, യു.ഡി.എഫ്, എസ്.ഡി.പി.ഐ, വെല്‍ഫെയര്‍ പാര്‍ട്ടി, ചില മാധ്യമ തമ്പുരാക്കന്മാര്‍, എന്നിവരടങ്ങിയ ‘എല്‍.ഡി.എഫ് സര്‍ക്കാര്‍ അട്ടിമറി മുന്നണി’
കണ്‍വീനര്‍ ആകാന്‍ എന്തുകൊണ്ടും യോഗ്യന്‍ ആര്‍.എസ്.എസ് തലവനല്ലേ? കേരളത്തിലെ മന്ത്രിമാരെ രാജിവെപ്പിച്ചിട്ടേ വിശ്രമിക്കൂ എന്ന് പറഞ്ഞ വ്യക്തി അവസാനം കോണ്‍ഗ്രസ് പാര്‍ട്ടിക്കകത്തെ ആഭ്യന്തരപ്രശ്‌നങ്ങള്‍ കാരണം യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനം സ്വയം രാജിയും വെച്ചു.’ റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

തികച്ചും രാഷ്ട്രീയപരമായി ഉയര്‍ത്തിയ വിമര്‍ശനത്തോട് വ്യക്തിഹത്യാപരമായ പ്രതികരമാണ് എല്‍ദോസ് നടത്തിയത്. രാഷ്ട്രീയമായ ചോദ്യത്തിന് രാഷ്ട്രീയമായ മറുപടിയല്ലേ നല്‍കേണ്ടതെന്നുമാണ് ഫേസ്ബുക്ക് പോസ്റ്റിനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍. അതേസമയം റിയാസിന്റെയും എല്‍ദോസിന്റെയും പോസ്റ്റുകള്‍ക്ക് താഴെ റിയാസിനെ അപമാനിച്ചുക്കൊണ്ട് ലൈംഗികച്ചുവയുള്ള നിരവധി അസഭ്യ കമന്റുകളും വന്നിട്ടുണ്ട്.

ഞായറാഴ്ചയാണ് യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയുകയാണെന്ന് ബെന്നി ബെഹ്‌നാന്‍ എം.പി അറിയിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ ബെന്നി ബെഹ്‌നാന്‍ കണ്‍വീനര്‍ സ്ഥാനം രാജിവെക്കണമെന്ന ധാരണ കെ.പി.സി.സിയിലുണ്ടായിരുന്നു. എന്നാല്‍ എം.പിയായതിന് ശേഷവും സ്ഥാനമൊഴിയാന്‍ ബെന്നി വിമുഖത കാണിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇതിനെതിരെ കെ.പി.സി.സി തന്നെ ദേശീയ നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബെന്നിയുടെ രാജി. എന്നാല്‍ കെ.പി.സി.സി പുനസംഘടനാ പാക്കേജിന്റെ അടിസ്ഥാനത്തിലാണ് കണ്‍വീനറായി ചുമതലയേല്‍ക്കുന്നത്. കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം എടുക്കുന്ന ഒരു തീരുമാനത്തിനുമെതിരെ വിലങ്ങുതടിയായി നില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നുമായിരുന്നു ബെന്നി ബെഹ് നാന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്.

ബെന്നി ബെഹ്‌നാന്റെ രാജി കോണ്‍ഗ്രസിനകത്തെ ഉള്‍പ്പോരുകള്‍ തുറന്നുകാട്ടുകയാണെന്ന പ്രതികരണങ്ങള്‍ ഉയരുന്നതിനിടെയാണ് രാത്രിയോടെ കെ.മുരളീധരന്‍ കെ.പി.സി.സിയുടെ പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം ഒഴിയുകയാണെന്ന് അറിയിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മുരളീധരന്‍ ഇക്കാര്യം അറിയിച്ചത്.

ആവശ്യമില്ലാത്ത സ്ഥലത്ത് നില്‍ക്കേണ്ടതില്ലല്ലോ എന്ന് മുരളീധരന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരുന്നു. സംസ്ഥാന നേതൃത്വത്തോടുള്ള അതൃപ്തികൊണ്ടാണ് മുരളീധരന്റെ രാജിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Eldose P Kunnampillil MLA’s defamatory facebook post against DYFI leader Muhammed Riyas

We use cookies to give you the best possible experience. Learn more