കൊച്ചി: സി.പി.ഐ നടത്തിയ ഡി.ഐ.ജി ഓഫീസ് മാര്‍ച്ചിനിടെ നടന്ന പൊലീസ് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ എല്‍ദോ എബ്രഹാം എം.എല്‍.എയുടെ കൈയ്ക്ക് പരിക്കില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. എം.എല്‍.എയുടെ കൈയുടെ എല്ലിന് ഏതെങ്കിലും തരത്തില്‍ ഒടിവോ, പൊട്ടലോ ഇല്ലെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്.
മെഡിക്കല്‍ റിപ്പോര്‍ട്ട് കലക്ടര്‍ക്ക് കൈമാറി. എം.എല്‍.എക്കും മറ്റു നേതാക്കള്‍ക്കും ഗൗരവമുള്ള തരത്തില്‍ പരിക്കില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം, പരിക്കിനെക്കുറിച്ച് അന്വേഷണം വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.
പൊലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റ സി.പി.ഐ പ്രവര്‍ത്തകരില്‍ നിന്ന് കലക്ടര്‍ മൊഴിയെടുത്തിരുന്നു. എല്‍ദോ എബ്രഹാം എം.എല്‍.എ, സി.പി.ഐ ജില്ലാ സെക്രട്ടറി പി.രാജു, ജില്ലാ എക്‌സിക്യൂട്ടിവ് അംഗം ടി.എസ് സഞ്ജിത്ത്, സംസ്ഥാന കൗണ്‍സില്‍ അംഗം കെ.എന്‍ സുഗതന്‍, ജില്ല പഞ്ചായത്ത് അംഗം അസ്ലഫ് പാറക്കാടന്‍ എന്നിവരാണ് മൊഴി നല്‍കിയത്. വിശദമായ അന്വേഷണ റിപ്പോര്‍ട്ട് കലക്ടര്‍ തിങ്കളാഴ്ച മുഖ്യമന്ത്രിക്ക് കൈമാറും.
അതേസമയം, പൊലീസ് ലാത്തിച്ചാര്‍ജിനെച്ചൊല്ലി സി.പി.ഐയില്‍ ഭിന്നത തുടരുകയാണ്. ലാത്തിച്ചാര്‍ജിനെ തള്ളിപ്പറയാത്ത സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാടിനെതിരെ പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
എം.എല്‍.എ എല്‍ദോ എബ്രഹാം ഉള്‍പ്പെടെയുള്ളവര്‍ക്ക് പൊലീസ് മര്‍ദ്ദനമേറ്റത് പ്രതിഷേധത്തിന് പോയത് കൊണ്ടാണെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞിരുന്നു. ‘എം.എല്‍.എയെ പൊലീസ് വീടുകയറി ആക്രമിച്ചതല്ല. സമരം ചെയ്തിട്ടാണ് അടി കിട്ടിയത്. എനിക്ക് ഇങ്ങനെയേ പ്രതികരിക്കാന്‍ കഴിയൂ’- കാനം പറഞ്ഞിരുന്നു.
അനീതിക്കെതിരെ സമരം ചെയ്യുമ്പോള്‍ ചിലപ്പോള്‍ പൊലീസിനെതിരെയാകും. സംഭവത്തില്‍ കലക്ടറോടു റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. സി.പി.ഐ നേതാക്കളെ തിരിച്ചറിയാന്‍ സാധിച്ചില്ലേയെന്നു പൊലീസിനോട് ചോദിക്കണമെന്നും കാനം പറഞ്ഞിരുന്നു.