തിരുവനന്തപുരം: തനിക്കെതിരെ വ്യാജവും, അപകീര്‍ത്തികരമായ വാര്‍ത്തകള്‍ ചമയ്ക്കാന്‍ പെരുമ്പാവൂര്‍ എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളില്‍ ഓണ്‍ലൈന്‍ ചാനലുകള്‍ക്ക് ഒരുലക്ഷം രൂപ നല്‍കിയെന്ന് പരാതിക്കാരിയായ യുവതിയുടെ ആരോപണം. സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കാനെത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരോടാണ് യുവതി ഇക്കാര്യം വ്യക്തമാക്കിയത്.
ഭാരത് ലൈവ്, പ്രസ് മലയാളം, ക്രൈം ന്യൂസ് എന്നീ ഓണ്‍ലൈന്‍ ചാനലുകള്‍ക്കെതിരെയാണ് യുവതിയുടെ പരാതി. യുവതിയുടെ പേരും ചിത്രവും വെളിപ്പെടുത്തുന്ന വീഡിയോ യൂട്യൂബില്‍ നിന്ന് നീക്കം ചെയ്യാനുള്ള നടപടികള്‍ പൊലീസ് സ്വീകരിക്കുമെന്നാണ് വിവരം.
50,000 രൂപ വീതം രണ്ട് തവണയായാണ് ഓണ്‍ലൈന്‍ ചാനലുകള്‍ക്ക് പണം നല്‍കിയതെന്നും, ഒളിവിലുള്ള സമയത്താണ് പണമിടപാട് നടന്നതെന്നും തെളിവുകള്‍ കൈവശമുണ്ടെന്നും അവര്‍ പറഞ്ഞു. ഇതുസംബന്ധിച്ച് യുവതി കോടതിയില്‍ മൊഴി നല്‍കും.
കുന്നപ്പിള്ളിലിന്റെ സുഹൃത്തിന്റെ അക്കൗണ്ടില്‍ നിന്നാണ് പണം നല്‍കിയത്. ഇതിന്റെ ബാങ്ക് രേഖകള്‍ യുവതി സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫിസിലെത്തി കൈമാറി.
എല്‍ദോസ് കുന്നപ്പള്ളില്‍ എം.എല്‍.എക്ക് അനുകൂലമായുള്ള വാര്‍ത്തകളാണ് ഭാരത് ലൈവ്, ക്രൈം ന്യൂസ് അടക്കമുള്ള യൂട്യൂബ് ചാനലുകളില്‍ വന്നിട്ടുള്ളത്. യൂട്യൂബില്‍ പബ്ലിഷ് ചെയ്തിട്ടുള്ള ഓണ്‍ലൈന്‍ ചാനലുകളുടെ വീഡിയോയില്‍ യുവതിയെ പേരും ചിത്രവും വരെ ഉപയോഗിച്ച് അപകീര്‍ത്തിപ്പെടുത്തുന്നതായും കാണം.
അതിനിടെ, എം.എല്‍.എയെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങളും അന്വേഷണസംഘം നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം പരാതിക്കാരിയുടെ വീട്ടില്‍ നിന്ന് എല്‍ദോസിന്റെ വസ്ത്രങ്ങള്‍ പൊലീസ് കണ്ടെടുത്തിരുന്നു.
ബലാത്സംഗക്കേസില്‍ ഒളിവില്‍ കളിയുന്ന എല്‍ദോസ് കുന്നപ്പിള്ളിലിനെതിരെ വധശ്രമത്തിനും കേസെടുക്കാന്‍ പൊലീസ് നീക്കമുണ്ട്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നീക്കം.
സെപ്റ്റംബര്‍ 14ന് കോവളത്ത് വെച്ച് വധിക്കാന്‍ ശ്രമിച്ചെന്നാണ് ആരോപണം. കോവളം ആത്മഹത്യാമുനമ്പില്‍ വെച്ച് താഴേക്ക് തള്ളിയിട്ട് കൊലപ്പെടുത്താന്‍ കുന്നപ്പിള്ളില്‍ ശ്രമിച്ചെന്നാണ് യുവതി മൊഴി നല്‍കിയിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥനും മജിസ്ട്രേറ്റിനും മുന്നിലാണ് പരാതിക്കാരി മൊഴി നല്‍കിയത്.
കോവളം സൂയിസൈഡ് പോയിന്റില്‍ എത്തിച്ച് തന്റെ പിന്നാലെ എം.എല്‍.എ വന്നു. അപായപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് തോന്നിയപ്പോള്‍ ഓടി രക്ഷപ്പെടുകയിരുന്നു. ഇക്കഴിഞ്ഞ മാസം 14നാണ് ഇതെല്ലാം സംഭവിച്ചതെന്നും പരാതിക്കാരി മജിസ്‌ട്രേറ്റിന് മൊഴി നല്‍കി.
ഓടി രക്ഷപ്പെട്ട് ഒരു വീടിന് പിന്നില്‍ ഒളിച്ചപ്പോള്‍, എം.എല്‍.എയും സുഹൃത്തും അനുനയിപ്പിച്ച് റോഡില്‍ എത്തിച്ചു. തുടര്‍ന്ന് എം.എല്‍.എ മര്‍ദിച്ചപ്പോള്‍ താന്‍ ബഹളമുണ്ടാക്കുകയും നാട്ടുകാര്‍ ഓടി കൂടുകയും പൊലീസ് എത്തുകയും ചെയ്തു. എന്നാല്‍ അവരുടെ മുന്നില്‍വെച്ച് ഭാര്യയാണെന്ന് തെറ്റിദ്ധരിപ്പിച്ച് കാറില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നുവെന്നും പരാതിക്കാരി പറഞ്ഞു.