രണ്ട് ദിവസം മുമ്പ് വരെ പെരുമ്പാവൂരില്‍ സജീവമായിരുന്ന എല്‍ദോസ് കുന്നപ്പിള്ളില്‍ പരാതി ഉയര്‍ന്നതോടെ മുങ്ങിയിരിക്കുയാണ്. രണ്ട് മൊബൈല്‍ ഫോണുകളും സ്വിച്ച് ഓഫ് ആയതോടെ എം.എല്‍.എയെ നേരിട്ട് ബന്ധപ്പെടാന്‍ മറ്റ് മാര്‍ഗങ്ങളില്ല.
രണ്ട് ദിവസമായി പൊതുപരിപാടികള്‍ക്കും എം.എല്‍.എയെ കണ്ടിട്ടില്ല. എല്‍ദോസ് എവിടെയെന്ന് പാര്‍ട്ടി നേതാക്കള്‍ക്കോ പ്രവര്‍ത്തകര്‍ക്കോ വ്യക്തതയില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനം വരുന്നത് വരെ എം.എല്‍.എ മാറിനില്‍ക്കുന്നുവെന്നാണ് അടുത്ത വൃത്തങ്ങളില്‍ നിന്നുള്ള വിവരം.
കഴിഞ്ഞ ദിവസം അധ്യാപികയുടെ പീഡന പരാതിയില്‍ എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിരുന്നു. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് പരാതി.
അതിനിടെ പരാതിക്കാരിയായ യുവതി എല്‍ദോസിന്റെ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് എല്‍ദോസ് കുന്നപ്പിള്ളില്‍ എം.എല്‍.എയുടെ ഭാര്യ പൊലീസില്‍ പരാതി നല്‍കി. പീഡന ആരോപണം ഉന്നയിക്കുന്ന അധ്യാപിക എല്‍ദോസിന്റെ ഫോണ്‍ മോഷ്ടിച്ചെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വഴി കൊടുത്തുവിട്ട പരാതിയില്‍ പറയുന്നത്.
ഈ ഫോണ്‍ ഉപയോഗിച്ച് എം.എല്‍.എയ്ക്ക് എതിരെ അപകീര്‍ത്തികരമായ വിവരങ്ങള്‍ സമൂഹ മാധ്യങ്ങളിലൂടെ പോസ്റ്റ് ചെയ്യുന്നുവെന്നും പരാതിയിലുണ്ട്. അതേസമയം, പെരുമ്പാവൂര്‍ കുറുപ്പംപടി പൊലീസ് വിളിപ്പിച്ചിട്ടും പരാതി സംബന്ധിച്ച് മൊഴി നല്‍കാന്‍ എം.എല്‍.എയുടെ ഭാര്യ തയ്യാറായിട്ടില്ല.
അതേസമയം, പീഡന ആരോപണത്തില്‍ എല്‍ദോസ് കുന്നപ്പിള്ളിലിനോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ പറഞ്ഞു. തെറ്റുകാരന്‍ ആണെങ്കില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്ന നടപടി എടുക്കുമെന്നും സംഭവത്തില്‍ കമ്മീഷനെ നിയോഗിച്ചിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു.
‘ഞങ്ങള്‍ ഒരു കമ്മീഷനും വെച്ചിട്ടില്ല, അദ്ദേഹത്തോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. ആ വിശദീകരണത്തിന് ഉത്തരം കിട്ടിയാല്‍ ബാക്കി ഉള്ള നടപടികള്‍ കേസിനാസ്പദമായി സ്വീകരിക്കും. തെറ്റുകാരന്‍ ആണെങ്കില്‍ അച്ചടക്ക നടപടിയെടുത്ത് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്നതില്‍ സംശയം വേണ്ട. അതാണ് പാര്‍ട്ടിയുടെ നയം,’ സുധാകരന്‍ പറഞ്ഞു.