കൊച്ചി: കെ.വി. തോമസിനെ പിന്തുണച്ച് എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ. സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്തതിന്റെ പേരില്‍ കെ.പി.സി.സി നേതൃത്വം തോമസിനെതിരെ നടപടിയെടുക്കരുതെന്നും മറ്റ് പാര്‍ട്ടി സമ്മേളനങ്ങളില്‍ കോണ്‍ഗ്രസിന്റെ ആശയങ്ങള്‍ പറയുന്നതിനെ വിലക്കാതിരിക്കുന്നതാണ് ഉചിതമെന്നും അദ്ദേഹം പറഞ്ഞു.
അണികളെയിങ്ങനെ പുറത്താക്കിക്കൊണ്ടിരുന്നാല്‍ പാര്‍ട്ടിയില്‍ കഴിവുള്ളവര്‍ വേണ്ടേയെന്നും എല്‍ദോസ് കുന്നപ്പിള്ളി ചോദിച്ചു.
വിലക്ക് ലംഘിച്ച് സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാവ് കെ.വി തോമസിനെതിരെ കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ രംഗത്തുവന്നിരുന്നു. എ.ഐ.സി.സി കെ.വി. തോമസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.നോട്ടീസിന് ഒരാഴ്ചയ്ക്ക് അകം മറുപടി നല്‍കണം.
എ.കെ.ആന്റണി അധ്യക്ഷനായ എ.ഐ.സി.സി അച്ചടക്കസമിതിയാണ് മൂന്ന് മണിക്കൂറോളം നീണ്ട യോഗത്തിന് ശേഷം കെ.വി. തോമസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ തീരുമാനിച്ചത്.
കെ.വി.തോമസിന്റെ മറുപടി ലഭിച്ച ശേഷം അച്ചടക്കസമിതി ഇക്കാര്യത്തില്‍ തുടര്‍നടപടിക്ക് സോണിയ ഗാന്ധിക്ക് ശുപാര്‍ശ നല്‍കും.
അതേസമയം, കോണ്‍ഗ്രസ് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കാന്‍ തനിക്ക് 48 മണിക്കൂര്‍ മതിയെന്ന് കെ.വി. തോമസ് പറഞ്ഞിരുന്നു. അച്ചടക്ക സമിതിയുടെ ഏത് തീരുമാനവും അംഗീകരിക്കുമെന്നും കെ.വി. തോമസ് പറഞ്ഞു.
Content Highlights: Eldhose in support of KV Thomas