| Wednesday, 22nd April 2020, 5:19 pm

'മുഖ്യമന്ത്രിയുടെ മകള്‍ക്ക് സ്പ്രിംക്ലര്‍ എം.ഡിയുമായി അടുത്ത ബന്ധം, കുറഞ്ഞ നാളുകള്‍ക്കുള്ളില്‍ വസതി സന്ദര്‍ശിച്ചത് ആറ് തവണ';ആരോപണവുമായി എല്‍ദോസ് കുന്നപ്പള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കൊവിഡ് രോഗികളുടെ ഡാറ്റാ ശേഖരണം നടത്തുന്നതില്‍ കേരള സര്‍ക്കാരുമായി കരാറിലെത്താന്‍ സ്പ്രിംക്ലര്‍ കമ്പനിക്ക് സാധിച്ചതിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ ഇടപെടലുണ്ടെന്ന് ആരോപിച്ച് എല്‍ദോസ് കുന്നപ്പള്ളി എം.എല്‍.എ. സ്പ്രിംക്ലര്‍ എം.ഡി രാജി തോമസുമായി പിണറായി വിജയന്റെ മകള്‍ വീണ വിജയന് അടുത്ത ബന്ധമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

കുറഞ്ഞ നാളുകള്‍ക്കുള്ളില്‍ രാജി തോമസിന്റെ അമേരിക്കയിലെ ന്യൂജേഴ്‌സിയിലെ വസതി വീണ വിജയന്‍ സന്ദര്‍ശിച്ചത് ആറ് തവണയാണ്. അന്വേഷണ ഏജന്‍സികള്‍ വീണയുടെ പാസ്‌പോര്‍ട്ട് പരിശോധിക്കാന്‍ തയ്യാറാകണം. കൂടുതല്‍ വിവരങ്ങള്‍ തന്റെ കയ്യിലുണ്ടെന്നും പുറത്ത് വിടുമെന്നും എല്‍ദോസ് കുന്നപ്പള്ളി ഫേസ്ബുക്കിലൂടെ അറിയിച്ചു.

സ്പ്രിംക്ലര്‍ ഇടപാട് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച സമിതിയും വിവാദത്തിലകപ്പെട്ടിരിക്കുകയാണ്. ഐ.ടി വകുപ്പിനെതിരായ അന്വേഷണം നടത്തുന്ന സമിതിയില്‍ ഐ.ടി വകുപ്പിന് കീഴിലുള്ള സ്ഥാപനത്തിന്റെ മേധാവിയും ഉള്‍പ്പെട്ടതാണ് പുതിയ വിവാദങ്ങള്‍ക്ക് കാരണമായത്.

സര്‍ക്കാരിന്റെ സ്പ്രിംക്ലര്‍ ഇടപാട് സംബന്ധിച്ച് ഹൈക്കോടതിയില്‍ ഹരജി വരികയും സംഭവം വിവാദമാവുകയും ചെയ്ത സാഹചര്യത്തിലാണ് ഇടപാടിനെക്കുറിച്ച് പരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ രണ്ടംഗ സമിതിയെ നിയോഗിച്ചത്.

മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ മാധവന്‍ നമ്പ്യാര്‍ മുന്‍ ആരോഗ്യ വകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദന്‍ എന്നിവരാണ് സമിതിയംഗങ്ങള്‍. ഐ.ടി വകുപ്പിന് കീഴിലെ സ്വയം ഭരണ സ്ഥാപനമായ ഐ.ഐ.ഐ.ടി.എം.കെയുടെ ചെയര്‍മാനാണ് മാധവന്‍ നമ്പ്യാര്‍.

സ്പ്രിംക്ലര്‍ കരാറില്‍ നടപടിക്രമങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്നും ശേഖരിക്കുന്ന വിവരം സുരക്ഷിതമാണോ എന്നുമാണ് സമിതി അന്വേഷിക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more