Advertisement
Kerala News
നിലമ്പൂരില്‍ വയോധികയ്ക്ക് അയല്‍വാസിയുടെ ക്രൂരമര്‍ദനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 05, 09:54 am
Wednesday, 5th March 2025, 3:24 pm

നിലമ്പൂര്‍: മലപ്പുറം നിലമ്പൂരില്‍ വയോധികയ്ക്ക് നേരെ ക്രൂരമര്‍ദനം. നിലമ്പൂര്‍ സി.എച്ച് നഗറിലെ ഇന്ദ്രാണി എന്ന 80 വയസുകാരിക്കാണ് മര്‍ദനമേറ്റത്.

ഇന്ദ്രാണിയെ സംരക്ഷിക്കാനായി മകന്‍ ചുമതലപ്പെടുത്തിയ അയല്‍വാസിയായ ഷാജിയാണ് മര്‍ദിച്ചത്. വയോധികയുടെ ശബ്ദം കേട്ട് അയല്‍വാസികള്‍ സംഭവസ്ഥലത്തെത്തിയതോടെയാണ് മര്‍ദന വിവരം പുറത്തറിഞ്ഞത്.

സ്ഥലത്തെത്തിയ അയല്‍വാസികള്‍ മര്‍ദനം തടയുകയും നഗരസഭ അധികൃതരെ സംഭവമറിയിക്കുകയുമായിരുന്നു. പിന്നാലെ അധികൃതര്‍ ചേര്‍ന്ന് മര്‍ദനമേറ്റ ഇന്ദ്രാണിയെ ആശുപത്രിയില്‍ പ്രവേശിച്ചിപ്പിച്ചതായാണ് പ്രാഥമിക വിവരം.

മര്‍ദനത്തില്‍ ഇന്ദ്രാണിക്ക് ദേഹമാസകലം പരിക്കേറ്റിട്ടുണ്ട്. ദേഹത്ത് കടിക്കുകയും അടിക്കുകയും ചെയ്തുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അയല്‍വാസി അക്രമിക്കുന്ന ദൃശ്യം പകര്‍ത്തുകയും സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയുമായിരുന്നു. പിന്നാലെ അയല്‍വാസികള്‍ പൊലീസില്‍ അക്രമിക്കെതിരെ പരാതി നല്‍കി.

നേരത്തെയും വയോധികയെ മര്‍ദിച്ചിരുന്നതായും മദ്യപിച്ചെത്തിയായിരുന്നു അക്രമമെന്നും അയല്‍വാസികള്‍ പറഞ്ഞു. മകന്‍ അമ്മയെ പരിചരിക്കാറില്ലെന്നും ഇത്തരത്തില്‍ മറ്റൊരാളെ ഏല്‍പ്പിച്ച് പുറത്ത് പോയപ്പോഴാണ് സംഭവമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: Elderly woman brutally beaten by neighbor in Nilambur