ന്യൂയോര്‍ക്ക്: സിഖ്-അമേരിക്കന്‍ പൗരനായ മദ്ധ്യവയസ്‌കന് ന്യൂയോര്‍ക്കില്‍ മര്‍ദ്ദനവും അധിക്ഷേപവും. നഗരത്തില്‍ വച്ച് ഇന്ദര്‍ജിത് സിങ് മുക്കര്‍ എന്നയാളെയാണ് ഒരു കാര്‍ ഡ്രൈവര്‍ ക്രൂരമായി മര്‍ദ്ദിക്കുകയും “തീവ്രവാദി”, “ബിന്‍ലാദന്‍” എന്നിങ്ങനെ വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തത്. സെപ്റ്റംബര്‍ 11ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണ വാര്‍ഷികം നടക്കാനിരിക്കെയാണ് സംഭവം.
ഇന്നലെ പലചരക്കു കടയിലേക്കുള്ള യാത്രയ്ക്കിടെ മുക്കറിന്റെ കാര്‍ അമേരിക്കക്കാരനായ മറ്റൊരു കാര്‍ ഡ്രൈവര്‍ തടയുകയായിരുന്നു. തുടര്‍ന്ന് കാറിനെ സമീപിച്ച ഇയാള്‍ മുക്കറിനെ വലിച്ചു പുറത്തിടുകയും മുഖത്ത് ക്രൂരമായി ഇടിക്കാന്‍ തുടങ്ങുകയും ചെയ്തു. ഇതോടെ മുക്കറിന് ബോധം നഷ്ടമായി. ഇതിനിടെ “തീവ്രവാദി, ബിന്‍ലാദന്‍, നിന്റെ രാജ്യത്തേക്ക് മടങ്ങിപ്പോ” എന്ന് ഇയാള്‍ ആക്രോശിച്ചതായും അമേരിക്കയിലെ സിഖ് സംഘടനയായ സിഖ് കൊയാലിഷന്‍ പറഞ്ഞു.
മുക്കറിനെ ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കവിളെല്ലിന് പൊട്ടലും മുഖത്ത് ചതവും വീക്കവും സംഭവിച്ചിട്ടുണ്ട്. അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
“ഒരു അമേരിക്കക്കാരനും ഈ രാജ്യത്തോട് തന്റെ സത്യസന്ധത കാട്ടുന്നതില്‍ ഭയപ്പെടേണ്ടിവരുന്ന സാഹചര്യമുണ്ടാകരുത്.” മുക്കര്‍ പറഞ്ഞു. “അക്രമിക്കെതിരെ ഉടനടി നടപടിയെടുത്ത അധികൃതരോട് എനിക്ക് നന്ദിയുണ്ട്. എന്നാല്‍ ഈ സംഭവത്തെ ഒരു വംശീയാധിക്ഷേപക്കുറ്റമായി അന്വേഷിക്കാത്ത പക്ഷം സിഖുകാരും മറ്റ് ന്യൂനപക്ഷ വിഭാഗക്കാരും ഇവിടെ അനുഭവിക്കുന്ന അസഹിഷ്ണുതയും അധിക്ഷേപവും അക്രമങ്ങളും തുടരുക തന്നെ ചെയ്യും.” മുക്കര്‍ വ്യക്തമാക്കി.
ഇത് വംശീയമായ വിദ്വേഷം ലക്ഷ്യം വച്ചുള്ള അതിക്രമം തന്നെയാണെന്നാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്ന് സിഖ് കൊയാലിഷന്‍ ഡയറക്ടര്‍ ഹരിസിമ്രാന്‍ കൗര്‍ പ്രതികരിച്ചു. മുക്കറിന്റെ സിഖ് ആചാരപ്രകാരമുള്ള വസ്ത്രധാരണരീതിയും വംശീയമായി മറ്റൊരു രാജ്യത്താണ് ജനിച്ചതെന്നതുമാണ് അക്രമത്തിന് നിദാനമായതെന്നും അദ്ദേഹം പറഞ്ഞു.
“ഇത് ഒരു വംശീയാധിക്ഷേപമായി കണക്കാക്കണമെന്നും അത്തരത്തില്‍ അടിയന്തര അന്വേഷണം നടത്തണമെന്നുമാണ് അധികൃതരോട് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നത്.” കൗര്‍ പറഞ്ഞു.
സിഖുകാര്‍ക്കെതിരെ 9/11 സംഭവത്തിനുശേഷം നടന്നുവരുന്ന അക്രമസംഭവങ്ങളില്‍ ഏറ്റവും പുതിയതാണ് ഇത്. കഴിഞ്ഞ ഓഗസ്റ്റില്‍ സിഖുകാരനായ സന്ദീപ് സിങ്ങിനെ “തീവ്രവാദി” എന്ന് ആക്ഷേപിച്ചുകൊണ്ട് ന്യൂയോര്‍ക്ക് നഗരത്തിലൂടെ വലിച്ചിഴച്ചിരുന്നു. 2012ലെ മറ്റൊരു സംഭവത്തില്‍ സിഖ് വംശജരുടെ വിസ്‌കോണ്‍സിനിലെ പ്രാര്‍ത്ഥനാകേന്ദ്രത്തിനുനേരെ ഒരാള്‍ നടത്തിയ വെടിവെപ്പില്‍ ആറു സിഖുകാര്‍ കൊല്ലപ്പെട്ടിരുന്നു.