|

കുംഭമേളയില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങള്‍ വില്‍ക്കുന്നതിനിടെ മുസ്‌ലിം കച്ചവടക്കാരന് ഹിന്ദുത്വവാദികളുടെ ഭീഷണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പ്രയാഗ്‌രാജ്: മഹാ കുഭമേളയില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങള്‍ വില്‍ക്കുന്നതിനിടെ മുസ്‌ലിം കച്ചവടക്കാരനെതിരെ ഭീഷണിയുമായി തീവ്ര ഹിന്ദുത്വവാദികള്‍. ജനുവരി 25നാണ് സംഭവം നടന്നത്. ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം ചര്‍ച്ചയായത്.

ഗംഗ നദിയുടെ തീരങ്ങളില്‍ ദൈവങ്ങളുടെ പ്രതീകാത്മക ചിത്രങ്ങളും രൂപങ്ങളും വില്‍ക്കുന്നതിനിടെയാണ് കച്ചവടക്കാരന്‍ ഭീഷണി നേരിട്ടത്. മധ്യവയസ്‌കനായ കച്ചവടക്കാരനെയാണ് ഹിന്ദുത്വവാദികള്‍ സംഘം ചേര്‍ന്ന് ഭീഷണിപ്പെടുത്തിയത്.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍, കുഭമേളക്ക് എത്തുന്നവര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നിങ്ങള്‍ വായിച്ചിട്ടുണ്ടോയെന്നും ഇവിടെ കച്ചവടം നടത്താന്‍ നിങ്ങള്‍ എങ്ങനെ ധൈര്യം വന്നുവെന്നും ഒരാള്‍ കച്ചവടക്കാരനോട് ചോദിക്കുന്നുണ്ട്.

ഇതിന് മറുപടിയായി തങ്ങള്‍ ഈ നാട്ടുകാരാണെന്നും വര്‍ഷങ്ങളായി ഈ ബിസിനസാണ് നടത്തുന്നതെന്നും കച്ചവടക്കാരന്‍ പറയുന്നുണ്ട്. അദ്ദേഹത്തിനോടൊപ്പം രണ്ട് സ്ത്രീകളെയും വീഡിയോയില്‍ കാണാം.

എന്നാല്‍ കച്ചവടം എന്തുമായിക്കോട്ടെ നിങ്ങള്‍ ഒരു ഹിന്ദുവല്ല എന്ന് ഹിന്ദുത്വവാദികള്‍ ആക്രോശിക്കുന്നുമുണ്ട്. തുടര്‍ന്ന് ഇവരെ ബലംപ്രയോഗിച്ച് കച്ചവട സ്ഥലത്ത് നിന്ന് മാറ്റുകയായിരുന്നു. പൊലീസിന്റെ സാന്നിധ്യത്തിലാണ് ഹിന്ദുത്വവാദികള്‍ കച്ചവടക്കാരനെതിരെ ഭീഷണി മുഴക്കിയത്.

കുഭമേള ആരംഭിക്കുന്നതിന് മുന്നോടിയായി ഈ മേഖലകളില്‍ അഹിന്ദുക്കളായ കച്ചവടക്കാരെ വ്യാപാരം നടത്താന്‍ അനുവദിക്കരുതെന്നും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഇതില്‍ നടപടി സ്വീകരിക്കണമെന്നും അഖില ഭാരതീയ അഖാര പരിഷത്ത് ഉള്‍പ്പെടെയുള്ള ഹിന്ദുത്വ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.

ഹിന്ദു, സിഖ്, ബുദ്ധ, ജൈന മതസ്ഥരായവര്‍ക്ക് മാത്രമേ കുംഭമേളക്കിടെ കടയിടാന്‍ സ്ഥലവും സൗകര്യവും നല്‍കുള്ളുവെന്ന് എ.ബി.എ.പി പ്രസിഡന്റ് മഹന്ത് രവീന്ദ്ര പുരി പറഞ്ഞിരുന്നു.

ഹിന്ദുക്കളായ കച്ചവടക്കാരില്‍ നിന്ന് മാത്രമേ സാധനങ്ങള്‍ വാങ്ങാന്‍ പാടുള്ളൂവെന്നും സംഘടനകള്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ യു.പി സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇത്തരത്തിലുള്ള ഔദ്യോഗിക ഉത്തരവുകളോ മാര്‍ഗനിര്‍ദേശങ്ങളോ ഉണ്ടായിട്ടില്ല.

എന്നാല്‍ മുസ്‌ലിം കച്ചവടക്കാരെ വിലക്കാനുള്ള നീക്കത്തിനെതിരെ യു.പിയില്‍ വലിയ പ്രതിഷേധവും ഉണ്ടായിരുന്നു. നീക്കം രാജ്യത്തെ കോടിക്കണക്കിന് ആളുകള്‍ക്കിടയില്‍ ആശങ്ക ഉയര്‍ത്തുമെന്ന് മുസ്‌ലിം സംഘടനകള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

മുസ്‌ലിം കച്ചവടക്കാര്‍ക്ക് അവസരം നിഷേധിക്കുന്ന നീക്കം ഇന്ത്യയുടെ അടിസ്ഥാന മൂല്യങ്ങളായ മതനിരപേക്ഷത, സാമൂഹിക ഐക്യം എന്നിവയ്ക്ക് എതിരാണെന്നും മതം നോക്കാതെ എല്ലാ പൗരന്മാര്‍ക്കും സമാധാനത്തോടെ ജീവിക്കാനുള്ള അവകാശം ഇന്ത്യയിലുണ്ടെന്നും സംഘടനകള്‍ പ്രതികരിച്ചിരുന്നു.

Content Highlight: Elderly muslim vendor harassed, evicted by Hindutva group at Maha Kumbh mela 2025