ബി.സി.സി.ഐയിലെ വിചക്ഷണന്‍മാര്‍ എഴുതി തള്ളിയാലും വിരാടില്‍ വിശ്വാസമുള്ള ഒരു ജനതയുണ്ട്; കോഹ്‌ലിയുടെ സെഞ്ച്വറി ആഘോഷിക്കുന്ന വൃദ്ധന്റെ വൈറല്‍ വീഡിയോ
Sports News
ബി.സി.സി.ഐയിലെ വിചക്ഷണന്‍മാര്‍ എഴുതി തള്ളിയാലും വിരാടില്‍ വിശ്വാസമുള്ള ഒരു ജനതയുണ്ട്; കോഹ്‌ലിയുടെ സെഞ്ച്വറി ആഘോഷിക്കുന്ന വൃദ്ധന്റെ വൈറല്‍ വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 9th September 2022, 3:34 pm

കഴിഞ്ഞ ദിവസമായിരുന്നു ഇന്ത്യ ഏഷ്യാ കപ്പ് 2022ല്‍ തങ്ങളുടെ അവസാന മത്സരം കളിച്ചത്. സൂപ്പര്‍ ഫോറില്‍ അഫ്ഗാനെ തറപറ്റിച്ചായിരുന്നു നിലവിലെ ചാമ്പ്യന്‍മാര്‍ മടങ്ങിയത്.

അവസാന മത്സരത്തില്‍ പടുകൂറ്റന്‍ ജയം സ്വന്തമാക്കിയെങ്കിലും തലയുയര്‍ത്തിയല്ല ഇന്ത്യന്‍ ടീം യു.എ.ഇയില്‍ നിന്നും മടങ്ങുന്നത്. ടീമിന്റെ പ്രകടനത്തില്‍ ആരാധകര്‍ ഏറെ നിരാശരുമായിരുന്നു.

എന്നാല്‍, ഇന്ത്യന്‍ ആരാധകര്‍ക്ക് ഏറെ സന്തോഷം നല്‍കുന്നത് മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ തിരിച്ചുവരവാണ്. ഏഷ്യാ കപ്പിലെ ആദ്യ മത്സരം മുതല്‍ തിരിച്ചുവരവിന്റെ സൂചനയായിരുന്നു താരം നല്‍കിയത്.

രണ്ടാം മത്സരത്തില്‍ അര്‍ധസെഞ്ച്വറി തികച്ച വിരാട്, പാകിസ്ഥാനെതിരായ മത്സരത്തില്‍ വീണ്ടും മികച്ച പ്രകടനം ആവര്‍ത്തിച്ചു. സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തിലായിരുന്നു ആരാധകര്‍ക്ക് തങ്ങളുടെ പഴയ വിരാടിനെ തിരിച്ചുകിട്ടിയത്.

ഫോം ഔട്ടില്‍ നിന്നും ഫോം ഔട്ടിലേക്ക് നടന്നുകൊണ്ടിരുന്ന വിരാടിന് ലഭിച്ച അത്താണിയായിരുന്നു ഏഷ്യാ കപ്പ്. വിമര്‍ശകരുടെ നെഞ്ചില്‍ ചവിട്ടിക്കൊണ്ട് അയാള്‍ തന്റെ കരിയറിലെ 71ാം സെഞ്ച്വറി സ്വന്തമാക്കിയപ്പോള്‍ ക്രിക്കറ്റ് ലോകമൊന്നാകെ വിരാടിന് വേണ്ടി കയ്യടിച്ചിരുന്നു.

1021 ദിവസത്തെ സെഞ്ച്വറി വരള്‍ച്ചക്ക് വിരാമമിട്ടുകൊണ്ടായിരുന്നു വിരാട് തന്റെ 71ാം ശതകം കുറിച്ചത്. വിരാട് തന്റെ സെഞ്ച്വറി ആഘോഷിക്കുമ്പോള്‍ ഗാലറിയില്‍ നിന്നും വിരാടിന് ആദരമര്‍പ്പിക്കുന്ന ഒരു വയോധികന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്.

വിരാട് സൗമ്യനായി, തന്റെ വിവാഹമാലയില്‍ ചുംബിച്ച്, ഈ സെഞ്ച്വറി തന്റെ ഭാര്യക്കും മകള്‍ക്കും സമര്‍പ്പിച്ചപ്പോള്‍, ഗാലറിയില്‍ നിന്നും വിരാടിനായി ബോ ഡൗണ്‍ ചെയ്യുന്ന ആരാധകന്റെ വീഡിയോ വൈറലാവുകയാണ്.

അന്താരാഷ്ട്ര ടി-20 കരിയറിലെ ആദ്യ സെഞ്ച്വറിയാണ് അഫ്ഗാനെതിരെ കഴിഞ്ഞ മത്സരത്തില്‍ പിറന്നത്. താന്‍ സെഞ്ച്വറിക്കായി കാത്തിരിക്കുകയായിരുന്നെങ്കിലും ഒരിക്കലും സെഞ്ച്വറി നേടുമെന്ന് കരുതാത്ത ഫോര്‍മാറ്റിലായിരുന്നു സെഞ്ച്വറി നേടിയതെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

2019ല്‍ ബംഗ്ലാദേശിനെതിരെ 70ാം സെഞ്ച്വറി കുറിച്ച വിരാടിന് അടുത്ത സെഞ്ച്വറിയിലേക്ക് നടന്നെത്താന്‍ ആയിരത്തിലധികം ദിവസമായിരുന്നു വേണ്ടി വന്നത്.

അഫ്ഗാനെതിരായ മത്സരത്തില്‍ ഓപ്പണറുടെ റോളില്‍ കളിച്ച വിരാട് മുന്നില്‍ കിട്ടിയ എല്ലാ ബൗളര്‍മാരെയും കണക്കറ്റ് പ്രഹരിച്ചിരുന്നു. ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ സാധിക്കുമെന്ന് കരുതിയ അഫ്ഗാന്റെ ബൗളിങ് നിരയെ തച്ചുതകര്‍ത്തായിരുന്നു വിരാട് മുന്നേറിയത്.

53 പന്തിലായിരുന്നു വിരാട് നൂറടിച്ചത്. അവിടം കൊണ്ടും അവസാനിക്കാതെ താരം റണ്ണടിച്ചുകൂട്ടി മുന്നേറുകയായിരുന്നു. ഒടുവില്‍ 61 പന്തില്‍ നിന്നും 200 സ്‌ട്രൈക്ക് റേറ്റില്‍ 122 റണ്‍സാണ് വിരാട് അടിച്ചുകൂട്ടിയത്. 12 ഫോറും ആറ് സിക്‌സറുമാണ് വിരാടിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

ഇത്രയും നാള്‍ തന്നെ ഫോം ഔട്ടിന്റെ പേരില്‍ കളിയാക്കുകയും പുച്ഛിക്കുകയും ചെയ്ത വിമര്‍ശകരുടെ നെഞ്ചില്‍ ചവിട്ടിയായിരുന്നു താരം സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

 

Content Highlight: Elderly man bows to Virat Kohli after 71st international century against Afghanistan