| Sunday, 28th October 2018, 9:18 am

ക്രിസ്റ്റ്യാനോ ഇല്ലെങ്കില്‍ മെസിയുമില്ല; സീസണിലെ ആദ്യ എല്‍ക്ലാസിക്കോ ഇന്ന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബാര്‍സലോന: ഒരു പതിറ്റാണ്ടുകാലം എല്‍ക്ലാസിക്കോ അങ്കത്തില്‍ ലോകത്തെ ത്രസിപ്പിച്ച സൂപ്പര്‍ താരങ്ങളായ ക്രിസ്റ്റ്യാനോയും മെസിയുമില്ലാതെ എല്‍ക്ലാസിക്കോയ്ക്ക് ന്യൂകാംപ് ഒരുങ്ങുന്നു. പരുക്കേറ്റ മെസിയില്ലാതെ കാറ്റലന്‍മാര്‍ ഇറങ്ങുമ്പോള്‍ റൊണാള്‍ഡോ ക്ലബ് വിട്ടതിന് ശേഷം താളം കണ്ടെത്താനാകാതെയാണ് മഡ്രീഡിയന്‍സ് ന്യൂ കാംപിലെത്തുന്നത്.

2007ലാണ് അവസാനമായി മെസിയും റോണോയുമില്ലാതെ എല്‍ക്ലാസിക്കോ നടന്നത്. ഇന്ത്യന്‍ സമയം 8.45നാണ് മത്സരം

സെവിയ്യയ്‌ക്കെതിരായ മത്സരത്തിനിടെയാണ് കൈക്ക് പരുക്കേറ്റ് മെസി കളം വിട്ടത്. മെസിയില്ലാത്ത ബാര്‍സ ചീട്ട് കൊട്ടാരമാണെന്ന വിമര്‍ശകരുടെ വായടപ്പിക്കുന്ന മറുപടി ചാംപ്യന്‍സ്‌ലീഗില്‍ കാറ്റലന്‍ പട നല്‍കിയിരുന്നു. ഇന്റര്‍മിലാനെ ഏകപക്ഷീയമായ രണ്ട് ഗോളിന് തോല്‍പിച്ച വരിശീലകന്‍ ടീമിനെ സെറ്റാക്കി.

ALSO READ: റിസര്‍വ് ബാങ്കിന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനാവുന്നില്ല; മൂലധന നീക്കിയിരിപ്പിന്റെ വലിയൊരു പങ്ക് കേന്ദ്ര സര്‍ക്കാര്‍ ചോദിച്ചുവാങ്ങുന്നു: ഡെപ്യൂട്ടി ഗവര്‍ണര്‍ വീരല്‍ ആചാര്യ

മുന്നേറ്റത്തില്‍ കുട്ടിഞ്ഞോ-സുവാരസ് സഖ്യവും മധ്യനിരയില്‍ ആര്‍തര്‍-റാക്കിട്ടിച്ച് കൂട്ടുകെട്ടിലുമാണ് ബാര്‍സ പ്രതീക്ഷകള്‍. എന്നാല്‍ പ്രതിരോധത്തിലെ വിശ്വസ്ഥരായ ഉംറ്റിറ്റി-വെര്‍മലന്‍ സഖ്യത്തിന്റെ അഭാവം ബാര്‍സയ്ക്ക് തിരിച്ചടിയാകും

മറുഭാഗത്ത് റയല്‍ ജീവന്‍മരണ പോരാട്ടത്തിലാണ്. പരിശീലകന്‍ ലൊപെറ്റജ്യുയിക്ക് നിലനില്‍ക്കാന്‍ ജയം അനിവാര്യമാണ്. സിദാനും റൊണാള്‍ഡോയും ക്ലബ് വിട്ടതിന് ശേഷം ടീമിന് കണ്ടക ശനിയാണ്.

പോയന്റ് ടേബിളില്‍ എട്ടാമതുള്ള റയലിന് ലീഗില്‍ ടോപ് ഫോറിലെത്താന്‍ തുടര്‍ജയങ്ങള്‍ അനിവാര്യമാണ്.

പരുക്കേറ്റ ഡാനി കര്‍വയാല്‍ തിരിച്ചെത്തുന്നതാണ് റയല്‍ ക്യാംപില്‍ നിന്നുള്ള സന്തോഷ വാര്‍ത്ത.അവസാന മത്സരത്തില്‍ ചെക് ക്ലബ് വിക്ടോറിയ പ്രാസയ്‌ക്കെതിരെ കഷ്ടിച്ച് ജയിച്ച റയല്‍ ബാര്‍സയ്‌ക്കെതിരെ വിയര്‍ക്കുമോയെന്ന് കാത്തിരുന്ന് കാണാം.

We use cookies to give you the best possible experience. Learn more