Elaveezhapoonjira Review | കഥയേക്കാള്‍ അസ്വസ്ഥതപ്പെടുത്തുന്ന കാറ്റും മഴയും | ANNA'S VIEW
അന്ന കീർത്തി ജോർജ്

കാറ്റും മഴയും മിന്നലും ആര്‍ക്കും എത്തിപ്പെടാനാകാത്ത ഒരു കുന്നും ഒറ്റപ്പെടലും ചേര്‍ന്ന് അസ്വസ്ഥതപ്പെടുത്തുന്ന ലൊക്കേഷനിലാണ് ഇലവീഴാപൂഞ്ചിറയുടെ കഥ നടക്കുന്നത്. ഏറ്റവും സുന്ദരമെന്ന രീതിയില്‍ മാത്രം പൊതുവെ ചിത്രീകരിക്കപ്പെടുന്ന ചില സ്ഥലങ്ങളെയും പ്രകൃതിയിലെ മറ്റു പലതിനെയും മറ്റൊരു രീതിയില്‍, പേടി കലര്‍ന്ന് പിരിമുറക്കത്തോടെ അവതരിപ്പിക്കാന്‍ സിനിമക്ക് കഴിയുന്നുണ്ട്. അടുത്തിറങ്ങിയ പടങ്ങളില്‍ വലിയ വിമര്‍ശനം ഏറ്റുവാങ്ങിയ സൗബിനും സൗബിന്‍ ആരാധകര്‍ക്കും ആശ്വാസമാണ് ഇലവീഴാപൂഞ്ചിറ. എന്നാല്‍ വളരെ പതുക്കെ നീങ്ങുന്ന ആദ്യ പകുതിയും, പ്രതീക്ഷയ്‌ക്കൊപ്പമെത്താതെ ക്ലീഷേയിലേക്ക് നീങ്ങിയ ക്ലൈമാക്‌സും സിനിമയെ പുറകോട്ടടിക്കുകയാണ്.

ജോസഫ്, നായാട്ട് എന്നീ സിനിമകളുടെ തിരക്കഥാകൃത്തായ ഷാഹി കബീര്‍ സംവിധായകനായ സിനിമയാണ് ഇലവീഴാപൂഞ്ചിറ. ഷാഹി കബീര്‍ എന്ന പൊലീസുകാരന്‍ കൂടിയായ സിനിമാക്കാരന്‍ മുന്‍ സിനിമകളിലേതു പോലെ തന്നെ വളരെ സാധാരണക്കാരായ ഒരു ഹീറോയിക് പരിവേഷവും അവകാശപ്പെടാനില്ലാത്ത, കോപ്ലിക്കേറ്റഡായ ജീവിതസാഹചര്യങ്ങളിലൂടെ കടന്നുപോകേണ്ടി വരുന്ന പൊലീസുകാരെയാണ് ഈ സിനിമയിലും അവതരിപ്പിച്ചിരിക്കുന്നത്.

സൗബിന്റെ മധുവും അവിടെയുള്ള മറ്റു പൊലീസുകാരുമെല്ലാം ഇത്തരത്തില്‍ നാട്ടില്‍ കാണുന്ന, സിനിമയില്‍ അദ്ദേഹം കാണാത്ത പൊലീസുകാരാണ്. അവര്‍ നേരിടുന്ന പ്രതിസന്ധികളും ഒരേസമയം വളരെ സാധാരണവും, അതേസമയം പൊലീസ് ജോലിയില്‍ മാത്രം നേരിടേണ്ടി വരുന്നതുമാണ്.

ഇലവീഴാപൂഞ്ചിറയുടെ ഏറ്റവും ആദ്യത്തെ സീന്‍ സിനിമയുടെ മൂഡ് സെറ്റ് ചെയ്യുന്നതിലും പ്രേക്ഷകരുടെ ഇന്‍ട്രസ്റ്റ് ബില്‍ഡ് ചെയ്യുന്നതിലും വലിയ പങ്കുവഹിക്കുന്നുണ്ട്. അടുത്ത കാലത്തു കണ്ട ത്രില്ലറുകളിലെ മികച്ച ഓപ്പണിങ്ങ് ഷോട്ടായിരുന്നു ഇത്. ആ കാല്‍പാദം കണ്ടവര്‍ക്ക് കാര്യം പിടി കിട്ടികാണും.

സിനിമയുടെ ആദ്യ പകുതി ഇലവീഴാ പൂഞ്ചിറ എന്ന പ്രദേശത്തെയും അവിടെയുള്ള ചെക്ക് പോസ്റ്റ് പോലെത്തെ സ്ഥലത്തെ ചില പൊലീസുകാരെയും അവരുടെ ജീവിതരീതികളെയും ഇന്‍ട്രൊഡ്യൂസ് ചെയ്യാനാണ് ഉപയോഗിക്കുന്നത്. ഓപ്പണിങ്ങ് ഷോട്ട് സൃഷ്ടിക്കുന്ന ഇംപാക്ടിനൊപ്പമെത്താന്‍ ഈ ഭാഗങ്ങള്‍ക്ക് ആകുന്നില്ലെങ്കിലും ആ സ്ഥലത്തെയും ക്യാരക്ടേഴ്‌സിനെയും പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ കഴിയുന്നുണ്ട്.

പേടിപ്പിക്കും വിധമാണെങ്കിലും, ഇലവീഴാ പൂഞ്ചിറയെ ഗംഭീരമായി പ്ലേസ് ചെയ്തിരിക്കുന്നിടത്താണ് ഷാഹി കബീറിന്റെ സംവിധാനം മികച്ചു നില്‍ക്കുന്നത്. നിധീഷും ഷാജി മാറാടും ചേര്‍ന്നൊരുക്കിയ തിരക്കഥ മികച്ചു നില്‍ക്കുന്നതും ഈ ഭാഗങ്ങളിലാണ്. മഴ, കോടമഞ്ഞ്, കുന്നിന്‍മുകള്‍, കാറ്റ്, കാട്ടുചോല തുടങ്ങിയവയെല്ലാം സാധാരണയായി ഒരു റൊമാന്റിക് രീതിയിലാണ് സാധാരണയായി കാണിക്കാറുള്ളതെങ്കില്‍, ഈ സിനിമയില്‍ അവയെല്ലാം അസ്വസ്ഥതപ്പെടുത്തും വിധമാണ് കടന്നുവരുന്നത്.

സിനിമയുടെ നിഗൂഢതയും കഥാപാത്രങ്ങള്‍ കടന്നുപോകുന്ന വേദനയും ഒറ്റപ്പെടലുമെല്ലാം ഈ സ്ഥലത്തിന്റെ പോര്‍ട്രെയ്‌ലിലൂടെയാണ് ആളുകളിലേക്ക് എത്തുന്നത്. സിനിമ വളരെ ദുര്‍ബലമായി പോകുന്നിടത്തെല്ലാം ഇലവീഴാപൂഞ്ചിറ സിനിമയുടെ ആസ്വദനത്തെ പിടിച്ചുയര്‍ത്തി നിര്‍ത്തും. മനേഷ് മാധവന്റെ ക്യാമറയും കിരണ്‍ ദാസിന്റെ എഡിറ്റുമെല്ലാം ഇവിടെയാണ് ബ്രില്യന്റാക്കുന്നത്.

സിനിമയിലെ അടുത്ത ഘടകം കഥാപാത്രസൃഷ്ടിയാണ്. വളരെ കുറച്ച് പേരെ സിനിമയിലുള്ളു. പൂര്‍ണമായും വിജയിച്ചിട്ടില്ലെങ്കിലും എല്ലാ കഥാപാത്രങ്ങള്‍ക്കും പ്രത്യേകമായ ക്യാരക്ടര്‍ സ്‌കെച്ച് നല്‍കാന്‍ തിരക്കഥയില്‍ ശ്രമിച്ചിട്ടുണ്ട്. സൗബിന്റെ മധു, സുധി കോപ്പയുടെ സുധി എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. ജൂഡ് ആന്തണിയുടെ പ്രഭുവും മറ്റു ചില പൊലീസുകാരും ഇടയ്ക്ക് ഇലവീഴാപൂഞ്ചിറയിലെത്തുന്ന ചിലരുമാണ് സിനിമയിലുള്ളത്.

മധു, സുധി എന്നിവരിലൂടെയാണ് കഥ നീങ്ങുന്നത്. വിരുദ്ധധ്രുവങ്ങളിലുള്ളവരാണ് ഇവര്‍. സൗബിനും സുധി കോപ്പയും പെര്‍ഫോമന്‍സ് കൊണ്ട് തങ്ങളുടെ ക്യാരക്ടറുകള്‍ക്ക് പൂര്‍ണത നല്‍കുന്നുണ്ട്. ഒറ്റപ്പെടലും അസ്വസ്ഥതയും നിറഞ്ഞുനില്‍ക്കുന്ന, ജീവിതം വളരെ പരുക്കനാക്കി തീര്‍ത്ത ഒരാളെ പോലെയാണ് മധു. മധുവിനെ ഭംഗിയായി തന്നെ സൗബിന്‍ അവതരിപ്പിച്ചിട്ടുണ്ട്.

സി.ബി.ഐ, ജാക്ക് ആന്റ് ജില്‍ എന്നീ സിനിമകളിലെ പ്രകടനത്തിന് വിമര്‍ശനം നേരിട്ട സൗബിനെ കുറിച്ച് വീണ്ടും പ്രതീക്ഷ നല്‍കുന്നുണ്ട് ഈ സിനിമ. പക്ഷെ ക്യാരക്ടര്‍ ഡെവലപ്പ്‌മെന്റില്‍ വന്ന പാളിച്ചകള്‍, പ്രേക്ഷകരുമായി കണക്ട് ചെയ്യാനാകാത്ത വിധം കഥാപാത്രത്തെ പുറകോട്ട് നടത്തുന്നുണ്ട്. മാത്രമല്ല, സൗബിന്റെയും മറ്റു ചില ക്യാരക്ടേഴ്‌സിന്റെയും ഡയലോഗ് വ്യക്തമല്ലായിരുന്നു. ഇത് തിയേറ്ററിന്റെ സാങ്കേതികപ്രശ്‌നങ്ങളാണോയെന്ന് അറിയില്ല.

മധുവില്‍ നേര്‍വിപരീതമായ സ്വഭാവ സവിശേഷതകളുള്ള സുധി വളരെ വാചാലനും എക്‌സ്‌ട്രോവേര്‍ട്ടുമായ കഥാപാത്രമാണ്. അതേസമയം ഇയാളിലെ ദുഷിച്ച ചില സ്വഭാവങ്ങളെ വളരെ ചെറിയ ചില ആക്ഷന്‍സിലൂടെ സുധി കോപ്പ കാണിച്ചു തരുന്നുണ്ട്. ഇന്റിമേറ്റാകുന്ന കപ്പിള്‍സിനെ ഒളിഞ്ഞിരുന്ന് നോക്കുന്ന സുധിയുണ്ട്. ഈ സീനടക്കം ഓരോ ഭാഗങ്ങളും ഗംഭീരമായാണ് നടന്‍ അവതരിപ്പിച്ചിരിക്കുന്നത്.

സൗബിനും സുധിയും കോമ്പിനേഷന്‍ സീനുകളാണ് സിനിമയിലുടനീളമുള്ളത്. അതെല്ലാം നല്ല രീതിയില്‍ വര്‍ക്ക് ഔട്ടായിട്ടുണ്ട്. ഇങ്ങനെയൊക്കെ പുറമേക്ക് കാണുന്ന ഈ ക്യാരക്ടേഴ്‌സിന്റെ വിവിധ ലെയറുകള്‍ സിനിമയുടെ ഓരോ ഘട്ടങ്ങളിലായി പുറത്തുവരും. കഥയുമായി ചേര്‍ന്നു കിടക്കുന്നതിനാല്‍ അതേ കുറിച്ച് അധികം പറയുന്നില്ല.

സിനിമയില്‍ ഭാര്യ ഭര്‍ത്താവ് ബന്ധങ്ങളെ കുറിച്ചും സദാചാരത്തെ കുറിച്ചും പലയിടങ്ങളില്‍ പ്രതിപാദിക്കുന്നുണ്ട്. അവിടങ്ങളെല്ലാം പണ്ടു മുതലേ കേള്‍ക്കുന്ന ചില സദാചാരകുത്തലിന്റെ കഥകളിലേക്കും ബോധ്യങ്ങളിലേക്കും ചുരുങ്ങിപ്പോയിരുന്നു.

സിനിമയുടെ ആദ്യ പകുതി വളരെ സ്ലോ പേസിലാണ് നീങ്ങുന്നത്. തിരക്കഥയിലും സംവിധാനത്തിലും കയ്യടക്കം നഷ്ടപ്പെട്ട് ലാഗാകുന്നത് ഈ ഭാഗങ്ങളാണ്. എന്നാല്‍ അതിന് ശേഷം രണ്ടാം പകുതി വളരെ ഫാസ്റ്റ് പേസില്‍ ത്രില്ലിങ്ങ് മോഡില്‍ നീങ്ങും. ചെത്തിമിനുക്കിയെടുത്തത് പോലെ ഗംഭീരമായി നില്‍ക്കുന്നുണ്ട് ഈ ഭാഗങ്ങള്‍. കഥാഗതിയെ കുറിച്ചുള്ള പ്രതീക്ഷയും വര്‍ധിക്കും. എന്നാല്‍, പിന്നീടുള്ള മേക്കിങ്ങും സീനുകളും നല്ലതായിരുന്നെങ്കിലും ക്ലൈമാക്‌സിന്റെ പ്ലോട്ടും ആ ഭാഗത്തെ കഥയും ഒട്ടും മികവോ പുതുമയോ പുലര്‍ത്തിയില്ല. ക്ലീഷേകളുടെ കുത്തൊഴുക്കാണ് അവസാനത്തോടെ സിനിമക്ക് സംഭവിക്കുന്നത്.

മികച്ച കഥയും തിരക്കഥയുമുണ്ടായിരുന്നെങ്കില്‍ ഗംഭീരമായൊരു സിനിമയായി മാറാന്‍ സാധ്യതയുണ്ടായിരുന്ന, അതിനുപറ്റിയ മികച്ച പശ്ചാത്തലവും കഥാപാത്രങ്ങളും മേക്കിങ്ങ് സ്‌റ്റൈലുമുള്ള ചിത്രമാണ് ഇലവീഴാപൂഞ്ചിറ.

Content Highlight: Elaveezha Poonjira Review

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.