| Monday, 3rd April 2023, 6:28 pm

എലത്തൂര്‍ ട്രെയിന്‍ ആക്രമണം; പ്രതിയെന്ന് സംശയിക്കുന്നയാളെ കസ്റ്റഡിയെലെടുത്തതായി സൂചന

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: കോഴിക്കോട് ട്രെയിനില്‍ യാത്രക്കാരെ തീകൊളുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ പ്രതിയെന്ന് സംശയിക്കുന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. ഉത്തര്‍ പ്രദേശ് നോയിഡ സ്വദേശി ഷാരൂഖ് സെയ്ഫിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്ന് മലയാള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പൊലീസ് പുറത്തുവിട്ട രേഖാ ചിത്രത്തിലുള്ള ആള്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടാനായതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

റെയില്‍വെ ട്രാക്കില്‍ നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗ്, അതിനുള്ളില്‍ നിന്ന് ലഭിച്ച മൊബൈല്‍ ഫോണിന്റെ ഐ.എം.ഇ.എ നമ്പര്‍ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ഷാരൂഖ് സൈഫിയിലേക്കെത്തിയത്. ഇയാളെ രഹസ്യകേന്ദ്രത്തില്‍ വെച്ച് ചോദ്യം ചെയ്ത് വരികയാണെന്നും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ പൊലീസ് തയ്യാറായില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇന്നലെ രാത്രിയോടെ കാലിന് പൊള്ളലേറ്റ നിലയില്‍ ഷാരൂഖ് സൈഫി ആശുപത്രിയില്‍ ചികിത്സ തേടിയെന്നാണ് ദൃക്‌സാക്ഷി മൊഴിയുള്ളത്. ഇയാളുടെ ഒ.പി ടിക്കറ്റും പൊലീസിന് ലഭിച്ചിട്ടുള്ളതായാണ് വിവരം. ഷാരൂഖ് സൈഫി തന്നെയാണോ കുറ്റം ചെയ്തതെന്ന വിവരം സ്ഥിരീകരിക്കാന്‍ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല.

അതേസമയം ട്രെയിന്‍ ആക്രമണത്തില്‍ ആദ്യം പുറത്തുവന്ന സി.സി.ടി.വി ദൃശ്യങ്ങളിലുള്ളയാളല്ല പ്രതിയെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സി.സി.ടി.വിയില്‍ ഉണ്ടായിരുന്നത് കാപ്പാട് സ്വദേശിയായ വിദ്യാര്‍ത്ഥിയാണെന്നാണ് പൊലീസ് പറയുന്നത്.

ഇന്നലെ രാത്രി 9.30 ഓടെയാണ് ആലപ്പുഴ- കണ്ണൂര്‍ എക്‌സിക്യൂട്ടീവ് ട്രെയിനില്‍ അക്രമി യാത്രക്കാര്‍ക്ക് നേരെ പെട്രോള്‍ തളിച്ച് തീയിട്ടത്. ട്രെയിന്‍ എലത്തൂരില്‍ നിന്ന് പോയതിന് ശേഷമാണ് സംഭവം. ആക്രമണത്തില്‍ ഒമ്പത് പേര്‍ക്ക് പരിക്കേറ്റിരുന്നു. സംഭവത്തിന് പിന്നാലെ റെയില്‍വെ ട്രാക്കില്‍ നിന്ന് മൂന്ന് പേരുടെ മൃതദേഹവും കണ്ടെത്തിയിരുന്നു.

കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി റഹ്മത്ത്, ഇവരുടെ സഹോദരി പുത്രി രണ്ടരവയസുകാരി സഹ്‌റ, കണ്ണൂര്‍ സ്വദേശി നൗഫിക് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. അക്രമത്തിനിടെ ഭയന്ന് ട്രെയിനില്‍ നിന്ന് പുറത്തേക്ക് ചാടിയാണ് ഇവര്‍ മരിച്ചതെന്നാണ് പൊലീസ് അനുമാനിക്കുന്നത്.

Content Highlight: elathoor train case, police arrest person

We use cookies to give you the best possible experience. Learn more