| Thursday, 5th July 2018, 8:28 am

സുപ്രീം കോടതി വിധിച്ചിട്ടും കെജ്‌രിവാളിന് തിരിച്ചടി: സര്‍വ്വീസസ് സെക്രട്ടറിക്കയച്ച ഫയല്‍ തീര്‍പ്പാക്കാതെ മടങ്ങി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സുപ്രീം കോടതി വിധിക്കു പിന്നാലെ ദ്രുതഗതിയില്‍ ഫയലുകള്‍ നീക്കാനാരംഭിച്ച ആം ആദ്മി സര്‍ക്കാരിന് സര്‍വ്വീസസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ തിരിച്ചടി. തെരഞ്ഞെടുക്കപ്പെട്ട ദല്‍ഹി സര്‍ക്കാരിന് തീരുമാനങ്ങളെടുക്കാന്‍ ലഫ്‌നന്റ് ഗവര്‍ണറുടെ അനുവാദമാവശ്യമില്ലെന്നു കാണിച്ച് സുപ്രീം കോടതി പുറത്തു വിട്ട വിധിയെത്തുടര്‍ന്ന് സര്‍വ്വീസസ് സെക്രട്ടറിക്ക് സര്‍ക്കാര്‍ അയച്ച ഫയലാണ് തീര്‍പ്പാക്കാന്‍ നിര്‍വാഹമില്ലെന്ന കുറിപ്പോടെ തിരികെ വന്നത്.

ഉന്നത ഉദ്യോഗസ്ഥരുടെ നിയമനത്തിനും സ്ഥലം മാറ്റത്തിനും നിലവിലുള്ള നടപടിക്രമത്തില്‍ ഭേദഗതി വരുത്താന്‍ ശുപാര്‍ശ ചെയ്യുന്ന ഫയലാണ് മന്ത്രാലയം ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് തിരിച്ചയച്ചത്. മേയ് 2015ന് പുറത്തിറക്കിയിട്ടുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനമനുസരിച്ച് മുഖ്യമന്ത്രിയുടെ പുതിയ ഭേദഗതി നടപ്പില്‍ വരുത്താനാവില്ലെന്നാണ് സെക്രട്ടറി നല്‍കുന്ന വിശദീകരണം.


Also Read: അധികാരത്തര്‍ക്കം; ദല്‍ഹിയെപ്പോലെയല്ല പുതുച്ചേരിയെന്ന് സുപ്രീംകോടതി


ദല്‍ഹി അഡ്മിനിസ്‌ട്രേറ്റീവ് സബോര്‍ഡിനേറ്റ് സര്‍വ്വീസസിലെ ഗ്രേഡ് ഒന്ന്, രണ്ട്, പ്രിന്‍സിപ്പല്‍ സെക്രട്ടറി, പ്രൈവറ്റ് സെക്രട്ടറി എന്നീ തസ്തികകളിലേക്കുള്ള നിയമനത്തിന്റെയും വകുപ്പുമാറ്റത്തിന്റെയും ചുമതല ഇനിമുതല്‍ സിസോദിയയ്ക്കായിരിക്കുമെന്നായിരുന്നു ഭേദഗതിയുടെ ഉള്ളടക്കം. ദല്‍ഹിയിലെ ഐ.എ.എസ് ഉദ്യോഗസ്ഥരുടെയും ദല്‍ഹി, ആന്‍ഡമാന്‍ നിക്കോബാര്‍ സിവില്‍ സര്‍വ്വീസിലെ ഉദ്യോഗസ്ഥരുടെയും നിയമനം ഇതുവരെ കൈകാര്യം ചെയ്തിരുന്നത് ലഫ്‌നന്റ് ഗവര്‍ണറായിരുന്നു.

എന്നാല്‍, 2015ലെ വിജ്ഞാപനം പ്രകാരം സര്‍വ്വീസസ് ഇപ്പോഴും ഗവര്‍ണറുടെ അധികാരപരിധിയില്‍ വരുന്നതാണെന്നും, രാഷ്ട്രപതിയുടെ പേരില്‍ ഇറക്കിയിട്ടുള്ള ഈ വിജ്ഞാപനം റദ്ദു ചെയ്യുകയോ അസാധുവാക്കുകയോ ചെയ്യുന്നതു വരെ പുതിയ നിര്‍ദ്ദേശം സ്വീകരിക്കാന്‍ സാധിക്കുകയില്ലെന്നുമാണ് സര്‍വ്വീസസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പക്ഷം.

സുപ്രധാനമായ കോടതിവിധിക്കു ശേഷവും സര്‍ക്കാര്‍ നേരിടുന്ന തിരിച്ചടികളെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാന്‍ സിസോദിയയോ ചീഫ് സെക്രട്ടറിയോ തയ്യാറായില്ല.


Also Read: ദല്‍ഹിയിലെ അധികാരത്തര്‍ക്കം; പുനരവലോകന ഹരജിക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍


ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനെ ആം ആദ്മി എം.എല്‍.എമാര്‍ കെജ്‌രിവാളിന്റെ മുന്നില്‍ വച്ച് കയ്യേറ്റം ചെയ്ത സംഭവത്തിനു ശേഷം സര്‍ക്കാരും ഐ.എ.എസ് ഉദ്യോഗസ്ഥരും സ്വരച്ചേര്‍ച്ചയിലല്ല. ഗവര്‍ണറും ഉദ്യോഗസ്ഥരും പ്രവര്‍ത്തിക്കാനനുവദിക്കുന്നില്ലെന്നു പരാതിപ്പെട്ടിരുന്ന കെജ്‌രിവാള്‍ സര്‍ക്കാരിന് അനുകൂലമായി സുപ്രീം കോടതി വിധി വന്നത് കഴിഞ്ഞ ദിവസമാണ്.

ഗവര്‍ണറുടെ അനുവാദം കാത്ത് പരിഗണനയ്ക്കു വെച്ചിരുന്ന റേഷന്‍ പദ്ധതിക്കും സി.സി.ടി.വി. സ്ഥാപിക്കാനുള്ള തീരുമാനത്തിനും ക്യാബിനറ്റ് ഇന്നലെ അംഗീകാരം നല്‍കിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more