മെച്ചപ്പെട്ട തൊഴിൽ സാഹചര്യം വേണം; നീതി ആവശ്യപ്പെട്ട് കോൺസ്റ്റബിൾ സിർസില്ല എസ്.പിയുടെ കാലിൽ വീണു
national news
മെച്ചപ്പെട്ട തൊഴിൽ സാഹചര്യം വേണം; നീതി ആവശ്യപ്പെട്ട് കോൺസ്റ്റബിൾ സിർസില്ല എസ്.പിയുടെ കാലിൽ വീണു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 27th October 2024, 7:52 am

ഹൈദരാബാദ്: ഒരു പോലീസ് ഒരു സംസ്ഥാനം എന്ന നയം ആവശ്യപ്പെട്ട് പോലീസ് കോൺസ്റ്റബിൾമാർ നടത്തിയ സമരത്തിനിടെ നീതി തേടി എസ്.പിയുടെ കാലിൽ വീണ് കോൺസ്റ്റബിളിൾ.

സംസ്ഥാനത്തുടനീളം ഏകീകൃത പൊലീസ് നയം ആവശ്യപ്പെട്ട് തെലങ്കാനയിൽ നടക്കുന്ന ആംഡ് റിസർവിലെയും (എ.ആർ) തെലങ്കാന സ്‌പെഷ്യൽ പോലീസിലെയും (ടി.ജി.എസ്.പി ) കോൺസ്റ്റബിൾമാരുടെ പ്രതിഷേധത്തിനിടെ ബറ്റാലിയനിലെ ഒരു പൊലീസ് കോൺസ്റ്റബിൾ രാജന്ന സിർസില്ലയാണ് എസ്.പി അഖിൽ മഹാജൻ്റെ കാലിൽ വീണത്.

ടി.ജി.എസ്.പി 17-ാം ബറ്റാലിയനിലെ സായുധ റിസർവ് കോൺസ്റ്റബിൾമാർ ശനിയാഴ്ച രാവിലെ സിർസില്ലയിലെ സർദാപൂരിലുള്ള സിർസില്ല കമാൻഡൻ്റ് ഓഫീസിൽ പ്രതിഷേധ പ്രകടനം നടത്തുന്നതിനിടെയാണ് സംഭവം.

മേലുദ്യോഗസ്ഥരുടെ വീടുകളിലെ ജോലികൾ പോലും ചെയ്യാൻ തങ്ങൾ നിർബന്ധിതരാകുന്നുവെന്ന് കോൺസ്റ്റബിൾമാർ പറഞ്ഞു.

പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥിരമായ ചികിത്സയുടെയും തുല്യമായ തൊഴിൽ സാഹചര്യങ്ങളും ആവശ്യപ്പെട്ടാണ് പൊലീസ് കോൺസ്റ്റബിൾമാർ പ്രതിഷേധിക്കുന്നത്.

വാറങ്കലിൽ, നൽഗൊണ്ടയിൽ, ഇബ്രാഹിംപട്ടണം എന്നിവിടങ്ങളിലാണ് പ്രതിഷേധം ശക്തം. അടിയന്തര പരിഷ്‌കാരങ്ങൾ ആവശ്യപ്പെട്ട് നിരവധി പൊലീസ് കോൺസ്റ്റബിൾമാരും അവരുടെ കുടുംബാംഗങ്ങളും സംസ്ഥാന സെക്രട്ടേറിയേറ്റിലേക്ക് മാർച്ച് ചെയ്യാൻ ശ്രമിച്ചു. എന്നാൽ അവരെ പൊലീസ് അടിച്ചമർത്തുകയും ചിലരെ പ്രകടനത്തിനിടെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

 

ഒരു നിശ്ചിത കാലയളവിലെത്തിയാൽ കോൺസ്റ്റബിൾമാർക്ക് സ്ഥാനക്കയറ്റം നൽകുന്ന തമിഴ്‌നാടിന്റെ നയം നടപ്പിലാക്കാനാണ് തെലങ്കാന കോൺസ്റ്റബിൾമാർ ആവശ്യപ്പെടുന്നത്. ഇത് സിവിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് നൽകി വരുന്ന ആനുകൂല്യങ്ങൾ ഇവർക്കും ലഭിക്കുന്നതിന് കാരണമാകും.

പ്രതിഷേധത്തിൽ കോൺസ്റ്റബിൾമാരുടെ കുടുംബാംഗങ്ങളുടെ പ്രത്യേകിച്ച് സ്ത്രീകളിൽ നിന്ന് കാര്യമായ പങ്കാളിത്തം ഉണ്ടായിട്ടുണ്ട്. രംഗറെഡ്ഡി ജില്ലയിലെ ഇബ്രാഹിംപട്ടണത്തിൽ നിരവധി സ്ത്രീകൾ തങ്ങളുടെ ഭർത്താക്കന്മാർക്ക് മെച്ചപ്പെട്ട ചികിത്സ നൽകണമെന്ന് ആവശ്യപ്പെട്ട് ഒത്തുകൂടി.

വാറങ്കൽ ജില്ലയിലെ മാമന്നൂരിലെ നാലാം ബറ്റാലിയനിലെ കോൺസ്റ്റബിൾമാർ ബറ്റാലിയൻ കമാൻഡറുടെ ഓഫീസിന് പുറത്ത് തങ്ങളുടെ പരാതികൾ ഉന്നയിച്ച് കുത്തിയിരിപ്പ് സമരം നടത്തുകയായിരുന്നു.

Content Highlight: elangana: Constable falls on Sircilla SP’s feet demanding justice