തെലങ്കാന: പുല്‍വാമ ആക്രമണത്തിന് ശേഷം പാകിസ്ഥാനിലെ ബാലാക്കോട്ടില്‍ ഇന്ത്യന്‍ വ്യോമസേന (ഐ.എ.എഫ്) നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നേട്ടം കൊയ്തെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി.
സര്‍ജിക്കല്‍ സ്ട്രൈക്കില്‍ തനിക്ക് സംശയമുണ്ടെന്നും രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയുള്ള മോദിയുടെ നീക്കങ്ങളായാണ് ഇതിനെയെല്ലാം കാണാനാവുക എന്നുമായിരുന്നു രേവന്ത് റെഡ്ഡിയുടെ പ്രസ്താവന. മോദി പറയുന്ന ഇത്തരം സംഭവങ്ങള്‍ നടന്നിട്ടുണ്ടോ എന്ന് പോലും ആര്‍ക്കും അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
40-ലധികം സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ട പുല്‍വാമ സംഭവം ഇന്റലിജന്‍സ് ബ്യൂറോയുടെ പരാജയമാണെന്ന് രേവന്ത് പറഞ്ഞു. പുല്‍വാമ ആക്രമണവുമായി ബന്ധപ്പെട്ട് നേരത്തെയും കോണ്‍ഗ്രസ് നേതാക്കള്‍ സമാനമായ പരാമര്‍ശം നടത്തിയിരുന്നു.
നിങ്ങള്‍ എന്താണ് ചെയ്തു കൊണ്ടിരിക്കുന്നത് എന്ന് ചോദ്യമുന്നയിച്ച അദ്ദേഹം, എങ്ങനെയാണ് പുല്‍വാമ സംഭവിച്ചതെന്ന് പറയാന്‍ മോദി തയ്യാറാവണമെന്നും ആവശ്യപ്പെട്ടു.
‘മോദി ലക്ഷ്യം വെക്കുന്നത് തെരഞ്ഞെടുപ്പ് വിജയമാണ്. അതിന് വേണ്ടിയാണ് അദ്ദേഹം നിരന്തരം സംസാരിച്ചു കൊണ്ടിരിക്കുന്നത്. പുല്‍വാമ ആക്രമണം ഇന്റലിജന്‍സ് ബ്യൂറോയുടെ പരാജയമാണ്. അത് മറച്ചു വെക്കാനാണ് മോദി മറ്റു പല കാര്യങ്ങളും പറഞ്ഞു കൊണ്ടിരിക്കുന്നത്. എല്ലാം അവര്‍ ജയ് ശ്രീറാം എന്ന പദത്തില്‍ ഒതുക്കുന്നു,’ രേവന്ത് റെഡ്ഡി പറഞ്ഞു.
കോണ്‍ഗ്രസിന്റെ ലക്ഷ്യം രാജ്യത്തിന്റെ സുരക്ഷയാണെന്നും ആരുടേയും കൈകളില്‍ രാജ്യം വിട്ടുകൊടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlight: Telangana Chief Minister Revanth Reddy has raised doubts over the surgical strikes by Indian Air Force (IAF) in Pakistan’s Balakot