|

സമരം ചെയ്യുന്നത് ഈർക്കിലി സംഘടന: ആശാ വർക്കർമാരുടെ സമരത്തെ വീണ്ടും വിമർശിച്ച് എളമരം കരീം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന് മുന്നില്‍ എസ്.യു.സി.ഐയുടെ നേതൃത്വത്തിൽ ദിവസങ്ങളോളമായി നടന്നുവരുന്ന ആശാ വര്‍ക്കര്‍മാരുടെ സമരത്തെ വീണ്ടും തള്ളി സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം.

ആശാ വർക്കർമാരുടെ സമരം ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കുന്നുവെന്നും സമരം ചെയ്യുന്നത് ഈർക്കിലി സംഘടനയാണെന്നും ട്രേഡ് യൂണിയനുകളുടെ യോഗം വിളിക്കാൻ സർക്കാരിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ആശാ വർക്കർമാരുടെ സമരം ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കുകയാണ് ചെയ്യുന്നത്. സമരം ചെയ്യുന്നത് ഈർക്കിലി സംഘടനയാണ്. സർക്കാർ ഉടൻ തന്നെ ട്രെയ്ഡ് യൂണിയനുകളുടെ യോഗം വിളിക്കുകയാണ് വേണ്ടത്. മാധ്യമ ശ്രദ്ധ കിട്ടിയപ്പോൾ ഇവർ മരം കയറിയതാണ്. തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കുന്നത് ഈ രീതിയിലല്ല.

ആരോഗ്യമേഖലയെ സ്തംഭിപ്പിക്കുന്ന സമരത്തിലേക്ക് ട്രേഡ് യൂണിയനുകള്‍ പോകാറില്ല. എന്നാല്‍ ഇപ്പോള്‍ സമരം ചെയ്യുന്നവര്‍ക്ക് ഇതൊന്നും ഒരു പ്രശ്‌നമല്ല. അവരെന്തോ ചെയ്യുന്നു. കണക്കെടുപ്പും സര്‍വ്വേയുമെല്ലാം മുടങ്ങുകയാണ്. ഇത്തരം ജോലികള്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തുന്നത് ശരിയായ രീതിയല്ല. സമരം പൊളിക്കാനല്ല ജോലിക്ക് കയറണം എന്നു പറയുന്നത്. മറിച്ച് ആരോഗ്യമേഖലയിലെ കരുതല്‍ കൊണ്ടാണ്,’ അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം ആശാ വർക്കർമാരുടെ സമരത്തിന് പിന്നിൽ അരാജക സംഘടനകളെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. ദേശാഭിമാനി പത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെയാണ് എളമരം കരീം തന്റെ വിയോജിപ്പ് വ്യക്തമാക്കിയത്. സമരത്തിന് പിന്നിൽ അരാജക സംഘടനകളെന്ന് ആരോപിച്ച എളമരം കരീം ആശാ വർക്കർമാരെ തെറ്റിദ്ധരിപ്പിച്ച് സമരത്തിന് ഇറക്കിയതാണെന്ന് വിമർശിച്ചു. തത്പരകക്ഷികളുടെ കെണിയിൽപ്പെട്ടവരാണ് സമരം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

‘ചിലർ ആശാ വർക്കർമാരെ വ്യാമോഹിപ്പിച്ചു. പെമ്പിളൈ ഒരുമ സമരത്തിന് സമാനമാണ് ആശാ വർക്കർമാരുടെ സമരം. സംസ്ഥാനത്തെ മുഴുവൻ തൊഴിലാളി സംഘടനകളെയും അധിക്ഷേപിക്കുകയായിരുന്നു പെമ്പിളൈ ഒരുമ സമരം. കേന്ദ്രപദ്ധതികൾ വ്യവസ്ഥകൾക്ക് അനുസരിച്ച് നടപ്പാക്കാനേ സംസ്ഥാനത്തിന് അധികാരമുള്ളൂ. എൻ.എച്ച്.എം ഫണ്ടിലേക്ക് കേന്ദ്രം നൽകേണ്ട 468 കോടി നൽകിയിട്ടില്ല. ആശാ വര്‍ക്കര്‍മാരുടെ വേതന വർധനവിൽ കാര്യമായി ഇടപെടൽ നടത്തിയത് ഇടതു സർക്കാരുകളാണ്,’ അദ്ദേഹം പറഞ്ഞു.

Content Highlight:  Elamaram Karim again criticizes the strike of Asha workers

Video Stories