| Thursday, 21st September 2023, 3:33 pm

ഏത് സ്ത്രീകളെ സംരക്ഷിക്കാന്‍? മണിപ്പൂരിലേയോ, ഉന്നാവോയിലേയോ?; വനിതാ ബില്ലില്‍ എളമരം കരീം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അടുത്ത പത്തോ പതിനഞ്ചോ വര്‍ഷത്തേക്ക് വനിതാ സംവരണ ബില്‍ നടപ്പാകാന്‍ പോകുന്നില്ലെന്നും വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ജയിക്കുക മാത്രമാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യമെന്നും സി.പി.ഐ.എം നേതാവും രാജ്യസഭാ അംഗവുമായ എളമരം കരീം. ബി.ജെ.പി സര്‍ക്കാര്‍ ‘നാരീ രക്ഷാ വന്ദന്‍’ എന്ന് പറയുന്നത് ഏത് സ്ത്രീകളെ ഉദ്ദേശിച്ചാണെന്നും മണിപ്പൂരിലേയും ഉന്നാവോയിലേയും സ്ത്രീകള്‍ക്കും വനിതാ ഗുസ്തി താരങ്ങള്‍ക്കും ഇനിയും നീതി കിട്ടിയിട്ടില്ലെന്നും എളമരം കരീം പറഞ്ഞു.

‘നിലവില്‍ ഭരണം നടത്തുന്ന പാര്‍ട്ടിക്ക് വരാനിരിക്കുന്ന തെഞ്ഞെടുപ്പ് ഓര്‍ത്ത് ഭയമാണ്. അവര്‍ക്ക് കര്‍ണാടകയും ഹിമാചല്‍ പ്രദേശും നഷ്ടപ്പെട്ടു. 15 വര്‍ഷത്തെ ദല്‍ഹി മുന്‍സിപ്പല്‍ ഭരണത്തിന് ശേഷം അതും കൈവിട്ടുപോയി. ആ സാഹചര്യത്തില്‍ നിന്ന് രക്ഷപ്പെടാനാണ് ഇപ്പോള്‍ ബി.ജെ.പി വനിതാ സംവരണ ബില്‍ പൊക്കിക്കൊണ്ട് വന്നത്. ഇത് സ്ത്രീ ശാക്തീകരണത്തിന് വേണ്ടിയല്ല.

2010ല്‍ യു.പി.എ ഗവണ്‍മെന്റ് വനിതാ ബില്‍ പാര്‍ലമെന്റില്‍ കൊണ്ടുവരികയും അത് പാസാക്കുകയും ചെയ്തിരുന്നു. അന്ന് ശ്രീമതി സോണിയ ഗാന്ധിയും എന്റെ പാര്‍ട്ടി ലീഡര്‍ ബൃന്ദ കാരാട്ടും മറ്റ് വനിതാ നേതാക്കളും സ്ത്രീ സംവരണ ബില്ലിനെ പിന്തുണച്ചതും പാസാക്കാന്‍ മുന്നിട്ടിറങ്ങിയതും എനിക്കോര്‍മയുണ്ട്. പതിറ്റാണ്ടുകളായുള്ള ഇന്ത്യയിലെ സ്ത്രീകളുടെ പരിശ്രമമാണ് വനിതാ സംവരണ ബില്‍. നിര്‍ഭാഗ്യവശാല്‍ അത് ലോക്‌സഭയില്‍ പാസായിരുന്നില്ല.

2014ലെ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വനിതാ സംവരണ ബില്‍ കൊണ്ടുവരുമെന്ന് ബി.ജെ.പി വാഗ്ദാനം ചെയ്തിരുന്നു. അഞ്ച് വര്‍ഷത്തിനിടെ യാതൊന്നും സംഭവിച്ചില്ല. 2019ല്‍ അവര്‍ വീണ്ടും വാഗ്ദാനം നല്‍കി. നാല് വര്‍ഷം പിന്നിട്ടിട്ടും ഒന്നും സംഭവിച്ചില്ല.

കഴിഞ്ഞ ഒമ്പത് വര്‍ഷമായി സ്ത്രീകള്‍ക്ക് ലഭിക്കേണ്ടിയിരുന്ന സംവരണം നിഷേധിക്കപ്പെട്ടതിന് നിങ്ങള്‍ ഉത്തരവാദികളാണ്. കേന്ദ്രസര്‍ക്കാര്‍ അതിന്റെ കാരണം വെളിപ്പെടുത്തേണ്ടതുണ്ട്. ഇപ്പോള്‍ നിങ്ങള്‍ അവകാശപ്പെടുന്നു ‘നാരീ ശക്തീ വന്ദന്‍’ എന്ന്. ഏത് സ്ത്രീകളാണ്? മണിപ്പൂരിലെ സ്ത്രീകളോ? ആ പാവപ്പെട്ട സ്ത്രീകള്‍ നഗ്നരായി റോഡിലൂടെ വലിച്ചിഴക്കപ്പെടുകയായിരുന്നു.

കൂട്ടബലാത്സംഗത്തിനിരകളാവുകയും ബി.ജെ.പി ഗവണ്‍മെന്റിന് കീഴില്‍ നീതികിട്ടാതെ വലയുകയുമായിരുന്നു. എന്ത് സ്ത്രീ ശാക്തീകരണമാണ് സാര്‍? വനിതാ ഗുസ്തി താരങ്ങളുടെ കാര്യമെടുത്താല്‍ അവരുടെ കമ്മിറ്റിയിലെ ചെയര്‍മാനില്‍ നിന്ന് ലൈംഗികാതിക്രമം നേരിടുകയുണ്ടായി.

ഉന്നാവോയിലെയും കത്വയിലെയും ഇരകള്‍ പെണ്‍കുട്ടികളും സ്ത്രീകളുമായിരുന്നു. ബി.ജെ.പി സര്‍ക്കാര്‍ എന്തുചെയ്തു? അതുകൊണ്ട് ഇതെന്തായാലും സ്ത്രീ സംവരണമല്ല. ഇത് രാഷ്ട്രീയപരമായ നേട്ടത്തിന് വേണ്ടി മാത്രമുള്ളതാണ്. സ്ത്രീ സംവരണം എപ്പോള്‍ നടപ്പാകുമെന്നും സ്ത്രീകള്‍ക്ക് ഈ അവകാശം എപ്പോള്‍ ലഭിക്കുമെന്നും പറയണം.

അടുത്ത പത്തോ പതിനഞ്ചോ വര്‍ഷത്തേക്ക് ഇതൊന്നും നടപ്പാകാന്‍ പോകുന്നില്ല. തെരഞ്ഞെടുപ്പ് ജയിക്കുക മാത്രമാണ് അവരുടെ ലക്ഷ്യം. എല്ലാ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും വായുവിലേക്ക് പോയി. രാജ്യത്തുള്ള എല്ലാ കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും യുവാക്കള്‍ക്കുമെല്ലാം ഈ ഗവണ്‍മെന്റിനോട് അമര്‍ഷമാണ്,’ എളമരം കരീം പറഞ്ഞു.

Content Highlights: Elamaram Kareem states BJP tricks wirh Women A

We use cookies to give you the best possible experience. Learn more