| Saturday, 16th January 2021, 4:38 pm

കെ.എസ്.ആര്‍.ടി.സി ആസ്ഥാനം വരെ വാടകയ്ക്ക് കൊടുത്തവരാണ് ജീവനക്കാരെ കുറ്റം പറയുന്നത്; ബിജു പ്രഭാകറിന്റെ പ്രസ്താവന അനുചിതമെന്ന് എളമരം കരീം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കതിരെ രംഗത്തെത്തിയ എം.ഡി ബിജു പ്രഭാകറിനെതിരെ പ്രതിഷേധവുമായി തൊഴിലാളി സംഘടനകള്‍. ജീവനക്കാരുടെ നേതൃത്വത്തില്‍ വന്‍ തട്ടിപ്പാണ് നടക്കുന്നതെന്ന ബിജു പ്രഭാകറിന്റെ പ്രസ്താവന അനുചിതമായിപ്പോയെന്ന് സി.ഐ.ടി.യു നേതാവായ എളമരം കരീം പറഞ്ഞു.

‘തൊഴിലാളികള്‍ ജോലി ചെയ്യാതെ ശമ്പളം കൈപ്പറ്റുന്നു എന്ന വാദത്തോട് യോജിപ്പില്ല. തൊഴിലാളികള്‍ ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്നവരാണ്. എന്തെങ്കിലും പിഴവുണ്ടായിട്ടുണ്ടെങ്കില്‍ പരിശോധിച്ച് തിരുത്തണം. ആ ഉത്തരവാദിത്തം നിര്‍വ്വഹിക്കാതെ തൊഴിലാളികളെ അടച്ചാക്ഷേപിക്കുന്നത് ശരിയല്ല. ഈ പ്രസ്താവന പിന്‍വലിക്കണം’, എളമരം കരീം പറഞ്ഞു.

കെ.എസ്.ആര്‍.ടി.സിയുടെ ആസ്ഥാനം വരെ വാടകയ്ക്ക് കൊടുത്തവരാണ് ജീവനക്കാരെ കുറ്റം പറയുന്നതെന്ന് തൊഴിലാളി സംഘടനകള്‍ പറഞ്ഞു. വ്യാപകമായ അഴിമതിയാണ് ഇവിടെ നടക്കുന്നത്. കച്ചവടത്തില്‍ പങ്കുപറ്റുന്നവരെല്ലാം പുറത്ത് പോകണം. തൊഴിലാളികളെ പിരിച്ചുവിടുമെന്ന് പറയുന്നവര്‍ നേരത്തെ പോകുമെന്നും തൊഴിലാളി സംഘടന നേതാക്കള്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഐ.എന്‍.ടി.യു.സി നേതാക്കള്‍ അറിയിച്ചു.

കെ.എസ്.ആര്‍.ടി.സിയില്‍ വ്യാപക ക്രമക്കേടാണ് നടക്കുന്നതെന്ന് ശനിയാഴ്ച രാവിലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ എം.ഡി ബിജു പ്രഭാകര്‍ പറഞ്ഞിരുന്നു. ഈ പ്രസ്താവനയാണ് വിവാദമായത്.

ജീവനക്കാര്‍ പലവിധത്തില്‍ തട്ടിപ്പ് നടത്തി കെ.എസ്.ആര്‍.ടി.സിയെ നഷ്ടത്തിലാക്കുകയാണെന്നും പണം തട്ടിക്കുകയാണെന്നും ആരോപിച്ച ബിജു പ്രഭാകര്‍ ജീവനക്കാര്‍ മറ്റു ജോലികളില്‍ ഏര്‍പ്പെടുകയാണെന്നും ആരോപിച്ചു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ജീവനക്കാര്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത്.

2012-2015 കാലയളവില്‍ കെ.എസ്.ആര്‍.ടിയില്‍നിന്ന് 100 കോടിയോളം രൂപ കാണാതായി. ഇതുമായി ബന്ധപ്പെട്ട് അന്ന് അക്കൗണ്ട്‌സ് മാനേജരായിരുന്ന ശ്രീകുമാറിനെതിരെ നടപടി സ്വീകരിക്കും. പോക്‌സോ കേസില്‍ റിമാന്‍ഡ് ചെയ്യപ്പെട്ട ജീവനക്കാരനെ തിരിച്ചെടുത്ത വിജിലന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി.എം ഷറഫിനെതിരെയും നടപടി സ്വീകരിക്കുമെന്നും എം.ഡി. പറഞ്ഞു.

കെ.എസ്.ആര്‍.ടി.സിയെ വെട്ടിമുറിക്കാനല്ല ശ്രമം. ജീവനക്കാരില്‍ ആരെയും പിരിച്ചുവിടില്ല. എന്നാല്‍ ആളുകളെ കുറയ്ക്കേണ്ടി വരും. 22000 പേരായി ആദ്യഘട്ടം ജീവനക്കാരെ കുറയ്ക്കും. പിന്നീട് 15000 ആയും 10000 ആയും ജീവനക്കാരെ കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ സി.എ.ന്‍ജിയെ എതിര്‍ക്കുന്നത് ഡീസല്‍ വെട്ടിപ്പ് തുടരാന്‍ വേണ്ടിയാണ്. ജീവനക്കാരെ മുഴുവനായും അങ്ങനെ കാണുന്നില്ലെന്നും എന്നാല്‍ പത്ത് ശതമാനം പേരെങ്കിലും ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഡീസലില്‍ മാത്രമല്ല വെട്ടിപ്പ് നടക്കുന്നത്. ടിക്കറ്റ് മെഷീനിലും തട്ടിപ്പ് നടക്കുന്നുണ്ട്. ജീവനക്കാരില്‍ 7090 പേര്‍ പഴയ ടിക്കറ്റ് നല്‍കി വെട്ടിപ്പ് നടത്തുന്നു. ദീര്‍ഘദൂര ബസ്സ് സര്‍വീസുകാരെ സഹായിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. കെ.എസ്.ആര്‍.ടി.സിയുടെ വര്‍ക് ഷോപ്പുകളില്‍ സാമഗ്രികള്‍ വാങ്ങുന്നതിലും ക്രമക്കേട് നടക്കുന്നുണ്ട്. വെട്ടിപ്പ് നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കും. അടുത്ത മൂന്ന് മുതല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ സമഗ്രമായ മാറ്റം വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Elamaram Kareem Slams Biju Prabhakar

Latest Stories

We use cookies to give you the best possible experience. Learn more