| Friday, 10th July 2020, 12:40 pm

'ഇത് ഹിന്ദുത്വ സര്‍ക്കാരിന്റെ ഭരണഘടനാ വിരുദ്ധ നടപടി'; സി.ബി.എസ്.ഇ സിലബസ് വെട്ടിക്കുറച്ച തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് എളമരം കരിമിന്റെ കത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ സി.ബി.എസ്.ഇ സിലബസില്‍ നിന്ന് പാഠ ഭാഗങ്ങള്‍ വെട്ടിക്കുറച്ച നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് എളമരം കരീമിന്റെ കത്ത്. കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി രമേശ് പൊക്രിയാലിനാണ് കത്തയച്ചത്.

ഒരു യുക്തിസഹമായ ജനാധിപത്യ മതനിരപേക്ഷ സമൂഹത്തെ കെട്ടിപ്പടുക്കുന്നതില്‍ വലിയ പ്രാധാന്യം വഹിക്കാന്‍ സഹായിക്കുന്ന പാഠങ്ങളും വെട്ടിക്കുറച്ചതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നത് ഞെട്ടലുണ്ടാക്കുന്നുവെന്നും കരീം കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

‘പാഠങ്ങള്‍ വെട്ടിക്കുറക്കുന്നതുമായി ബന്ധപ്പെട്ട് അങ്ങ് നല്‍കിയ വിശദീകരണം ഞാന്‍ കണ്ടിരുന്നു. കുട്ടികള്‍ക്ക് പഠിക്കാനുള്ളതില്‍ പ്രധാനപ്പെട്ട ഭാഗങ്ങളെ മാറ്റി നിര്‍ത്തി 30 ശതമാനം വരെ വെട്ടിക്കുറക്കുന്നുവെന്നാണ് പറഞ്ഞത്. അതായത് മേല്‍ പറഞ്ഞ വിഷയങ്ങള്‍ ഒരു തരത്തിലും പ്രധാനപ്പെട്ടതല്ലെന്നാണ് അര്‍ത്ഥമാക്കുന്നത്,’ എളമരം കരീം പറഞ്ഞു.

ഇതിനെതിരെ വിദ്യാര്‍ത്ഥി- അധ്യാപകരുടെയും സംഘടനകളുടെ ഭാഗത്ത് നിന്ന് വിമര്‍ശനങ്ങളുയരുന്നുണ്ട്.

പാഠഭാഗങ്ങള്‍ വെട്ടിക്കുറയ്ക്കാനുള്ള പദ്ധതി കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള വിധ്വംസക നടപടിയാണെന്നും ഇത് ജനാധിപത്യത്തിനെതിരെയുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറയുന്നു.

ഭരണഘടനാ വിരുദ്ധമായ ഹിന്ദുത്വ ഭരണവ്യവസ്ഥയെ സഹായിക്കുന്നതാണ് ഈ നടപടിയെന്നും കത്തില്‍ പറയുന്നു.

ജനാധിപത്യത്തെയും ദേശീയതയെയും മതനിരപേക്ഷതയെയും കുറിച്ച് പഠിക്കാതെ വളര്‍ന്നു വരുന്ന ഒരു ജനത എങ്ങനെയാണ് നാളെ ഒരു നാടിനെ നയിക്കുകയെന്നും കരീം കത്തില്‍ ചോദിച്ചു.

പ്ലസ് വണ്‍ സിലബസില്‍ നിന്നും ദേശീയത, പൗരത്വം, മതേതരത്വം, ഫെഡറലിസം തുടങ്ങിയ ഭാഗങ്ങള്‍ ഒഴിവാക്കിയിരുന്നു. ഇതിന് പുറമെ ഒമ്പതു മുതല്‍ പ്ലസ്ടു വരെയുള്ള സിലബസുകളില്‍ നിന്നും ജി.എസ.ടി നോട്ട് നിരോധനം ജനാധിപത്യ അവകാശങ്ങള്‍ തുടങ്ങിയ പ്രധാന ഭാഗങ്ങള്‍ കൂടി ഒഴിവാക്കി ഉത്തരവിട്ടിരുന്നു.

പ്ലസ് ടു പൊളിറ്റിക്കല്‍ സയന്‍സ് സിലബസില്‍നിന്ന് ആസൂത്രണ കമ്മീഷനും പഞ്ചവത്സര പദ്ധതിയും, പാകിസ്താന്‍, ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക, മ്യാന്‍മര്‍ എന്നീ അയല്‍ രാജ്യങ്ങളുമായി ഇന്ത്യയുടെ ബന്ധം, പ്രാദേശിക ഘടകങ്ങള്‍ എന്നിവയാണ് നീക്കം ചെയ്തിരിക്കുന്നത്.

പൊളിറ്റിക്കല്‍ സയന്‍സ് പേപ്പറില്‍ നിന്ന് ഇന്ത്യയിലെ സാമൂഹികവും പുതിയതുമായ സാമൂഹിക പ്രസ്ഥാനങ്ങളെക്കുറിച്ചുള്ള അധ്യായം പൂര്‍ണമായും ഒഴിവാക്കി.

ബിസിനസ് സ്റ്റഡീസില്‍നിന്ന് നോട്ട് നിരോധനവും നീക്കിയിട്ടുണ്ട്. കൊളോണിയലിസം അടക്കമുള്ള ഭാഗങ്ങള്‍ ഹിസ്റ്ററി വിഭാഗത്തില്‍നിന്നും മാറ്റി.

പ്ലസ് വണ്‍ സിലബസില്‍നിന്നും ജി.എസ്.ടിയെ സംബന്ധിച്ച ഭാഗം പൂര്‍ണമായും ഒഴിവാക്കി. ഫെഡറലിസം, പൗരത്വം, ദേശീയത, മതേതരത്വം എന്നിവയെക്കുറിച്ചുള്ള ഭാഗങ്ങളും വെട്ടിമാറ്റിയാണ് പുതിയ നീക്കം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more