| Tuesday, 26th April 2022, 9:15 pm

മാധ്യമങ്ങള്‍ യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയും ഘടകകക്ഷികളായി മാറുന്നു: എളമരം കരീം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയും ഘടകകക്ഷികളായി കേരളത്തിലെ ഒരു വിഭാഗം മാധ്യമങ്ങള്‍ മാറുകയാണെന്ന് സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം എം.പി. കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഡിജിറ്റല്‍ ഫ്ളാറ്റ് ഫോം ഒരുക്കി യുവജനങ്ങള്‍ക്ക് തൊഴിലവസരമൊരുക്കുകയാണെന്നും എളമരം കരീം പറഞ്ഞു.

കെ റെയില്‍ അര്‍ധ അതിവേഗപാതയൊരുക്കി ഗതാഗതക്കുരുക്കിന് പരിഹാരം തേടുകയാണ്. അപകടരഹിതമായ പ്രകൃതി പാചകവാതകം പൈപ്പ് വഴി വീടുകളില്‍ എത്തിക്കുകയാണ്. ഇത്തരത്തില്‍ മനുഷ്യജീവിതത്തെ അഭിവൃദ്ധിപ്പെടുത്താനുള്ള ബദല്‍ പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നത്. കെ റെയിലിന്റെ പേരില്‍ നടക്കുന്ന ഒറ്റപ്പെട്ട പ്രതിഷേധങ്ങള്‍ ബഹുജനപിന്തണുയില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം കണ്ണൂരില്‍ പുറത്തുനിന്നുള്ള ആളുകളെയാണ് സമരത്തിനിറക്കിയത്. ചാനല്‍ പിന്തുണയോടെ നടത്തുന്ന ഇത്തരം സമരങ്ങള്‍ക്ക് ആയുസുണ്ടാവില്ല. വികസനത്തിന്റെ കാര്യത്തിലും ആരോഗ്യം, തൊഴില്‍, വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള മേഖലകളിലും കേരള സര്‍ക്കാര്‍ നടപ്പാക്കുന്ന ബദല്‍ നയങ്ങള്‍ മാതൃകാപരവും രാജ്യത്താകമാനം ചര്‍ച്ച ചെയ്യപ്പെടുകയാണ്.

അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിലെ വോട്ട് ലക്ഷ്യമിട്ട് ബി.ജെ.പിയും സംഘപരിവാര്‍ ശക്തികളും രാജ്യത്തെമ്പാടും അക്രമങ്ങളും വര്‍ഗീയ ചേരിതിരിവും ബോധപൂര്‍വം സൃഷ്ടിക്കുകയാണ്. ഭരണകൂട ഭീകരതയുടെ പ്രതീകമായി ജെസിബി മാറുകയാണ്. വര്‍ഗീയതക്കെതിരെ വര്‍ഗ ഐക്യം വളര്‍ത്തിയെടുക്കാനാവണം. ഇന്ത്യന്‍ സമ്പദ്ഘടന പൂര്‍ണമായും കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതി കൊടുത്തിരിക്കുന്നു. പാര്‍ലമെന്റിനെ നോക്കുകുത്തിയാക്കി ചര്‍ച്ചകള്‍ പോലും നടത്താതെയാണ് ബില്ലുകള്‍ പാസാക്കി എടുക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബാങ്ക് സ്വകാര്യവല്‍ക്കരണ ബില്‍ കഴിഞ്ഞ പാര്‍ലമെന്റ് സെഷനില്‍ ലിസ്റ്റ് ചെയ്തിരുന്നുവെങ്കിലും ബാങ്ക് ജീവനക്കാരുടെ സമരശക്തി കണ്ട് തല്‍ക്കാലം മാറ്റിവെച്ചിരിക്കുകയാണ്. സ്ഥിരം തൊഴില്‍ എന്നത് ഇല്ലാതാകുകയാണ്. നിശ്ചിതകാല ജോലി എന്നത് നടപ്പിലാക്കപ്പെടുന്നു. ഓണ്‍ലൈന്‍ ഇടപാടുകള്‍ വര്‍ദ്ധിക്കുന്നതോടൊപ്പം ഫിന്‍ടെക് കമ്പനികള്‍ വ്യാപിക്കുന്നതോടെ ബാങ്കിംഗ് മേഖലയിലെ തൊഴിലസരങ്ങളും കൂടുതലായി ഇല്ലാതാകും. കൂട്ടായ പ്രക്ഷോഭങ്ങളിലൂടെ രാജ്യത്തെ കര്‍ഷകര്‍ നേടിയ വിജയം മാതൃകയാക്കി യോജിച്ച പോരാട്ടത്തിന് ബാങ്കിംഗ് മേഖലയിലെയും ഇതര മേഖലകളിലെയും തൊഴിലാളികള്‍ മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു.

CONTENT HIGHLIGHTS:  Elamaram Kareem says The media is becoming a constituent party of the UDF and the BJP

We use cookies to give you the best possible experience. Learn more