തിരുവനന്തപുരം: കടം വാങ്ങി വികസന പദ്ധതി നടപ്പാക്കുന്നതില്‍ ഒരു തെറ്റുമില്ലെന്ന് രാജ്യസഭാ എം.പി എളമരം കരീം. കടം വാങ്ങി പുട്ടും കടലയും അടിക്കാതിരുന്നാല്‍ മതിയെന്നും എളമരം കരിം പറഞ്ഞു.
കെ റെയിലിനെതിരെ സമരം നടത്തുന്നത് യു.ഡി.എഫും ബി.ജെ.പിയും ഒറ്റകെട്ടായാണ്. കെ റെയിലിനെതിരെയുള്ള സമരത്തില്‍ രണ്ടു മൂന്നു മാധ്യമങ്ങളും യു.ഡി.എഫിനും ബി.ജെ.പിക്കും ഒപ്പമുണ്ട്. ഇല്ലെങ്കില്‍ സമരം മുന്നോട്ട് കൊണ്ടുപോവാനാവില്ലായിരുന്നു. ഒരാളെ മുപ്പതാളായി കാണിക്കുന്ന ടെക്നിക് മാധ്യമങ്ങളുടെ കയ്യിലുണ്ട് എന്നും എളമരം കരീം പറഞ്ഞു.
വികസന പ്രവര്‍ത്തനങ്ങള്‍ പരിസ്ഥിതി സന്തുലനത്തോടെ നടപ്പിലാക്കുന്ന ആധുനിക രീതി ലോകമെമ്പാടും സ്വീകരിക്കുമ്പോള്‍ കേരളത്തിന്റെ പരിസ്ഥിതിയെ തകര്‍ക്കുന്ന വികസന പ്രക്രിയയുമായി സി.പി.ഐ.എം കാലത്തിനു പിന്നേ നടക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നേരത്തെ പറഞ്ഞിരുന്നു.
കേരളത്തിന്റെ പരിസ്ഥിതിയെ തകര്‍ക്കുന്ന കെ റെയില്‍ പദ്ധതിയെ ജനഹിതത്തോടൊപ്പം നിന്ന് എതിര്‍ക്കുന്ന കോണ്‍ഗ്രസാണ് ശരിയെന്ന് കാലം തെളിയിക്കും.
തെറ്റായ വിവരങ്ങളും സ്ഥിതിവിവരക്കണക്കുകളും നല്‍കിയ ഒരു അബദ്ധ പഞ്ചാംഗമാണ് കെറയിലിന്റെ ഡി.പി.ആര്‍. ചെരുപ്പിനൊത്തു കാലു മുറിക്കുന്നതു പോലെ ജയ്ക്കയുടെ ലോണിന്റെ നിബന്ധനയ്ക്കനുസരിച്ച് ബ്രോഡ്‌ഗേജ് സ്റ്റാന്‍ഡേര്‍ഡ് ഗേജ് ആക്കിയിരിക്കുന്നു. തങ്ങള്‍ക്ക് താല്‍പര്യമില്ലാതെയാണ് ഡി.പി. ആറില്‍ സ്റ്റാന്‍ഡേര്‍ഡ് ഗേജ് എന്നെഴുതിയത് എന്ന് ഡി.പി.ആര്‍ തയ്യാറാക്കിയ ഫ്രഞ്ച് ഏജന്‍സി സിസ്ട്ര തന്നെ ആമുഖത്തില്‍ പറഞ്ഞത് രസാവഹമായ കാര്യമാണ്. കെ റെയിലല്ല കമ്മീഷനാണ് മുഖ്യമെന്ന് ഇതിലൂടെ മനസ്സിലാക്കാമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, ഒരു കൂട്ടര്‍ക്ക് എതിര്‍പ്പുള്ളത് കൊണ്ട് മാത്രം കെ റെയില്‍ പദ്ധതി നടപ്പാക്കാതിരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രണ്ടിരട്ടിയാണ് നഷ്ടപരിഹാരം നല്‍കുന്നത്. അതിന് മുകളില്‍ നല്‍കാനും സര്‍ക്കാര്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
Content Highlights: Elamaram Kareem says about K Rail